കേരോത്പന്നങ്ങള്‍ക്ക് റെക്കോര്‍ഡ്; സ്വര്‍ണ വില കുറഞ്ഞു

Posted on: November 25, 2013 1:06 am | Last updated: November 25, 2013 at 1:06 am

coconutകൊച്ചി: നാളികേരോത്പന്നങ്ങള്‍ സര്‍വകാല റെക്കോര്‍ഡ് നിലവാരത്തില്‍. കുരുമുളക് വിലയില്‍ സാങ്കേതിക തിരുത്തല്‍. ചുക്ക് വിപണി ചുടില്‍. വ്യവസായികള്‍ റബ്ബര്‍ വില വീണ്ടും കുറച്ചത് പ്രതിസന്ധിക്ക് കാരണമായി. സ്വര്‍ണ വില തളര്‍ച്ചയിലാണ്.
നാളികേരോത്പന്നങ്ങള്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുകയാണ്. ടെര്‍മിനല്‍ വിപണിയില്‍ വെളിച്ചെണ്ണ വില അഞ്ചക്കത്തിലേക്ക് ഉയര്‍ന്ന് വാരാന്ത്യം 11,000 രൂപയിലാണ്. പ്രാദേശിക മാര്‍ക്കറ്റിലെ അന്വേഷണങ്ങളുടെ ചുവടു പിടിച്ചാണ് വെളിച്ചെണ്ണ വില കയറിയത്. എന്നാല്‍, കേരളത്തിലും തമിഴ്‌നാട്ടിലും കൊപ്ര ക്ഷാമം തുടരുകയാണ്. കൊപ്ര വില 7300 ല്‍ നിന്ന് 8000 ല്‍ എത്തി. വെളിച്ചെണ്ണ അവധി നിരക്കുകള്‍ 11,350 രൂപയിലെത്തി. ശബരിമല സീസണ്‍ ആരംഭിച്ചതോടെ തേങ്ങക്കും ഡിമാന്‍ഡ് ഉയര്‍ന്നു. ഇത് കൊപ്ര ഉത്പാദനത്തെ ബാധിക്കും.
ഉത്തരേന്ത്യയില്‍ ശൈത്യം കനത്തതോടെ അവിടെ ചുക്കിനു ഡിമാന്‍ഡ് ഏറി. നിത്യേനെ ശരാശരി 1000 ചാക്ക് ചുക്ക് കൊച്ചിയില്‍ വില്‍പ്പനക്കെത്തി. പശ്ചിമേഷ്യന്‍ വിപണികളില്‍ നിന്ന് ചുക്കിന് വന്‍ ഡിമാന്‍ഡ് ആണ്. മീഡിയം ചുക്ക് 18,500 രൂപ. ബെസ്റ്റ് 19,500 രൂപ.
രാജ്യത്ത് കുരുമുളക് ഉത്പാദനം അടുത്ത സീസണില്‍ നടപ്പ് സീസണിനെ അപേക്ഷിച്ച് കുറയും. അന്താരാഷ്ട്ര കുരുമുളക് സമുഹത്തിന്റെ യോഗത്തിലാണ് സ്‌പൈസസ് ബോര്‍ഡിന്റെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അണ്‍ ഗാര്‍ബിള്‍ഡ് മുളകിന് 50,000 രൂപയെന്ന റെക്കോര്‍ഡ് വില രേഖപ്പെടുത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 9100 ഡോളറാണ്. മലേഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റി യോഗത്തില്‍ വിയറ്റ്‌നാം അവരുടെ ഉത്പാദനം ഒരു ലക്ഷം ടണ്ണില്‍ ഒതുങ്ങുമെന്ന് വ്യക്തമാക്കി. നടപ്പ് വര്‍ഷത്തെ അപേക്ഷിച്ച് 20,000 ടണ്ണിന്റെ കുറവ്.
വ്യവസായികളില്‍ നിന്നുള്ള ഡിമാന്‍ഡ് മങ്ങിയത് റബ്ബറിനു തിരിച്ചടിയായി. കൊച്ചി, കോട്ടയം വിപണികളിലേക്കുള്ള ചരക്ക് വരവ് കനത്തു. ഇതിനിടയില്‍ വ്യവസായികള്‍ നാലാം ഗ്രേഡ് 15,800 ല്‍ നിന്ന് 15,400 രൂപയായി ഇടിച്ചു. അഞ്ചാം ഗ്രേഡ് 14,800 ല്‍ നിന്ന് 14,200 രൂപയായി. ലാറ്റക്‌സ് വില കിലോ ഗ്രാമിന് 100 രൂപയായി. അനുകുല കാലാവസ്ഥയില്‍ റബ്ബര്‍ വെട്ട് പുരോഗമിക്കുകയാണ്. കൊച്ചിയില്‍ 1500 ടണ്‍ റബ്ബര്‍ വില്‍പ്പനക്ക് വന്നു.
ജാതിക്കക്ക് വടക്കെ ഇന്ത്യന്‍ വ്യാപാരികളില്‍ നിന്ന് അന്വേഷണങ്ങളുണ്ട്. ജാതിക്ക തൊണ്ടന്‍ 325-350 രൂപയിലും തെണ്ടില്ലാത്തത് 600 -650 ലും ജാതിപത്രി 650-700 രൂപയിലുമാണ്.
സ്വര്‍ണ വില വീണ്ടും താഴ്ന്നു. പവന്‍ 22,800 രൂപയില്‍ നിന്ന് 22,680 രൂപയായി. രാജ്യാന്തര സ്വര്‍ണ വിലയും താഴ്ന്നിട്ടുണ്ട്. ലണ്ടനില്‍ ഔണ്‍സിന് 1290 ഡോളറില്‍ നിന്ന് 1244 ഡോളറായി.