Connect with us

Malappuram

തിരൂരില്‍ സ്‌കൂളുകളുടെ ഗുണ നിലവാരമുയര്‍ത്താന്‍ രണ്ടര കോടി

Published

|

Last Updated

തിരൂര്‍: മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളുടെയും ഗുണനിലവാരമുയര്‍ത്താന്‍ പദ്ധതി തയ്യാറാക്കിയതായി സി മമ്മൂട്ടി എം എല്‍ എ അറിയിച്ചു.
തിരൂര്‍ മണ്ഡലത്തില്‍ എം എല്‍ എ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 99 സ്‌കൂളുകളാണ് മണ്ഡലത്തിലുള്ളത്. സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലുള്‍പ്പെടുത്തിയാണ് 2.30 കോടി അനുവദിച്ചിട്ടുള്ളത്. എല്‍ പി സ്‌കൂളുകള്‍ക്ക് ലാംേഗ്വജ് ലാബ്, യു പി സ്‌കൂളുകള്‍ക്ക് എല്‍ സി ഡി പ്രൊജക്ടര്‍ എന്നിവ പദ്ധതിയിലുള്‍പ്പെടുത്തി അനുവദിക്കും.
ഹൈസ്‌കൂള്‍ – ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഡിജിറ്റല്‍ ലൈബ്രറി, എല്‍ സി ഡി പ്രൊജക്ടര്‍, ലാംഗ്വേജ് ലാബ് എന്നിവയും അനുവദിക്കും. എം എല്‍ എ ഫണ്ടില്‍ അനുവദിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും എം എല്‍ എ നിര്‍ദേശിച്ചു.
വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലുള്‍പ്പെടുത്തി അനുവദിച്ച റോഡുകളുടെ പ്രവൃത്തികള്‍ ജനുവരി 15നകം പൂര്‍ത്തിയാക്കണമെന്നും എം എല്‍ എ പറഞ്ഞു. എ ഡി എം. പി മുരളീധരന്‍, ഫിനാന്‍സ് ഓഫീസര്‍ എം കെ രവി, ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest