ആരുഷി വധം: മാതാപിതാക്കള്‍ക്ക് ജീവപര്യന്തം ശിക്ഷ

Posted on: November 26, 2013 8:03 am | Last updated: November 27, 2013 at 11:08 am
talwars
ശിക്ഷിക്കപ്പെട്ട രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും

ഗാസിയാബാദ്: ഏറെ കോളിളക്കം സൃഷ്ടിച്ച ആരുഷി, ഹേംരാജ് വധക്കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ക്ക് സി ബി ഐ പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഫോറന്‍സിക് തെളിവുകളുടെ അഭാവത്തില്‍ സാഹചര്യത്തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ശ്യാം ലാല്‍ ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും ശിക്ഷ ജീവപര്യന്തമായി ചുരുക്കുകയായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഇതിനെ പരിഗണിക്കണമെന്ന സി ബി ഐയുടെ വാദവും കോടതി അംഗീകരിച്ചില്ല.

ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം) വകുപ്പനുസരിച്ച് ജീവപര്യന്തവും 201 (തെളിവ് നശിപ്പിക്കല്‍) വകുപ്പ് പ്രകാരം അഞ്ച് വര്‍ഷവും രാജേഷ് തല്‍വാറിന് പോലീസിന് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് 203 വകുപ്പനുസരിച്ച് ഒരു വര്‍ഷവും തടവാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പ്രമാദമായ കേസില്‍ ശിക്ഷ വിധിക്കുന്നത്.

കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും കുറ്റക്കാരാണെന്ന് സി ബി ഐ കോടതി ഇന്നലെ വിധിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സി ബി ഐ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും പ്രതികള്‍ ഇന്നലെ അറിയിച്ചിരുന്നു.

14കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആരുഷിയെ 2008 യെ് 15ന് രാത്രിയില്‍ കിടപ്പ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. വീട്ടുവേലക്കാരനായ ഹേമരാജിനെയായിരുന്നു കൊലപാതകിയായി സംശയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഹേമരാജിന്റെ മൃതദേഹവും വീടിന്റെ ടെറസില്‍ കണ്ടെത്തി. ആരുഷിയേയും ഹേമരാജിനേയും സംശയകരമായ സാഹചര്യത്തില്‍ കണ്ട പിതാവായ രാജേഷ് ഇരുവരേയും കൊലപ്പെടുത്തുകയായിരുന്നുവെന്നും മാതാവ് ഇതിന് കൂട്ടു നിന്നുവെന്നുമാണ് സി ബി ഐ കണ്ടെത്തല്‍.

നോയിഡ പോലീസാണ് ആദ്യം കേസന്വേഷിച്ചിരുന്നത്. പിന്നീട് യു പി സര്‍ക്കാര്‍ അന്വേഷണം സി ബി ഐക്ക് കൈമാറുകയായിരുന്നു.