Connect with us

Articles

പ്ലീനം വി എസിന് വിടവാങ്ങല്‍ വേദിയോ?

Published

|

Last Updated

മഞ്ഞപ്പത്രങ്ങള്‍ മുതല്‍ മഹാ നേതാക്കന്മാര്‍ വരെ ലാവ്‌ലിന്‍ എന്ന ഒരു രാക്ഷസക്കോട്ട കെട്ടി പിണറായി വിജയനെ അതിനകത്തിട്ട് പുകച്ചുശ്വാസംമുട്ടിക്കാന്‍ നടത്തിയ പരിശ്രമത്തിനാണ് സി ബി ഐ കോടതിയുടെ വിധിപ്രസ്താവത്തിലൂടെ അന്ത്യം കുറിക്കപ്പട്ടത്. ഈ പ്രസ്താവന വി എസ് അച്യുതാനനന്ദന് പിണറായി വിജയനില്‍ നിന്ന് ലഭിച്ച ഒരു പിറന്നാള്‍ സമ്മാനമായി കണക്കാക്കാം. കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല പൗരസ്ത്യ പാരമ്പര്യങ്ങളില്‍ പൊതുവെ ജന്മദിനങ്ങള്‍ ആഘോഷിക്കുന്ന പതിവില്ല. സായിപ്പ് ഈ നാട് ഭരിച്ചുപോയതിന് പിന്നാലെ ഇവിടെ അവശേഷിപ്പിച്ചുപോയ ചില ഉച്ഛിഷ്ടങ്ങളാണ് ഈ ജന്മദിനാഘോഷവും കേക്ക് മുറിക്കലും റീത്ത് വെക്കലും ഒക്കെ.
പ്രതിപക്ഷ നേതാവ് മാത്രമല്ല മുഖ്യമന്ത്രിയും പിറന്നാള്‍ ആഘോഷിച്ചത് ഈയിടെയാണ്. ആഘോഷം പൊടിപൊടിക്കാന്‍ പൂച്ചെണ്ടും പൂമാലയും കേക്കുമൊക്കെയായി കാത്തിരുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി പിറന്നാളാഘോഷം പാമ്പാടി ദയറാ പള്ളിയിലെ ഒരു വിശുദ്ധ കുര്‍ബാനയിലൊതുക്കി. കുര്‍ബാനാനുഭവത്തിന് മുമ്പ് കുമ്പസാരവും വേണമെന്നാണ് കാനോന്‍ ചട്ടം. അദ്ദേഹം കുമ്പസാരിച്ചു എന്ന് മാത്രമല്ല, മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ചെയ്ത തെറ്റുകളെല്ലാം വൈദികന്റെ ചെവിയില്‍ മന്ത്രിച്ചു പാപപ്പൊറുതിയും നേടിയിട്ടുണ്ടാകണം. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ! വി എസും ഉമ്മന്‍ ചാണ്ടിയും ജനപ്രിയനേതാക്കളാണ്. ജനപ്രിയത ഉറപ്പിച്ചു നിറുത്താന്‍ ഇത്തരം ചില നാടകങ്ങളൊക്കെ കൂടിയേ കഴിയൂ.
2013 ഒക്‌ടോബര്‍ 20ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ കേക്ക് മുറിക്കല്‍ ചടങ്ങില്‍ കേരളത്തിലെ എല്ലാ ദൃശ്യമാധ്യമങ്ങളുടെയും ക്യാമറക്കാരെ പങ്കെടുപ്പിച്ചതും വീട്ടിനുള്ളിലെ സ്വകാര്യ നിമിഷങ്ങളിലേക്ക് ക്യാമറ കണ്ണുകള്‍ പായിച്ച് അവിടെ നടന്നതെല്ലാം ലൈവായി ചാനല്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ വിളമ്പിയതുമെല്ലാം ഒരു തരം നിയോ ലിബറല്‍ പോസ്റ്റ് മാര്‍ക്‌സിയന്‍ ഗ്ലോബലൈസേഷന്‍ കാലത്തേക്കുള്ള ഒരു പഴയ പുന്നപ്ര വയലാര്‍ സമര സഖാവിന്റെ കുതിച്ചുചാട്ടമായി തന്നെ കരുതാവുന്നതാണ്.
വി എസ് തീര്‍ച്ചയായും കേരളത്തില്‍ ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ എല്ലാം കൊണ്ടും സര്‍വാദരണീയനാണ്. ചിലപ്പോഴൊക്കെ അദ്ദേഹം പി സി ജോര്‍ജിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും നിലവാരത്തിലേക്കു താഴുന്നത് കാണുമ്പോള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്ക് വേദനയുണ്ടാകുന്നു. പുന്നപ്ര വയലാറും കാവുമ്പായി കരിവെള്ളൂര്‍ സമരവും മലബാറിലെ ജന്മിത്വത്തിനെതിരെ ആദ്യത്തെ വെടി പൊട്ടിച്ച മലബാര്‍ കലാപവും ഒക്കെ ചരിത്രത്തിലിടം പിടിച്ചവയാണ്. അതിന്റെ ഒക്കെ പിന്നില്‍ പ്രവര്‍ത്തിച്ച ധീരരായ മനുഷ്യരുടെ വില മതിക്കാനാകാത്ത ത്യാഗങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടുകയും ചെയ്യും. സമരത്തിന്റെ തീജ്വാലകളില്‍ അകപ്പെട്ട് കത്തിയെരിഞ്ഞുപോയവരുണ്ട്. അവശേഷിച്ച ചുരുക്കം ചിലരുണ്ട്. അവരില്‍ പലര്‍ക്കും നമ്മുടെ സര്‍ക്കാറുകള്‍, താമ്രപത്രവും പത്മഭൂഷണും പ്രതിമാസ പെന്‍ഷനും ഒക്കെ നല്‍കി ആദരിച്ചുപോരുന്നു. ഇതൊക്കെ കൈപ്പറ്റുന്നവരില്‍ നല്ല നാണയങ്ങള്‍ മാത്രമല്ല ചില കള്ള നാണയങ്ങളും കടന്നുകൂടിയിട്ടുണ്ട് എന്നതു മാത്രമാണ് നമ്മള്‍ സാമാന്യ ബുദ്ധിയുള്ളവരെ വ്യാകുലപ്പെടുത്തുന്നത്. ഇത്തരം ആദരവുകളും ബഹുമതികളും ഒക്കെ നിഷ്‌കരുണം നിരസിച്ചവരായിരുന്നു ഈ രാജ്യത്തെ കമ്മ്യൂണിസ്റ്റുകാര്‍. അതിനവര്‍ക്കു പറയാന്‍ കാരണമുണ്ടായിരുന്നു. എന്തെങ്കിലും സ്വകാര്യ ദുഃഖങ്ങളുടെ പരിഹാരം തേടിയോ ഭാവിനേട്ടങ്ങള്‍ ലക്ഷ്യമാക്കിയോ ആയിരുന്നില്ല അവര്‍ പൊതുക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രക്ഷോഭസമരങ്ങളുടെ ഭാഗമായത്.
ഈ ഒരു പാരമ്പര്യം കമ്മ്യൂണിസ്റ്റുകാരില്‍ നിന്നു പോലും തിരോഭവിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ അടികൊള്ളുന്നത് നാളെ മന്ത്രിയാകാനാണെന്ന് വന്നാല്‍ സ്ഥാനത്തും അസ്ഥാനത്തും അടി കൊള്ളാന്‍ ചെറുപ്പക്കാര്‍ മുന്നോട്ടുവന്നേക്കും. വി എസിന്റെ വസതിയിലെ ജന്മദിനാഘോഷ ചടങ്ങുകളോടനുബന്ധിച്ച തത്സമയ സംപ്രേഷണത്തില്‍ വായ്ത്താരി മുഴക്കിയ ചാനല്‍ പ്രവര്‍ത്തകരത്രയും ഇങ്ങനെ ഒരു സന്ദേശമാണ് കേരളത്തിന്റെ പൊതു ബോധത്തിലേക്ക് പ്രക്ഷേപണം ചെയ്തത്.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 101 അംഗ ജനറല്‍ കൗണ്‍സിലില്‍ നിന്നിറങ്ങിപ്പോന്നു സി പി എം രൂപവത്കരിച്ച 30 പേരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍ വി എസ് മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിലെ ശരിതെറ്റുകള്‍ ചരിത്രത്തിന്റെ വിചാരണക്കും വിധേയമായിക്കൊണ്ടിരിക്കുന്നതേയുള്ളൂ. കമ്മ്യൂണിസ്റ്റുകാര്‍ കാലത്തോടൊപ്പം സഞ്ചരിക്കുന്നവരോ കാലത്തിന്റെ തടവുകാരോ എന്നതാണ് ഉപരിചര്‍ച്ചക്ക് വിഷയമാകേണ്ട കാതലായ പ്രശ്‌നം.
ജന്മദിനാഘോഷത്തിന്റെ ഭാഗമെന്ന നിലയില്‍ മാധ്യമങ്ങള്‍ക്ക് വി എസ് നല്‍കിയ അഭിമുഖം വീണ്ടും വി എസ് പിണറായി സംഘര്‍ഷത്തിന്റെ വെടിയും പുകയും ഉയര്‍ത്താന്‍ ഉള്ള നീക്കമായി പല കേന്ദ്രങ്ങളും വ്യാഖ്യാനിച്ചു. പാര്‍ട്ടി പ്ലീനം വി എസിന് ഒരു വിടവാങ്ങല്‍ വേദി ഒരുക്കുമെന്നു തന്നെയാണ് മിക്ക രാഷ്ട്രീയ ജ്യോതിഷികളും പ്രവചിക്കുന്നത്. “ഞാന്‍ വേറെ, പാര്‍ട്ടി വേറെ, എനിക്ക് തോന്നിയത് ഞാന്‍ പറയും” എന്ന ഒരു പി സി ജോര്‍ജ് ശൈലി ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് എങ്ങനെ ഭൂഷണമാകും. കേരളത്തില്‍ പാര്‍ട്ടി ദുര്‍ബലമായി കാണണമെന്നാഗ്രഹിക്കാത്ത ആരേയും ഈ നിലപാട് ആഹ്ലാദിപ്പിക്കില്ല. വി എസിന്റെ പ്രസ്താവനകളും പ്രതികരണങ്ങളും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിച്ഛായക്കു വല്ലാതെ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം ഒന്നടങ്കം ബൂര്‍ഷ്വാ പ്രതിലോമാശയങ്ങള്‍ക്കടിപ്പെട്ടു കിടക്കുകയാണെന്നും താനും ഒരു ന്യൂനപക്ഷവും ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ സമരം നടത്തി നേതൃത്വത്തെ തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നുമാണ് വി എസിന്റെ അവകാശവാദം.
നായനാര്‍ മുഖ്യമന്ത്രിയും അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറിയും ആയിരുന്ന കാലത്ത് വി എസ് എങ്ങനെയാണ് പാര്‍ട്ടിയെ നയിച്ചത്? സര്‍ക്കാറിന്റെ സര്‍വ ചലനങ്ങള്‍ക്കു മേലും അദ്ദേഹം മൂക്കുകയറിട്ടിരുന്നു. ശേഷം വി എസ് മുഖ്യമന്ത്രിയും പിണറായി പാര്‍ട്ടി സെക്രട്ടറിയുമായപ്പോള്‍ യാതൊരു നിയന്ത്രണങ്ങള്‍ക്കും താന്‍ വിധേയനാകുന്ന പ്രശ്‌നമില്ല. സി പി എമ്മില്‍ ഭൂകമ്പം ഉണ്ടാക്കിയ വി എസ്- പിണറായി പോരിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. ഇത് പണ്ട് കോണ്‍ഗ്രസില്‍ നടന്ന കരുണാകര ആന്റണി യുദ്ധത്തെ അനുസ്മരിപ്പിക്കുന്നു. വി എസിനെ വടിയാക്കിക്കൊണ്ട് പിണറായിയെ മാധ്യമങ്ങള്‍ അടിക്കുകയായിരുന്നു. പണ്ട് ഇതേ മാധ്യമങ്ങള്‍ ആന്റണിയെ ഉപയോഗിച്ചു കരുണാകരനെ അടിക്കുകയായിരുന്നല്ലോ. ഫലമോ? കരുണാകരന്‍ പുറത്തേക്കും ആന്റണി മുകളിലേക്കും പോയി. ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടുക്കളയിലും ഇത്തരം പരിപ്പുകള്‍ വേവും എന്നു തന്നെയാണ് കാലം തെളിയിച്ചിരിക്കുന്നത്.
