Kerala
എസ് വൈ എസ് മിഷന്‍ 2014 ന് തുടക്കമായി

കോഴിക്കോട്: ആനുകാലിക കേരളത്തിന്റെ മുസ്‌ലിം മുന്നേറ്റത്തില്‍ ആധികാരിക യുവജന പ്രസ്ഥാനമായ എസ് വൈ എസിന് പുതിയ ചരിത്രം. “യൗവ്വനം നാടിനെ നിര്‍മിക്കുന്നു” എന്ന പ്രമേയവുമായി എസ് വൈ എസ് സംസ്ഥാന വ്യാവകമായി സംഘടിപ്പിക്കുന്ന മിഷന്‍ 2014 ന് തുടക്കമായി. കോഴിക്കോട് അരയിടത്തുപാലത്ത് നടന്ന പ്രഖ്യാപന സമ്മേളനം അഖിലേന്ത്യാ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പദ്ധതി പ്രഖ്യാപനം നടത്തി. ആരോഗ്യപരമായ കുടുംബ ജീവിതത്തിനും അതുവഴി ക്രിയാത്മകമായ സാമൂഹിക ജീവിതത്തിനും മുസ്‌ലിം പെണ്‍കുട്ടികളെ സജ്ജരാക്കുന്ന പദ്ധതികള്‍ക്കാണ് മിഷന്‍ 2014 ഊന്നല്‍ നല്‍കുന്നത്. ആതുര സേവന രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന സാന്ത്വനം രണ്ടാംഘട്ട പദ്ധതികളും ഇതിന്റെ ഭാഗമായി നടക്കും.
ആരോഗ്യ മനശാസ്ത്ര മേഖലകളിലെ വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് മഹല്ലുതലങ്ങളില്‍ പ്രിമാരിറ്റല്‍ കൗണ്‍സിലുകള്‍, ഹെല്‍ത്ത് സ്‌കൂള്‍, യുവജനസംഗമങ്ങള്‍ എന്നിവ നടക്കും. സാന്ത്വനം പദ്ധതികള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് സ്‌നേഹതീരം, വാര്‍ഡ് നവീകരണം, സൗജന്യ നിരക്കില്‍ മരുന്നു ലഭ്യമാക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍, മഹല്ലു തലങ്ങളില്‍ അവശരായ രോഗികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന സാന്ത്വനം ക്ലബ്ബുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും. മിഷന്‍ 2014 ന്റെ ഭാഗമായി നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് എസ് വൈ എസ് പരിശീലനം നല്‍കി കഴിഞ്ഞു.
അരയിടത്തു പാലം കോണ്‍ഫിഡന്റ് ഗ്രൗണ്ടില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ സോണ്‍ ഘടകങ്ങളുടേയും ഭാരവാഹികളടക്കം തിരഞ്ഞെടുത്ത 2500 പ്രതിനിധികള്‍ പങ്കെടുത്തു.
സമസ്ത ട്രഷറര്‍ സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പ്രൊഫ എ കെ അബ്ദുല്‍ഹമീദ്, വി പി എം ഫൈസി വില്ല്യാപ്പള്ളി, അബ്ദുല്‍ കലാം മാവൂര്‍ പ്രസംഗിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, എസ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ത്വാഹാ തങ്ങള്‍, തുറാബ് തങ്ങള്‍, അബ്ദുല്‍ ഫത്താഹ് അവേലം, എ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, പി ടി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, ലത്തീഫ് സഅദി പഴശ്ശി, മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം, ബി എസ് അബ്ദുള്ളക്കുഞ്ഞി ഫൈസി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എന്‍ എം സ്വാദിഖ് സഖാഫി, അലി ദാരിമി എറണാംകുളം സംബന്ധിച്ചു. സി പി സൈതലവി മാസ്റ്റര്‍ സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.