ദേശീയ ദിനാഘോഷം: രാജ്യം ആവേശത്തില്‍

Posted on: November 28, 2013 9:29 pm | Last updated: November 28, 2013 at 9:29 pm

ദുബൈ: ദേശീയ ദിനം അടുത്തതോടെ സ്വദേശികളും വിദേശികളും ആവേശത്തില്‍. ദുബൈക്ക് വേള്‍ഡ് എക്‌സ്‌പോ 2020 ലഭിച്ചതിന്റെ ആഹ്ലാദം കൂടി പങ്കുവെക്കുന്നതായിരിക്കും ആഘോഷം. ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ഒഴിവുദിനങ്ങളിലെ സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഗ്ലോബല്‍ വില്ലേജ് ഒരുങ്ങി. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ദേശീയദിനത്തിന്റെ ഒഴിവു ദിനങ്ങളിലെ സന്ദര്‍ശകര്‍ക്കായി 11 ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക കലാ-സാഹിത്യ മത്സരങ്ങള്‍ നടത്തും. ഡിസം. ഏഴ് വരെ നീണ്ടുനില്‍ക്കും.

ഗ്ലോബല്‍ വില്ലേജിലെ ഒന്നാം നമ്പര്‍ കവാടത്തില്‍ യു എ ഇയുടെ കൂറ്റന്‍ പതാക ഉയര്‍ത്തും. രാജ്യത്തിന്റെ 42 വര്‍ഷത്തെ പ്രയാണങ്ങള്‍ അടയാളപ്പെടുത്തിയ ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും. രാജ്യത്തോടുള്ള പൊതുജനങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാവുന്ന പ്രത്യേക മത്സരങ്ങളും നടക്കും. വിജയികള്‍ക്ക് ആയിരം ദിര്‍ഹമിന്റെ ക്യാഷ് പ്രൈസ് നല്‍കും. യു എ ഇ സായുധ സേനയുടെ പ്രത്യേക പ്രദര്‍ശനങ്ങളും ഗ്ലോബല്‍ വില്ലേജിന്റെ പരിസരത്ത് സംഘടിപ്പിക്കും. പരമ്പരാഗത രീതിയിലുള്ള കലാപരിപാടികള്‍ക്കു പുറമെ സന്ദര്‍ശകര്‍ക്ക് ആനന്ദദായകമായ മറ്റു കലാവിരുന്നുകളും ഉണ്ടാകും.
ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ അല്‍ഐന്‍ ഒരുങ്ങി. ആഘോഷത്തിന്റെ ഭാഗമായി നഗരങ്ങളും തെരുവോരങ്ങളും ആഴ്ചകള്‍ക്ക് മുമ്പേ തന്നെ ദീപാലംകൃതമായി. പാരമ്പര്യവും ദേശീയതയും വിളിച്ചോതുന്ന രീതിയിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. കെട്ടിടങ്ങള്‍ക്ക് പുറമേ വാഹനങ്ങളും വീടുകളും വര്‍ണശബളമാക്കി ആഘോഷ ലഹരിയിലേക്ക് തയ്യാറെടുക്കുകയാണ്. രാജ്യത്തിന്റെ ഉദ്യാന നഗരിയായ അല്‍ ഐന്‍ ഭരണകര്‍ത്താക്കളുടെ ജന്‍മസ്ഥലം കൂടിയാണ്. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ അല്‍ ഐനിലെ അല്‍ ജാഹിലി കൊട്ടാരത്തിലും മകനും യു എ ഇ പ്രസിഡന്റുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ മുവൈജിയിലുമാണ് ജനിച്ചത്. രാഷ്ട്രപിതാവിന്റെ ജന്‍മസ്ഥലം എന്ന പ്രത്യേകത മറ്റു നഗരങ്ങളില്‍ നിന്ന് അല്‍ഐനെ ഏറെ വ്യത്യസ്തമാക്കുന്നു.
1946 ല്‍ 28-ാ മത്തെ വയസില്‍ അല്‍ ഐന്‍ ഗവര്‍ണറായിട്ടായിരുന്നു ശൈഖ് സായിദിന്റെ രാഷ്ട്രീയ തുടക്കം. വികസനത്തെ ക്കുറിച്ച് സ്വപ്‌നം കാണാന്‍ പോലും കഴിയാതിരുന്ന അക്കാലത്ത് അല്‍ ഐന്റെ മണ്ണ് ഫല സമൃദ്ധമാക്കിയത് ശൈഖ് സായിദിന്റെ ഭരണ മികവു മാത്രമായിരുന്നു. ആ നിലക്ക് ദേശീയ ദിനാഘോഷത്തോടൊപ്പം അല്‍ ഐനില്‍ ശൈഖിന്റെ സ്മരണയും എങ്ങും മുഴങ്ങുന്നു. മറ്റു നഗരങ്ങളെ പോലെ കൂറ്റന്‍ കെട്ടിടങ്ങള്‍ അല്‍ ഐനില്‍ കുറവാണെങ്കിലും ഭരണ സിരാകേന്ദ്രം എന്ന നിലക്ക് ഉദ്യാനനഗരിയിലെ ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. രാഷ്ട്ര പിതാവിന് രാജ്യം ഒന്നടങ്കം നല്‍കിയ പിന്തുണയുടെ പ്രതിഫലനം കൂടിയാണ് ദേശീയ ദിനാഘോഷ പരിപാടികള്‍.
സ്വദേശികള്‍ക്ക് പുറമേ വിദേശികളും ദേശീയ ദിനത്തെ വരവേല്ക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവിധ മലയാളി സംഘടനകളും നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ മാസം 29 നു അബുദാബി നാഷണല്‍ തിയേറ്ററില്‍ നടക്കുന്ന ‘സിറാജ്’ യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടിയോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. പരിപാടിയില്‍ സംബന്ധിക്കുന്നതിന് അല്‍ ഐന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഐ സി എഫ്, ആര്‍ എസ് സിയുടെ നേതൃത്വത്തില്‍ വാഹന സൗകര്യങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.
ഷാര്‍ജ: ഷാര്‍ജ മൈസലൂണ്‍ അബ്ദുറഹ്മാനുബ്‌നൂ ഔഫ് തഹ്ഫീളുല്‍ ഖുര്‍ആന്‍ മദ്‌റസ ആഭിമുഖ്യത്തില്‍ യു എ ഇ ദേശീയ ദിനാഘോഷം ഡിസംബര്‍ 2 ന് 10 മുതല്‍ മദ്‌റസയില്‍ നടക്കും. അറബ് പ്രമുഖര്‍ മത-സാമൂഹിക-വാണിജ്യ രംഗത്തെ പ്രമുഖര്‍, വാണിജ്യ രംഗത്തെ പ്രുഖര്‍, സംബന്ധിക്കുന്നു. ഫാമിലികള്‍ക്ക് പ്രത്യേക സൗകര്യംം ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: 050-5759015.
അജ്മാന്‍: യു എ ഇ ദേശീയദിനാഘോഷം ഞായറാഴ്ച 4.30 മുതല്‍ 10 വരെ അജ്മാന്‍ ഉമ്മുല്‍ മുഅ്മിനീന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ട്. വിവരങ്ങള്‍ക്ക്: 050-9914229.