മനുഷ്യനോ പ്രതിമയോ?

Posted on: November 30, 2013 6:00 am | Last updated: November 29, 2013 at 11:31 pm

patel statueരാജ്യത്തെ പ്രധാന കവലകളും നിരത്തുകളും പ്രതിമകള്‍ കൈയടക്കി വരികയാണ്. പൊതുസ്ഥലങ്ങളിലും നിരത്തുകളിലും പ്രതിമാ നിര്‍മാണം നിരോധിച്ച സുപ്രീം കോടതി ഉത്തരവ് ലംഘിച്ചുകൊണ്ടാണ് ചെറുതും വലുതുമായ നേതാക്കളുടെ പ്രതിമകള്‍ മത്സരബുദ്ധിയോടെ രാജ്യത്തെമ്പാടും സ്ഥാപിക്കുന്നത്. ഈ ഗണത്തില്‍ ഗുജറാത്തിലെ നര്‍മ്മദാ നദിയിലെ സധു ബേട്ട് ദ്വീപില്‍ സ്ഥാപിക്കുന്ന സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമ ഉയരത്തിലും നിര്‍മാണച്ചെലവിലും പ്രത്യേകം ശ്രദ്ധ പിടിച്ചു പറ്റുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ പ്രതിമയെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അവകാശപ്പെടുന്ന പട്ടേല്‍ പ്രതിമക്ക് ഉദ്ദേശിക്കുന്ന ഉയരം 182 മീറ്ററാണ് (600 അടി). ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ലുഷാനില്‍ ഉയര്‍ന്നു നില്‍ക്കുന്ന 153 മീറ്റര്‍ (502 അടി) പൊക്കമുള്ള വൈരോചന ബുദ്ധയാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ. ഒക്‌ടോബര്‍ 31ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ശിലയിട്ട പട്ടേല്‍ പ്രതിമയുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.
സ്മാരക നിര്‍മാണത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സര്‍ദാര്‍ പട്ടേലിനോട് കാണിച്ച അവഗണനക്ക് പരിഹാരമായാണ് പ്രതിമാ നിര്‍മാണമെന്നാണ് മോഡിയുടെ അവകാശവാദമെങ്കിലും ഏറ്റവും വലിയ പ്രതിമാ നിര്‍മാതാവെന്ന ഖ്യാതിയും വോട്ട് ബേങ്കിന്റെ പരിപോഷണവുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബി ജെ പിക്ക് ചരിത്ര പുരുഷന്‍മാര്‍ ഇല്ലാത്തതുകൊണ്ടാണ് സര്‍ദാര്‍ പട്ടേലിനെ പോലുള്ള നേതാക്കളെ വെച്ച് പ്രചാരണം നടത്തുന്നതെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശത്തിലും സത്യമില്ലാതില്ല. ഗുജറാത്തിലെ ലക്ഷക്കണക്കിനാളുകള്‍ ദാരിദ്ര്യരേഖക്ക് വളരെ താഴെ ദുരിതജീവിതം നയിച്ചുകൊണ്ടിരിക്കെയാണ് പൊതുഖജാനാവില്‍ നിന്ന് ഭീമമായൊരു തുക യാതൊരു പ്രയോജനവുമില്ലാത്ത ഒരു പ്രതിമയുടെ നിര്‍മാണത്തിന് വിനിയോഗിക്കുന്നത്. ഗുജറാത്ത്, വികസന സംസ്ഥനമെന്ന മോഡിയുടെ അവകാശം കോര്‍പ്പറേറ്റുകളെയും ദേശീയ മാധ്യമങ്ങളെയും കൂട്ട് പിടിച്ചു ഊതിപ്പെരുപ്പിച്ച പൊള്ളയായ വാദമാണെന്ന് ഇതിനകം വ്യക്തമായതാണ്.
