Malappuram
മഅദിനും ദാറുല്‍ മുസ്തഫ യൂനിവേഴ്‌സിറ്റിയും സഹകരിച്ചു പ്രവര്‍ത്തിക്കും

മലപ്പുറം: മഅ്ദിന്‍ അക്കാദമിയും യമന്‍ ഹളര്‍മൗത്തിലെ തരീം അസ്ഥാനമായ ദാറുല്‍ മുസ്തഫ യൂണിവേഴ്‌സിറ്റിയും തമ്മില്‍ പരസ്പര സഹകരണത്തിന് ധാരണയിലെത്തി. ദാറുല്‍ മുസ്തഫയുടെ പതിനേഴാം വാര്‍ഷിക സമ്മേളനത്തിനായി ഹളര്‍മൗത്തിലെത്തിയ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയും ലോക പ്രശസ്ത പണ്ഡിതനും ദാറുല്‍ മുസ്തഫ സ്ഥാപകനുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളും തമ്മില്‍ ഇതു സംബന്ധിച്ച രേഖയില്‍ ഒപ്പുവെച്ചു.
പഠന – പരിശീലന പരിപാടികളില്‍ യോജിച്ച പദ്ധതികള്‍ ആവിഷ്‌കരിക്കാനും കേരളവും യമനും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാംസ്‌കാരിക ബന്ധത്തെപ്പറ്റി സംയുക്ത ഗവേഷണ സംരംഭങ്ങള്‍ ആരംഭിക്കാനും തീരുമാനമായി.
മത-സാംസ്‌കാരിക ജീവിതത്തിലെ ഒരുമ കൊണ്ട് ശ്രേഷ്ഠ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന കേരളവുമായി വൈജ്ഞാനിക രംഗത്ത് പുതിയ ബന്ധം സൃഷ്ടിക്കാനാവുന്നുവെന്നത് ഹളര്‍മൗത്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണെന്ന് ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പറഞ്ഞു.
മാനവികതയിലൂന്നിയ യഥാര്‍ത്ഥ ഇസ്‌ലാമിക മാര്‍ഗത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഹളര്‍മൗത്ത് എന്നും അവിടെ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദക്ഷിണേന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് എത്തിയ പ്രവാചക കുടുംബങ്ങളും പണ്ഡിതരും ആ പാരമ്പര്യമാണ് കാത്തു സൂക്ഷിക്കുന്നതെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഒപ്പുവെക്കല്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. മുപ്പതോളം നബി കുടുംബങ്ങള്‍ ഹളര്‍മൗത്തില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട്. മത സൗഹാര്‍ദ്ദത്തിനും പാരസ്പര്യത്തിനുമായുള്ള അവരുടെ അശ്രാന്ത പരിശ്രമങ്ങള്‍ രാജ്യ പുരോഗതിയില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യമനിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര നഗരങ്ങളിലൊന്നും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പാരമ്പര്യ കേന്ദ്രവുമായ തരീമിലെ ദാറുല്‍ മുസ്തഫയില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും വിവിധ പഠന പരിപാടികള്‍ക്കായി എല്ലാ വന്‍കരകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഗവേഷകരും ഇവിടെയെത്തുന്നുണ്ട്.