നാഗാലാന്റ് ലോട്ടറി വില്‍ക്കാന്‍ മാര്‍ട്ടിന് കേരളത്തില്‍ അനുമതിയില്ല

Posted on: November 25, 2013 12:44 pm | Last updated: November 25, 2013 at 1:52 pm

തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ നാഗാലാന്റ് ലോട്ടറി കോരളത്തില്‍ വില്‍ക്കുന്നതില്‍ നിന്നും നികുതി വകുപ്പ് തടഞ്ഞു. കേരളത്തില്‍ ലോട്ടറി വില്‍ക്കാന്‍ മാര്‍ട്ടിന്‍ സമര്‍പ്പിച്ച അപേക്ഷ അനുവദിക്കേണ്ടതില്ലെന്ന് നികുതി വകുപ്പ് തീരുമാനിച്ചു. കേരളത്തില്‍ ലോട്ടറി വില്‍ക്കാന്‍ നാഗാലാന്റ് സര്‍ക്കാറുമായി ഉണ്ടാക്കിയ കരാറിന് അംഗീകാരം ലഭിക്കാനാണ് മാര്‍ട്ടിന്‍ അപേക്ഷ നല്‍കിയത്. വിശദ പരിശോധനയില്‍ കരാറില്‍ നിരവധി അപാകതകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രജിസ്‌ട്രേഷനുള്ള അപേക്ഷ തള്ളിയത്.

ലോട്ടറി വില്‍പ്പന കരാര്‍ ഉണ്ടാക്കുമ്പോള്‍ ഗവര്‍ണറുടെ പേരില്‍ അതെഴുതി ഗവര്‍ണര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ ഒപ്പിടണം. ഇത് ഈ കരാറില്‍ പാലിക്കപ്പെട്ടിട്ടില്ല എന്നും അതിനാല്‍ത്തന്നെ കരാര്‍ അനുവദിക്കാനാവില്ലെന്നും നികുതി വകുപ്പ് അറിയിച്ചു.