രഘുറാം രാജന്‍ കമ്മിറ്റി രാജ്യത്തെ 28 സംസ്ഥാനങ്ങളുടെ വികസനം തരംതിരിച്ച് നടത്തിയ പഠനത്തില്‍, വികസിത സംസ്ഥാനമായി ഗുജറാത്തിനെ കണ്ടെത്തിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ദാരിദ്ര്യ നിര്‍മാര്‍ജനം, തൊഴില്‍, കൂലി, ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ ആശങ്കാജനകമാണ് ഗുജറാത്തിന്റെ അവസ്ഥ. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഗ്രാമീണ ദാരിദ്ര്യത്തിലെ കുറവ് തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ മറ്റു പല സംസ്ഥാനങ്ങളുടെയും താഴെയാണ് ഗുജറാത്തില്‍. സംസ്ഥാനത്തെ ഗ്രാമീണ അസമത്വത്തിലെ താഴ്ചയും മന്ദഗതിയിലാണ്. 1994 -2005 കാലഘട്ടത്തിലെ തൊഴിലവസര വളര്‍ച്ച സംസ്ഥാനത്ത് പ്രതിവര്‍ഷം 2.69 ശതമാനമായിരുന്നത് 2005-2010 കാലഘട്ടത്തില്‍ ഏറെക്കുറെ പൂജ്യമായി ചുരുങ്ങിയതായി എന്‍ എസ് എസ് ഒ ഡാറ്റ വെളിപ്പെടുത്തുന്നു. വിദ്യാഭ്യാസ പുരോഗതിയിലും മോശമായ ചിത്രമാണ് മോഡി കാലഘട്ടത്തിലെ ഗുജറാത്തിന്റെത്. 6-14 പ്രായക്കാരുടെ സാക്ഷരതയില്‍ 2000നും 2008 നുമിടയില്‍ 15 സംസ്ഥാനങ്ങളില്‍ എട്ടാം സ്ഥാനത്താണ് ഗുജറാത്ത്. നേരത്തെ അഞ്ചാം സ്ഥാനമുണ്ടായിരുന്നു. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിതാക്കളായി പോകുന്നവരുടെ അനുപാതത്തില്‍ 15 സംസ്ഥാനങ്ങളില്‍ ആറാം സ്ഥാനത്തായിരുന്ന ഗുജറാത്ത് 10-ാം സ്ഥാനത്തേക്കും പോഷകാഹാരക്കുറവില്‍ 1995ലെ ഒമ്പതാം സ്ഥാനത്ത് നിന്ന് 11-ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഈ സാഹചര്യത്തില്‍ പട്ടിണി നിര്‍മാര്‍ജനത്തിനും ആരോഗ്യ, വിദ്യാഭ്യാസ പുരോഗതിക്കും മറ്റും വിനിയോഗിക്കേണ്ട പൊതുഫണ്ട് ഒരു പ്രതിമാ നിര്‍മാണത്തിനായി ധൂര്‍ത്തടിക്കുമ്പോള്‍ റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോയാണ് ഓര്‍മിക്കപ്പെടുന്നത്.
ബി എസ് പി ഭരണകാലത്ത് ഉത്തര്‍ പ്രദേശില്‍ മായാവതിയുടെ പ്രതിമാ നിര്‍മാണത്തെ ശക്തമായി എതിര്‍ത്തിരുന്നു ബി ജെ പി. വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളില്‍ ചെലവിടേണ്ട പണം പ്രതിമകള്‍ക്കായി ചെലവിടരുതെന്ന കോടതി ഉത്തരവ് ലംഘിച്ചാണ് അന്ന് മായാവതി 2600 കോടി രൂപ ചെലവില്‍ തന്റെയും അംബേദ്കര്‍, കന്‍ഷിറാം തുടങ്ങിയ നേതാക്കളുടെയും ബി എസ് പി ചിഹ്നമായ ആനയുടെയും പ്രതിമകള്‍ യു പിയിലുടനീളം സ്ഥാപിക്കാന്‍ തുനിഞ്ഞത്. ഈ പ്രതിമകളുടെ സംരക്ഷണത്തിന് പ്രത്യേക പോലീസ് സേനയും രൂപവത്കരിച്ചിരുന്നു. ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റാങ്കുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രതിമാ സംരക്ഷണ സേനയിലേക്ക് 1,000 പോലീസുകാരെയാണ് റിക്രൂട്ട് ചെയ്തിരുന്നത്. അതിശൈത്യം മുലം യു പിയില്‍ 435 പേര്‍ മരിക്കുകയും അഞ്ച് വയസ്സില്‍ താഴെയുള്ള 1,63,150 കുട്ടികളില്‍ 5,532 പേരും പോഷകാഹാരക്കുറവ് അനുഭവിക്കുന്ന വിവരം പുറത്തു വരികയും ചെയ്ത സന്ദര്‍ഭത്തിലായിരുന്നു മായാവതിയുടെ പ്രതിമാ നിര്‍മാണ മഹാമഹം. ഒടുവില്‍ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അവര്‍ ഈ ക്രൂരവിനോദം നിര്‍ത്തിവെച്ചത്.
