ഡ്യൂട്ടി പുനഃക്രമീകരണം: ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്

Posted on: December 1, 2013 11:28 pm | Last updated: December 1, 2013 at 11:28 pm

STETHESCOPE DOCTORതിരുവനന്തപുരം: രാത്രി ഡ്യൂട്ടി സമയം പരിഷ്‌കരിച്ച് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ) പണിമുടക്കിലേക്ക്. ആദ്യ ഘട്ടമെന്ന നിലയില്‍ ഈ മാസം ആറിന് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ട് മുതല്‍ ഒമ്പത് വരെ ഒരു മണിക്കൂര്‍ ഒ പി ബഹിഷ്‌കരിക്കും. അതേ ദിവസം ഡി എം ഒ വിളിച്ചിരിക്കുന്ന കോണ്‍ഫറന്‍സില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന കെ ജി എം ഒ എ സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
സര്‍ക്കുലറുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെങ്കില്‍ കൂടുതല്‍ സമര പരിപാടികള്‍ നടത്തുന്നതിനെക്കുറിച്ച് പിന്നീട് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. ഒ എസ് ശ്യാംസുന്ദര്‍ അറിയിച്ചു. രാത്രി ഡ്യൂട്ടി പുനഃക്രമീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഡോക്ടര്‍മാര്‍ ഒരുദിവസം പതിനേഴ് മണിക്കൂര്‍ ഡ്യൂട്ടി ചെയ്യേണ്ട സ്ഥിതിയാണ്. ഒ പിയില്‍ ആളില്ലാത്ത സ്ഥിതിയുണ്ടായാല്‍ രാത്രി ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍ അടുത്ത ദിവസം ഒ പിയില്‍ ഡ്യൂട്ടി നോക്കണം.
ഡോക്ടര്‍മാര്‍ക്ക് അവധിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ആശുപത്രി സൂപ്രണ്ടില്‍ നിക്ഷിപ്തമായിരിക്കും. ഇത്തരത്തില്‍ ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ലെന്നും അതിനാല്‍ അടിയന്തരമായി സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നുമാണ് കെ ജി എം ഒയുടെ ആവശ്യം.
കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്യാംസുന്ദര്‍, ജനറല്‍ സെക്രട്ടറി ഡോ. ഇ പി മോഹനന്‍, ജില്ലാ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു.