ഭൂമി തട്ടിപ്പിനായി സലീം രാജ് വ്യാജരേഖ ചമച്ചെന്ന് റവന്യൂ സെക്രട്ടറി ഹൈക്കോടതിയില്‍

Posted on: November 25, 2013 5:20 pm | Last updated: November 25, 2013 at 5:20 pm

saleem rajകൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ വ്യാജരേഖ ചമച്ചെന്ന് റവന്യൂ സെക്രട്ടറി ഹൈക്കോടതിയില്‍. തണ്ടപ്പേര് തിരുത്തിയെന്നും രേഖകളില്‍ കൃത്രിമം കാണിച്ചാണ് ഭൂമി തട്ടിപ്പ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയായിരുന്നു സലീംരാജ് തട്ടിപ്പ് നടത്തിയതെന്നും തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ട് പരിശോധിച്ച കോടതി തിരുത്തിയ രേഖകള്‍ ശരിയാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഏതെല്ലാം ഉദ്യോഗസ്ഥരാണ് ഭൂമിതട്ടിപ്പിന് കൂട്ടുനിന്നത്, ഏതെല്ലാം സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ഭൂമിതട്ടിപ്പ് നടന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കേസ് അന്വേഷണ ഏജന്‍സിയെ കൊണ്ട് വിശദമായി അന്വേഷിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.