Connect with us

Kasargod

അധികൃതര്‍ റോഡ് നന്നാക്കിയില്ല; നാട്ടുകാര്‍ വാഴനട്ട് പ്രതിഷേധിച്ചു

Published

|

Last Updated

തൃക്കരിപ്പൂര്‍: തകര്‍ന്ന റോഡില്‍ നാട്ടുകാര്‍ വാഴവെച്ച് പ്രതിഷേധിച്ചു. തെക്കുമ്പാട് വായനശാലക്ക് പരിസരത്തെ റോഡിലാണ് നാട്ടുകാര്‍ വാഴവെച്ചത്. കുണ്ടും കുഴിയുമായ റോഡ് നവീകരിക്കാമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കാതെയായപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധസൂചകമായി റോഡില്‍ വാഴവെച്ചത്. പൊട്ടിത്തകര്‍ന്ന റോഡില്‍ കൂടിയുള്ള ഗതാഗതം ഏറെ ദുസ്സഹമായതും താത്കാലിക ശമനത്തിനായി നിക്ഷേപിച്ച ജില്ലിപ്പൊടി കാറ്റില്‍പ്പറന്ന് പരിസ്ഥിതിപ്രശ്‌നം ഉണ്ടാക്കുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ റോഡിലിറങ്ങിയത്.
തൃക്കരിപ്പൂരില്‍ നിന്നും പയ്യന്നൂരിലേക്കുള്ള പാതയില്‍ തെക്കുമ്പാട് റോഡ് തകര്‍ന്നിട്ട് നാളുകളേറെയായി. തകര്‍ന്ന് സ്ഥിരമായി വലിയ കുളമായി മാറിയ ഈ റോഡിന്റെ അവസ്ഥ പഞ്ചായത്തിനെയും പൊതുമരാമത്തിനെയും അറിയിച്ചിട്ടും നടപടികളൊന്നും ഉണ്ടായില്ല. നാട്ടുകാരുടെ പ്രതിഷധം ശക്തമായപ്പോള്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, പി ഡബ്ല്യു ഡി എന്‍ജിനീയര്‍ എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. താത്കാലിക പരിഹാരമായി തകര്‍ന്ന റോഡില്‍ ജില്ലിപ്പൊടിയിട്ട് നികത്തുകയുചെയ്തു. മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാല്‍ നിര്‍മിക്കാമെന്നും എത്രയും വേഗം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നുവെങ്കിലും മാസം രണ്ടുകഴിഞ്ഞിട്ടും നടപടികളൊന്നും ഉണ്ടാകാത്തതിനാലാണ് നാട്ടുകാര്‍ റോഡിര്‍ വാഴനട്ട് പ്രതിഷേധിച്ചത്.