ഇ എഫ് എല്‍ കേസുകളില്‍ നിന്ന് എ ജി പിന്‍മാറി

Posted on: November 27, 2013 8:18 pm | Last updated: November 27, 2013 at 8:18 pm

dandapaniകൊച്ചി: പാരിസ്ഥിതിക ദുര്‍ബല കേസുകള്‍ വാദിക്കുന്നതില്‍ നിന്ന് അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാനി പിന്മാറി. ഹൈക്കോടതിയില്‍ കേസിന്റെ വാദം നടക്കുന്നതിനിടെയാണ് തന്റെ പിന്മാറ്റം എ ജി കോടതിയെ അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് കേസില്‍ നിന്ന് പിന്മാറുന്നതെന്നാണ് എ ജിയുടെ വിശദീകരണം. എന്നാല്‍ ഈ കേസുകളില്‍ പ്രതികളായിരിക്കുന്ന തോട്ടമുടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി എ ജി ഹാജരായിരുന്നെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഇതും പിന്മാറ്റത്തിന് പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്.

ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കണ്ട് ഇ എഫ് എല്‍ കേസുകളില്‍ നിന്ന് പിന്മാറുകയാണെന്ന് എ ജി അറിയിച്ചിരുന്നു. എന്നാല്‍ പിന്മാറരുതെന്നും വാദം തുടരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇ എഫ് എല്‍ കേസുകളില്‍ എ ജി ആവര്‍ത്തിച്ച് ഹാജരാകാതിരിക്കുന്നുവെന്നും വേണ്ട രീതിയില്‍ വാദിക്കുന്നില്ലെന്നും ടി എന്‍ പ്രതാപന്‍ എം എല്‍ എ ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രതാപന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എ ജി ഇ എഫ് എല്‍ കേസുകളില്‍ നിന്ന് പിന്മാറുന്നതെന്നാണ് സൂചന.