മറ്റേതു വലതുപക്ഷ മാധ്യമങ്ങളും മന്ത്രിക്കുന്നതിലും ഉറക്കെ വി എസ് ലാവ്‌ലിന്‍ മന്ത്രം ഉരുവിട്ടുകൊണ്ടിരുന്നത് ആരെ തൃപ്തിപെടുത്താനായിരുന്നു? പാര്‍ട്ടിയും സെക്രട്ടറിയും എതിരാളികളാല്‍ ആക്രമിക്കപ്പെടുന്നത് കണ്ടപ്പോള്‍ പാര്‍ട്ടിയുടെ ശത്രുക്കളോടൊപ്പം നിന്ന വി എസിനെ സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന വിചിത്ര ജീവിയെന്നു അഴീക്കോടിന് പരിഹസിക്കേണ്ടിവന്നു. തന്റെ നിലപാടുകള്‍ ശരിയാണെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ സമര്‍ഥിക്കാന്‍ അദ്ദേഹത്തിനു കഴിയാതെ പോയത് എന്തുകൊണ്ട്? മറ്റേതൊരു വിമതാഭിപ്രായക്കാരന് ലഭിക്കുന്നതിലുമധികം സ്വാതന്ത്ര്യവും സാവകാശവും ഈ കാര്യത്തില്‍ പാര്‍ട്ടി വി എസിന് നല്‍കുകയുണ്ടായി. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ഒന്നാകെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒരു സംഘം റിവിഷിനിസ്റ്റുകള്‍ കൈവശപ്പെടുത്തിയിരിക്കുകയാണെങ്കില്‍ അത് പറയാനുള്ള വേദി മനോരമ ചാനലിന്റെ അഭിമുഖക്കാരനോടാണോ? ഇതിനൊന്നും വി എസ്സോ അദ്ദേഹത്തെ അനുകൂലിക്കുന്നവരോ മറുപടി പറഞ്ഞുകണ്ടില്ല. “ആരാണ് നിങ്ങളുടെ ചങ്ങാതി എന്ന് പറയൂ; എങ്കില്‍ നിങ്ങളാരാണെന്ന് ഞാന്‍ പറയാം” എന്ന് എം എന്‍ വിജയന്‍ മാഷ് പറയുമായിരുന്നു. എം എന്‍ വിജയനെപ്പോലുള്ള ഒരിടതുപക്ഷ ചിന്തകനെ പോലും തങ്ങളുടെ പക്ഷത്തേക്ക് ഹൈജാക്ക് ചെയ്യാന്‍ വി എസ് അനുകൂല മുന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞു. ഗുരുതരമായ അച്ചടക്കലംഘനത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍, നക്‌സല്‍ വിപ്ലവത്തിന്റെ പാതയില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേക്കേറാന്‍ മോഹിച്ചു കുപ്പായം തയ്പ്പിച്ചു വെച്ചവര്‍; ഇവരൊക്കെ ആയിരുന്നില്ലേ വി എസിന് വേണ്ടി ശബ്ദം ഉയര്‍ത്തിയവര്‍?
