Connect with us

Palakkad

വനിതാ കമ്മീഷന്‍ അദാലത്തില്‍ 45 പരാതികള്‍ തീര്‍പ്പാക്കി

Published

|

Last Updated

പാലക്കാട്: കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ പരിഗണിച്ച 63 കേസില്‍ 45 എണ്ണം തീര്‍പ്പാക്കി. റസീന-സെയ്തു മുഹമ്മദ് ദമ്പതിമാരുടെ കുടുംബ വഴക്ക് പള്ളി കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത് വനിതാ കമ്മീഷന്‍ രമ്യമായി പരിഹരിച്ചു. ആറ് മാസ കാലാവധിക്കുള്ളില്‍ സ്വത്തുക്കള്‍ തിരിച്ച് നല്‍കാനും ധാരണയായി. സ്വത്ത് തര്‍ക്കം, കുടുംബ പ്രശ്‌നങ്ങള്‍, പൊതുസ്ഥലം ഉള്‍പ്പെടുന്ന സിവില്‍ കേസ്, ഭാര്യാ – ഭര്‍തൃ പ്രശ്‌നങ്ങള്‍ എന്നിവയായിരുന്നു പരിഗണിച്ചവയില്‍ മിക്കതും.
വഴിപ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള പരാതി സിവില്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ കമ്മീഷന്‍ വിധി പറയാതെ മാറ്റി. 16 വര്‍ഷമായി വഴിപ്രശ്‌നം നിലനില്‍ക്കുന്ന കേസാണിത്. 63 കേസുകളില്‍ 10 എണ്ണം വിശദീകരണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. എട്ട് കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
അദാലത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ജേക്കബ് ജോബ്, കമ്മീഷന്‍ അംഗം പ്രൊഫ.കെ എ തുളസി, വനിതാ സെല്‍ എസ് ഐ. അനിലകുമാരി, വക്കീലുമാരായ മുഹമ്മദ് സാജിദ്, വി ആര്‍ ശിവദാസ്, എ എലിസബത്ത്, കൗണ്‍സിലര്‍മാരായ ജിഷ, ശരണ്യ, ദര്‍ശന സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest