Connect with us

Gulf

ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് ഡിസംബര്‍ 6ന് റാസല്‍ഖൈമയില്‍

Published

|

Last Updated

ദുബൈ: മാപ്പിള പൈതൃക കലകളുടെയും സര്‍ഗാത്മക സാഹിത്യ വൈഭവങ്ങളുടെയും ആസ്വാദനത്തിന് അരങ്ങൊരുക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ യു എ ഇ നാഷണല്‍ സാഹിത്യോത്സവ് ഡിസംബര്‍ ആറിന് റാസല്‍ഖൈമ സ്‌കോളേഴ്‌സ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അബൂദാബി, ദുബൈ, അല്‍ ഐന്‍, ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ഫുജൈറ, ദൈദ്, എന്നീ 8 സോണുകളില്‍ നിന്ന് 479 കലാ, സാഹിത്യ പ്രതിഭകള്‍ 37 ഇനങ്ങളില്‍ മാറ്റുരക്കും. യൂണിറ്റ്, സെക്ടര്‍, സോണ്‍ തല മത്സരങ്ങള്‍ക്കു ശേഷമാണ് അഞ്ചാമത് നാഷണല്‍ സാഹിത്യോത്സവിന് അരങ്ങുണരുന്നത്. യു എ ഇ യുടെ 42-ാം ദേശിയ ദിന പരിപാടിയും ഉണ്ടായിരിക്കും. ദഫ് മുട്ട്, മാപ്പിളപ്പാട്ട്, മാലപ്പാട്ട്, അറബി ഗാനം, കഥാരചന, കവിതാ രചന, സ്‌പോട് മാഗസിന്‍, വാര്‍ത്തയെഴുത്ത്, പ്രോജകട് നിര്‍മാണം, ഡിജിറ്റല്‍ ഡിസൈനിംഗ്, ജലഛായം, ഗണിതകേളി, ബുര്‍ദ പാരായണം, വിഷ്വല്‍ ഡോക്യുമെന്ററി, പവര്‍ പോയിന്റ് പ്രസന്റേഷന്‍, ക്വിസ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍. ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍ വിഭാഗത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. സാഹിത്യോത്സവ് മാന്വല്‍ അനുസരിച്ചാണ് മത്സര രീതികളും വിധി നിര്‍ണയവും. യു എ ഇയുടെ പൗരാണിക പ്രതീകങ്ങളായ അല്‍ ബിദ്‌യ, അല്‍ ഫഹീദി, അല്‍ ദായ, അല്‍ ഹിസ്ന്‍, അല്‍ ഖോര്‍ എന്നീ നാമകരണം ചെയ്ത അഞ്ചു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ 8.30ന് ആരംഭിക്കുന്ന മത്സര പരിപാടികള്‍ വൈകുന്നേരം 7 വരെ നീണ്ട് നില്‍ക്കും.

എമിറേറ്റ്‌സ് റൈറ്റേഴ്‌സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഇബ്രാഹിം അല്‍ ഹാശ്മി സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. സമാപന സംഗമത്തില്‍ എസ്.വൈ.എസ്. സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിഥികളായി പങ്കെടുക്കും. യു എ ഇ യിലെ സാഹിത്യ-സാംസ്‌കാരിക-സംഘടനാ-വാണിജ്യ പ്രമുഖര്‍ സംബന്ധിക്കും. മദ്‌റസാ പൊതുപരീക്ഷയില്‍ യു എ ഇയില്‍ എറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സാജിദ ഉമര്‍ ഹാജി സ്മാരക പുരസ്‌കാരം ചടങ്ങില്‍ വിതരണം ചെയ്യും.

മാപ്പിള പൈതൃകങ്ങളും കലകളും പുനരാവിഷ്‌കരിക്കുന്നതിനൊപ്പം വിദ്യാര്‍ഥി യുവജനങ്ങളിലെ സര്‍ഗാത്മക വൈഭവങ്ങള്‍ക്ക് പ്രകാശിതമാകാന്‍ അരങ്ങുകളൊരുക്കിയാണ് ഗള്‍ഫില്‍ എല്ലാ വര്‍ഷവും ആര്‍ എസ് സി സാഹത്യോത്സവുകള്‍ സംഘടിപ്പിക്കുന്നത്. കലാ സാഹിത്യ മികവുകള്‍ക്കൊപ്പം ചിന്തകളും ഭാഷകളും സാഹിത്യോത്സവുകള്‍ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സാഹിത്യോത്സവ് പ്രതിഭകള്‍ക്ക് തുടര്‍ന്നും പരിശീലനം നല്‍കുന്നതിനും വേദികള്‍ സൃഷ്ടിക്കുന്നതിനും സംഘടന ശ്രദ്ധിച്ചു വരുന്നുണ്ട്. ഇരുപത് വര്‍ഷമായി കേരളത്തില്‍ എസ് എസ് എഫ് നടത്തി വരുന്ന സാഹിത്യോത്സവുകളുടെ ഗള്‍ഫ് പതിപ്പുകൂടിയാണിത്. സാഹിത്യോത്സവിനോടനുബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് ആരോഗ്യ പരിശോധന സൗകര്യം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അബ്ദുല്‍ അസീസ് സഖാഫി മമ്പാട് (ജന. കണ്‍വീനര്‍, സ്വാഗത സംഘം സ്റ്റിയറിംഗ് കമ്മിറ്റി), അശ്‌റഫ് പാലക്കോട് (കണ്‍ട്രോള്‍ ബോര്‍ഡ് അംഗം), സമീര്‍ അവേലം (ജന. കണ്‍വീനര്‍, സംഘാടകസമിതി), സക്കരിയ്യ ഇര്‍ഫാനി (ആക്ടിംഗ് ചെയര്‍മാന്‍, ആര്‍.എസ്.സി.), പി സി കെ അബ്ദുല്‍ ജബ്ബാര്‍ (ജന. കണ്‍വീനര്‍, ആര്‍.എസ്.സി.), ശമീം തിരൂര്‍ (പ്രോഗ്രാം കണ്‍വീനര്‍), സലീം ആര്‍ ഇ സി.

Latest