Connect with us

Palakkad

ഓര്‍ക്കാന്‍ 15 വര്‍ഷം പിന്നിലെ കഥകളും

Published

|

Last Updated

പാലക്കാട്:സി പി എം സംസ്ഥാന പ്ലീനത്തിന് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ പതിനഞ്ചു വര്‍ഷം മുന്‍പ് നടന്ന സംസ്ഥാന സമ്മേളനത്തിന്റെ ഓര്‍മയിലാണ് പാലക്കാട്.
വെട്ടിനിരത്തലിന്റെ പേരില്‍ പ്രശസ്തമായ സമ്മേളനത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഒട്ടേറെ കൗതുകങ്ങള്‍ ബാക്കി നില്‍ക്കുന്നു. ഔദ്യോഗിക പാനലിലെ സി ഐ ടി യു പക്ഷക്കാരായ 16 പേരെയാണ് അന്ന് ഒറ്റടയിക്ക് വെട്ടിനിരത്തിയത്.
ഒ ഭരതന്‍ ഉള്‍പ്പെടെ സംസ്ഥാന സമിതിയംഗങ്ങളായിരുന്ന എട്ടുപേരെ ആരോഗ്യപരമായ കാരണങ്ങളുടെ പേരില്‍ ഔദ്യോഗിക പാനലില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നാണ് എട്ടുപേര്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. എല്ലാവരും വിജയിച്ചപ്പോള്‍ എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ്, വി ബി ചെറിയാന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ഐ വി ദാസ് എന്നിവരുള്‍പ്പെടെ എട്ടുപേര്‍ പടിക്കുപുറത്തായി.
വി എസിന്റെ കാര്‍മികത്വത്തില്‍ നടന്ന വെട്ടിനിരത്തലിന് ചുക്കാന്‍ പിടിച്ചത് പിണറായി വിജയനും എം എ ബേബിയുമായിരുന്നു. ഇപ്പോള്‍ നേതൃനിരയില്‍ വിഭാഗീയതക്കെതിരെ രൂക്ഷമായി സംസാരിക്കുന്ന പി ജയരാജനും ദിനേശ് മണിയുമെല്ലാം മത്സരിച്ച് വിജയിച്ചവരില്‍പെടുന്നു. തൊട്ടടുത്ത കണ്ണൂര്‍ സമ്മേളനത്തോടെ വി എസും പിണറായിയും തെറ്റിയത് ചരിത്രം.
98ല്‍ സംസ്ഥാന സമ്മേളനനടത്തിപ്പിന്റെ പ്രധാനചുമതലക്കാരന്‍ സംസ്ഥാന സമിതിയംഗമായിരുന്ന എന്‍ എന്‍ കൃഷ്ണദാസായിരുന്നു. ജില്ലാ നേതാവായിരുന്ന എ കെ ബാലന്‍ പ്രചരണത്തിന്റെ ചുമതലക്കാരും.—പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരുടേയും ചുമതലകള്‍ കീഴ്‌മേല്‍ മറിഞ്ഞു. കൃഷ്ണദാസ് വെറും ജില്ലാ കമ്മിറ്റിയംഗവും പ്രചരണത്തിന്റെ ചുമതലക്കാരനും. ബാലന്‍ പ്ലീനത്തിന്റെ മുഖ്യസംഘാടകന്‍. കൃഷ്ണദാസിനെ സംസ്ഥാന സമിതിയില്‍ നിന്നുതെറിപ്പിച്ചത് ബാലന്റെ പരാതിയായിരുന്നുവെന്നതും ചരിത്രത്തിന്റെ വിരോധാഭാസം.
98ല്‍ പാര്‍ട്ടിയുടെ ചോദ്യംചെയ്യാനാവാത്ത നേതാവായിരുന്ന വി എസാവട്ടെ പാര്‍ട്ടിയില്‍ ഏറെ ക്ഷീണിച്ചു. ഒപ്പമുണ്ടായിരുന്നവരെല്ലാം വിട്ടുപോവുകയോ അച്ചടക്കവാളിനിരയാവുകയോ ചെയ്തു. ലാവലിന്‍ വിധിയോടെ പിണറായി പാര്‍ട്ടിയിലെ സര്‍വശക്തനുമായി. ഒരിക്കല്‍ കരുത്തുതെളിയിച്ച പാലക്കാടിന്റെ മണ്ണ് വി എസിന് ബാക്കിവെക്കുന്നത് എന്തായിരിക്കുമെന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.