Connect with us

International

'രണ്ടാം ജനീവ' ജനുവരിയില്‍

Published

|

Last Updated

ജനീവ: സിറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ടാം ജനീവ ഉച്ചകോടി ജനുവരി 22ന് നടക്കുമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. മാസങ്ങളോളം നീണ്ടു നിന്ന ഇടപെടലിനെ തുടര്‍ന്നാണ് റഷ്യയുടെയും അമേരിക്കയുടെയും നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമായത്. സിറിയയില്‍ മൂന്ന് വര്‍ഷക്കാലമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിപക്ഷവും സര്‍ക്കാറും തയ്യാറായിട്ടുണ്ടെന്ന് മൂണ്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇരുകക്ഷികളും സമാധാന ചര്‍ച്ചയില്‍ ഒരുമിക്കുന്നത്.
പ്രതീക്ഷയുടെ ദൗത്യ നിര്‍വഹണത്തിനായി ഒരിക്കല്‍ കൂടി ജനീവയിലേക്ക് പോകുന്നുവെന്ന്് സമാധാന ചര്‍ച്ചയുടെ പ്രഖ്യാപനത്തില്‍ മൂണ്‍ പറഞ്ഞു. “ഏറ്റുമുട്ടലിന്റെ പാത വെടിഞ്ഞ് സിറിയന്‍ സര്‍ക്കാറും പ്രതിപക്ഷവും നയതന്ത്ര ചര്‍ച്ചക്ക് തയ്യാറായിരിക്കുകയാണ്. സിറിയയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ചര്‍ച്ചക്ക് സാധിക്കുമെന്നാണ് കരുതുന്നത്.” മൂണ്‍ കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളമായി നീണ്ടുനിന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച വേദിയില്‍ തന്നെയാകും സിറിയന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക. ഉച്ചകോടിക്ക് മുന്നോടിയായി യു എന്‍, യു എസ്, റഷ്യ പ്രതിനിധികള്‍ വരും ദിവസങ്ങള്‍ ചര്‍ച്ച നടത്തും. ഉച്ചകോടിയുടെ തയ്യാറെടുപ്പുകളും മറ്റുമായിരിക്കും ഇവര്‍ ചര്‍ച്ച ചെയ്യുക.
സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്ന് സിറിയന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും പ്രതിപക്ഷ സഖ്യങ്ങള്‍ ഇതിന് തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്നാണ് ഒക്‌ടോബറിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഉച്ചകോടി അനിശ്ചിത കാലത്തേക്ക് നീണ്ടത്. സിറിയന്‍ വിഷയത്തിലെ യു എന്‍, അറബ്‌ലീഗ് പ്രത്യേക പ്രതിനിധി ലഖ്ദര്‍ ഇബ്‌റാഹീമിയുടെയും യു എസ്, റഷ്യന്‍ പ്രതിനിധികളുടെയും നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ചര്‍ച്ചക്ക് തയ്യാറാകാന്‍ സിറിയന്‍ പ്രതിപക്ഷ നേതാക്കള്‍ സന്നദ്ധരായത്.
കോഫി അന്നന്റെ മധ്യസ്ഥതയില്‍ ജൂണ്‍ 2012ല്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷം ഈ വര്‍ഷമാദ്യമാണ് സമാധാന ചര്‍ച്ചക്കുള്ള ശ്രമം യു എന്‍ പുനരാരംഭിച്ചത്. സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നും കോഫി അന്നന്റെ ആവശ്യം അംഗീകരിക്കാന്‍ സിറിയ തയ്യാറാകാതിരുന്നതിനാലുമാണ് കഴിഞ്ഞ വര്‍ഷത്തെ ജനീവ ചര്‍ച്ച പരാജയപ്പെട്ടത്.

---- facebook comment plugin here -----

Latest