ഏറ്റവും ഒടുവില്‍ കെ കെ രമ വി എസ്സിനെ ഒരു വല്ലാത്ത വെട്ടിലാണ് വീഴ്ത്തിയിരിക്കുന്നത്. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്കുള്ള പങ്ക് വി എസ് വ്യക്തമാക്കണമെന്നാണവരുടെ ആവശ്യം. ആവശ്യം ന്യായമെന്നാരും സമ്മതിക്കും. പാര്‍ട്ടിക്ക് പങ്കില്ലെന്നു പറഞ്ഞാല്‍ അരി ആഹാരം കഴിക്കുന്ന ആരും വിശ്വസിക്കുകയില്ലെന്നായിരുന്നല്ലോ വി എസ് പരസ്യമായി പറഞ്ഞത്. തിരുവഞ്ചൂരിന്റെ പോലീസ് സകല അടവുകളും പയറ്റിയിട്ടും അവരുണ്ടാക്കിയെടുത്ത തിരക്കഥ എട്ട് നിലയില്‍ പൊട്ടുന്നതാണല്ലോ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ചന്ദ്രശേഖരനെ വധിച്ച കൊലയാളികള്‍ ഒരു പക്ഷേ സി പി എം അംഗങ്ങളായിരുന്നുവെന്നോ നിലവില്‍ ആണെന്നോ തെളിഞ്ഞാല്‍ തന്നെ അതിന്റെ പേരില്‍ പിണറായി നേതൃത്വം നല്‍കുന്ന പാര്‍ട്ടി മുഴുവന്‍ എങ്ങനെയാണുത്തരവാദിത്വം ഏല്‍ക്കുക. പറയുന്നത് കേട്ടാല്‍ തോന്നുക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) പിണറായി വിജയന്‍ മാനേജിംഗ് ഡയറക്ടറായ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നാണ്. ലക്ഷക്കണക്കിന് അംഗങ്ങളുള്ള ഒരു പാര്‍ട്ടിയില്‍ പ്രാദേശികമോ വ്യക്തിപരമോ ആയ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ പെട്ട ഒന്നോ അതിലധികമോ ആളുകള്‍ ചേര്‍ന്നു തങ്ങള്‍ക്കു ശല്യം ചെയ്യുന്നു എന്ന് തോന്നുന്ന ആരെയെങ്കിലും കൊന്നാല്‍ തന്നെ കൊന്നവരെ കണ്ടുപിടിച്ചു ശിക്ഷിക്കാനല്ലേ ഇവിടെ പോലീസും നീതിന്യായ കോടതികളും ഒക്കെയുള്ളത്? കണ്ണൂരില്‍ ഉമ്മന്‍ ചാണ്ടിയുടെ കാറിന് കല്ലെറിഞ്ഞ സംഭവുമായി ബന്ധപ്പെടുത്തി സി പി എമ്മിനെ പുലഭ്യം പറയാന്‍ പാകത്തില്‍ വി എസ് അച്യുതാനന്ദന്റെ വായില്‍ നിന്നെന്തെങ്കിലും വീണു കിട്ടുമോ എന്നു ചാനല്‍ പൈങ്കിളികള്‍ ആകുന്നത്ര ശ്രമിച്ചുനോക്കി. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന മട്ടില്‍ കണ്ണൂര്‍ ആക്രമണം നടന്നാല്‍ അതില്‍ കുറ്റക്കാര്‍ സി പി എം തന്നെ എന്ന മട്ടില്‍ എന്തെങ്കിലും പറയാന്‍ ഈ കുലപതി തന്റെ തിരുവായ് തുറന്നില്ലെന്നത് ഭാഗ്യം. ലക്ഷോപലക്ഷം അംഗങ്ങളും അതിലധികം അനുഭാവികളും ഏതാണ്ടത്രയും തന്നെ ശത്രുക്കളും ഉള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് സി പി എം. കണ്ണൂരില്‍ പ്രത്യേകിച്ചും ഈ പാര്‍ട്ടി മറ്റു ജില്ലകളിലെതിനെ അപേക്ഷിച്ച് കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ അനേകം നേതാക്കളുടെയും അനുയായികളുടേയും വിലപ്പെട്ട ത്യാഗങ്ങളുടെ ചരിത്രമുണ്ട്. പ്രതിയോഗികളാല്‍ ആക്രമിക്കപ്പെട്ട ശരീരത്തില്‍ എടുത്തുമാറ്റാന്‍ പറ്റാത്ത വെടിയുണ്ടയും പേറി ജീവിക്കുന്ന ഒരു നേതാവ് പോലും ഈ ജില്ലയില്‍ പാര്‍ട്ടിക്കുണ്ട്. സി പി എം പരിപാടികളില്‍ കടന്നു കൂടി രാഷ്ട്രീയം മറന്ന് വ്യക്തി വിരോധം പ്രകടിപ്പിക്കാന്‍ തക്കം നോക്കി കഴിയുന്നവര്‍ ഏതായാലും പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷിയായിരിക്കാനിടയില്ല. സ്‌നേഹിതന്‍ ചമഞ്ഞടുത്തു കൂടുന്ന ശത്രുവാണ് യഥാര്‍ഥ ശത്രുവിനേക്കാള്‍ അപകടകാരി. ഇത് നേതൃത്വം മാത്രമല്ല അണികളും തിരിച്ചറിയേണ്ടതുണ്ട്.

Latest