Connect with us

National

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; തേജ്പാല്‍ അറസ്റ്റില്‍

Published

|

Last Updated

പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ തെഹല്‍ക മാസിക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ തേജ്പാലിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. തരുണ്‍ തേജ്പാല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗോവ ജില്ലാ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. മണിക്കൂറുകള്‍ നീണ്ട വാദത്തിനു ശേഷം രാത്രി എട്ട് മണിയോടെയാണ് ജാമ്യാപേക്ഷ തള്ളിയത്.
ചോദ്യം ചെയ്യലിന് വിധേയനാകാന്‍ പനാജിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയ തേജ്പാലിനെ രാത്രി ഒമ്പതരയോടെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യുമ്പോള്‍ ദിവസത്തില്‍ ഒരു തവണ അഭിഭാഷകന് തേജ്പാലിനെ സന്ദര്‍ശിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കുന്നതിനായി പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാമെന്ന് കോടതിയെ തേജ്പാല്‍ അറിയിച്ചിരുന്നു.
ഇന്നലെ രാവിലെ ജാമ്യാപേക്ഷയില്‍ ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ജഡ്ജി അഞ്ജു പ്രഭു ദേശായ്, വിധി പറയുന്നതിനായി കേസ് വൈകീട്ടേക്ക് മാറ്റുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യം നിലവിലില്ലെന്നും അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടില്ലെന്നും തേജ്പാലിന്റെ അഭിഭാഷക കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന നിലപാടില്‍ പ്രോസിക്യൂഷന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസെന്നും പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. പതിനാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുതരണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. ലൈംഗിക പീഡനം നടന്നതിന് ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ സരേഷ് ലോട്‌ലികര്‍ വാദിച്ചത്.
ചോദ്യം ചെയ്യലിന് വിധേയനാകാന്‍ വേണ്ടി വെള്ളിയാഴ്ച വൈകീട്ടാണ് തരുണ്‍ തേജ്പാല്‍ ഗോവയിലെത്തിയത്. അറസ്റ്റ് ചെയ്യുന്നതിനായി ഗോവ, ഡല്‍ഹി പോലീസ് സംഘം ദക്ഷിണ ഡല്‍ഹിയിലെ തേജ്പാലിന്റെ വസതിയില്‍ എത്തിയ സാഹചര്യത്തിലാണ് ഗോവ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ തേജ്പാലിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ മാസം ആദ്യം ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് തേജ്പാല്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
അതിനിടെ, പരാതിക്കാരിയുടെ പേര് ബി ജെ പി വക്താവ് മീനാക്ഷി ലേഖി പുറത്തുവിട്ടത് വിവാദമായി. ലേഖിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആരോപണം നിഷേധിച്ച ലേഖി, നിയമം അറിയാവുന്ന ഒരാള്‍ ഇത്തരത്തില്‍ പേര് വെളിപ്പെടുത്തില്ലെന്ന് പറഞ്ഞു.

Latest