Connect with us

Kozhikode

വധശ്രമം: സി പി എം പ്രവര്‍ത്തകര്‍ക്ക് 15 വര്‍ഷം തടവും 30,000 രൂപ പിഴയും

Published

|

Last Updated

തലശ്ശേരി: വ്യാപാരിയും ബി ജെ പി പ്രവര്‍ത്തകനുമായ ചൊക്ലി ഒളവിലത്തെ പുനത്തില്‍ വീട്ടില്‍ പി കെ സുധീഷിനെ (40) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ആറ് സി പി എം പ്രവര്‍ത്തകരെ വിവിധ വകുപ്പുകള്‍ പ്രകാരം 15 വര്‍ഷം തടവിനും 30,000 രൂപ വീതം പിഴയൊടുക്കാനും തലശ്ശേരി അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി എ എഫ് വര്‍ഗീസ് ശിക്ഷിച്ചു.
ഒളവിലത്തെ കേളോത്ത് നന്ദകുമാര്‍ (49), അമ്മന്‍ചാലില്‍ രാജീവന്‍ (39), വി പി വിനോദ് (39), കെ കെ ലിജേഷ് (31), എം സിജി (35) ശ്രീവിഹാറില്‍ സിജു (31) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പ്രതികള്‍ പിഴയടച്ചാല്‍ സംഖ്യയില്‍ നിന്ന് 1,50,000 രൂപ വധശ്രമത്തിന് വിധേയനായ സുധീഷിന് നല്‍കണം.
പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം വീതം അധിക തടവ് അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാനിയമം 147 പ്രകാരം ഒരു വര്‍ഷം, 145 പ്രകാരം മൂന്ന് വര്‍ഷം തടവും 10000 രൂപ പിഴയും, 452 പ്രകാരം ആറ് മാസം, 324പ്രകാരം അഞ്ച് വര്‍ഷവും 10,000 രൂപ പിഴയും 326 പ്രകാരം ആറ് മാസം, 307ല്‍ അഞ്ച് വര്‍ഷവും 10,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ.
ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന് വിധിന്യായത്തിലുള്ളതിനാല്‍ ഓരോരുത്തരും അഞ്ച് വര്‍ഷം വീതം തടവും 30,000 വീതം പിഴയടച്ചാലും മതി. 2007 ഫെബ്രുവരി എട്ടിന് രാത്രിയിലാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്.

Latest