പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് ദുര്‍ബലനാക്കി: മുലായം

Posted on: November 23, 2013 12:15 am | Last updated: November 22, 2013 at 11:15 pm

ബറേലി: കോണ്‍ഗ്രസ് സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ പ്രധാനമന്ത്രിയെ ദുര്‍ബലനാക്കിയെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. ഇത് രാജ്യത്തിന് ഗുണകരമല്ലെന്നും ബറേലിയില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
കോടതി ശിക്ഷിച്ച ജനപ്രതിനിധികള്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് നടത്തിയ പരാമര്‍ശം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന്, രാഹുലിന്റെ പേരെടുത്ത് പറയാതെ മുലായം പറഞ്ഞു. ഈ വിധം പ്രവര്‍ത്തിക്കുന്ന വ്യക്തി രാജ്യം ഭരിക്കാന്‍ യോഗ്യനല്ല. ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ നിലപാടെടുത്തപ്പോള്‍ പ്രധാനമന്ത്രി രാജി വെക്കണമായിരുന്നുവെന്നും മുലായം അഭിപ്രായപ്പെട്ടു.
യു പി എ സര്‍ക്കാറിന് പുറത്ത് നിന്ന് പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണ് സമാജ്‌വാദി പാര്‍ട്ടി. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിക്കൊപ്പം നിന്നേക്കുമെന്ന സൂചനയും മുലായം നല്‍കി. കോണ്‍ഗ്രസിനെയും ബഹുജന്‍ സമാജ് പാര്‍ട്ടിയെയും ബി ജെ പിയെയും രൂക്ഷമായി വിമര്‍ശിച്ച മുലായം, മൂന്നാം മുന്നണിയായിരിക്കും കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നും അഭിപ്രായപ്പെട്ടു. അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണ പദ്ധതി നടപ്പാക്കും. യു പിയില്‍ നിന്ന് ലോക്‌സഭയിലേക്ക് 80 സീറ്റുകളുണ്ട്. അവയിലെല്ലാം തങ്ങള്‍ക്ക് ജയിക്കാനാകും. കേന്ദ്രത്തിലെ അധികാരത്തിന്റെ താക്കോല്‍ യു പിയുടെ കൈകളിലാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും മുസ്‌ലിംകളായ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മുലായം പറഞ്ഞു.
റാലിയില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും പ്രസംഗിച്ചു. ഭൂമിയില്‍ വേരോട്ടമുള്ള നേതാക്കളും അന്തരീക്ഷത്തില്‍ പാറിപ്പറന്ന് നടക്കുന്ന നേതാക്കളും തമ്മിലായിരിക്കും അടുത്ത തിരഞ്ഞെടുപ്പിലെ മത്സരം. കലാപം നടന്ന മുസാഫര്‍നഗര്‍ ജില്ലയില്‍ ക്രമസമാധാനപാലനത്തിന് ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കുഴപ്പങ്ങളുണ്ടാക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.