ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ കല്ലേറ്; പത്ത് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍

Posted on: December 3, 2013 12:14 am | Last updated: December 3, 2013 at 12:14 am

കൊച്ചി: ഇടപ്പള്ളിക്കു സമീപം ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ പത്ത് വയസ്സുകാരന് ഗുരുതര പരുക്ക്. എറണാകുളം- മഡ്ഗാവ് സൂപ്പര്‍ ഫാസ്റ്റില്‍ കണ്ണൂരിലേക്ക് പോകുകയായിരുന്ന കേരള അഡ്വര്‍ട്ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ (കെ3എ) കണ്ണൂര്‍ ജില്ലാ ട്രഷറര്‍ മുസ്തഫ റാസിയുടെ മകന്‍ അദ്‌നാന്‍ റാസിക്കാണ് പരുക്കേറ്റത്. തലയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടിയെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ആലപ്പുഴയില്‍ കെ3എ കുടുംബസംഗമത്തില്‍ പങ്കെടുത്തശേഷം ഭാര്യക്കും മക്കള്‍ക്കുമൊപ്പം എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു മുസ്തഫ റാസി. വടുതലക്കും ഇടപ്പള്ളിക്കുമിടയിലുള്ള ഭാഗത്ത് എത്തിയപ്പോള്‍ ഇടതുവശത്ത് ജനലിനോടു ചേര്‍ന്ന സീറ്റില്‍ ഇരിക്കുകയായിരുന്ന അദ്‌നാന്റെ തലയില്‍ കല്ല് പതിക്കുകയും ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു. തല പൊട്ടി രക്തം ഒഴുകാന്‍ തുടങ്ങിയതോടെ പിതാവ് ട്രെയിന്‍ നിര്‍ത്താന്‍ അപായ ചങ്ങല വലിച്ചെങ്കിലും സൂപ്പര്‍ എക്‌സ്പ്രസ് ട്രെയിന്‍ ആയതിനാല്‍ തൊട്ടടുത്ത ഇടപ്പള്ളിയിലോ കളമശ്ശേരിയിലോ ട്രെയിന്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് ട്രെയിനില്‍ ഉണ്ടായിരുന്ന ടി ടി ഇയെ വിവരമറിയിച്ചതനുസരിച്ച് ആലുവയിലാണ് ട്രെയിന്‍ നിര്‍ത്തിയത്. ആലുവയില്‍ എത്തിയ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.