സമൂഹത്തെ ഗ്രസിച്ച ഒരു ദുഷ്പ്രവണതയാണ് പ്രതിമാ നിര്‍മാണ കമ്പം. രാഷ്ട്രീയ, കലാ മേഖലകളിലാണിത് കൂടുതലായും കണ്ടുവരുന്നത്. രാജ്യത്തുടനീളം ചെറുതും വലുതുമായ രാഷ്ട്രീയ നേതാക്കളുടെ പ്രതിമകള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. കൂട്ടത്തില്‍ രാഷ്ട്രീയ, സാമൂഹിക രംഗത്ത് പറയത്തക്ക സംഭാവനകളൊന്നും അവകാശപ്പെടാനില്ലാത്തവരുടെ പ്രതിമകളും കാണാം. തമിഴ്‌നാട്ടില്‍ തിരുനെല്‍വേലി ജില്ലയിലെ രാധാപുരത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ പിതാവ് മുതുവേലാര്‍, മാതാവ് അഞ്ചുകം അമ്മാള്‍ എന്നിവരുടെ പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 2009ല്‍ കരുണാനിധിയാണ് ഇവ അനാച്ഛാദനം ചെയ്തത്. കരുണാനിധിക്ക് ജന്മം നല്‍കിയെന്നതിലപ്പുറം പൊതുസമൂഹത്തില്‍ ഇവര്‍ക്ക് എന്തെങ്കിലും ഇടം നല്‍കിയതായി അറിയില്ല. പൊതുസ്ഥലം കൈയേറി രാധാപുരത്തെ ബസ് ടെര്‍മിനലിലാണ് അവരുടെ പ്രതിമകള്‍ സ്ഥാപിച്ചതെങ്കിലും പൊതു ഖജനാവിലെ പണമല്ല അതിനുപയോഗപ്പെടുത്തിയതെന്ന ആശ്വാസമുണ്ട്. ഡി എം കെയുടെ രാധാപുരം എം എല്‍ എ അപ്പാവുവാണ് പ്രതിമകളുടെ നിര്‍മാണത്തിനുള്ള ഏഴ് ലക്ഷം രൂപ നല്‍കിയത.്
പ്രതിമാ സ്ഥാപനത്തിലൂടെയും വില കൊടുത്തും വാങ്ങേണ്ടതല്ല ആദരവും ജനസമ്മതിയും. ജനങ്ങള്‍ക്കും സമൂഹത്തിനും ചെയ്യുന്ന സേവനങ്ങളുടെയും ഭരണപരമായ മികവിന്റെയും ഫലമായി സ്വമേധയാ ലഭിക്കേണ്ടതാണെണിത്. ഇന്ത്യന്‍ ജനത പൂര്‍വികരായ നേതാക്കളെ ആദരിക്കുന്നതും സ്‌നേഹിക്കുന്നതും കവലകളില്‍ സ്ഥാപിച്ച അവരുടെ പ്രതിമകള്‍ കണ്ടല്ല. രാജ്യത്തിന്റെ മോചനത്തിനായി നടന്ന ത്യാഗോജ്ജ്വല സമരങ്ങളിലെ നേതൃപരമായ പങ്കിന്റെ പേരിലാണ്. ഗാന്ധിജിയെ പോലെ പ്രതിമകള്‍ സ്ഥാപിക്കപ്പെടാതിരുന്നിട്ടും സ്വാതന്ത്ര്യ സമരത്തിലെ പ്രൗഢ നേതൃത്വം വഹിച്ച മൗലാനാ മുഹമ്മദലിയും മൗലാനാ ആസാദുമൊക്കെ ഇന്ത്യന്‍ ജനതയുടെ മാനസങ്ങളില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഒരു പക്ഷേ ഇവരെപ്പോലെ ഇന്ത്യക്കാരുടെ മനസ്സില്‍ ഇടം നേടാത്തതുകൊണ്ടാണോ, പ്രതിമയിലൂടെയെങ്കിലും സര്‍ദാര്‍ പട്ടേല്‍ ഓര്‍മിക്കപ്പെടണമെന്ന് നരേന്ദ്ര മോഡി ആഗ്രഹിച്ചതെന്നറിയില്ല. പ്രതിമ സ്ഥാപിച്ചാലും സ്മാരകങ്ങള്‍ നിര്‍മിച്ചാലും കര്‍മഫലങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമേ ലോകം നേതാക്കള്‍ക്ക് ചരിത്രത്തില്‍ ഇടം നല്‍കുകയുള്ളു. ലോകത്തുടനീളം പ്രതിമകള്‍ സ്ഥാപിച്ചതുകൊണ്ട് അഡോള്‍ഫ് ഹിറ്റ്‌ലറെ മഹാനായ നേതാവായി ആരും പുകഴ്ത്തില്ല. ലക്ഷക്കണക്കിന് ജൂതരെ കൊന്നൊടുക്കിയ നാസി ഭീകരനെന്ന ദുഷ്‌പേര് അതുകൊണ്ട് മായുകയുമില്ല. സ്വാതന്ത്രാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യയില്‍ ലയിപ്പിക്കാനെന്ന പേരില്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ നടത്തിയ സൈനിക നീക്കങ്ങളില്‍ മുസ്‌ലിംകള്‍ മരിച്ചുവീണത് ജനഹൃദയങ്ങളില്‍ പട്ടേലിനുണ്ടാക്കിയ മോശമായ പ്രതിച്ഛായയുടെ അവസ്ഥയും വിസ്മരിക്കാന്‍ വയ്യ. പ്രതിമാ, സ്മാരകങ്ങള്‍ കൊണ്ട് ആരുടെയും ചരിത്രം മാറ്റിക്കുറിക്കാനാകില്ല.