ഫിലിപ്പൈന്‍സില്‍ മരണ സംഖ്യ 5000 കവിഞ്ഞു

Posted on: November 22, 2013 11:00 pm | Last updated: November 22, 2013 at 11:03 pm
PHILIPAIN
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമല്ലാത്ത ഫിലിപ്പൈന്‍സിലെ ഗുയ്‌യാനില്‍ ഹെലികോപ്റ്ററില്‍ നിന്ന് താഴേക്കിട്ട ഭക്ഷണ പൊതികള്‍ ലഭിക്കാനായി തിരക്ക് കൂട്ടുന്നവര്‍

മനില: ഫിലിപ്പൈന്‍സിനെ ദുരിതക്കടലിലാഴ്ത്തിയ ഹൈയാന്‍ ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം അയ്യായിരം കവിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പ് ആഞ്ഞടിച്ച കാറ്റില്‍ 5,209 പേര്‍ മരിച്ചുവെന്നും 1,600 പേരെ കാണാതായിട്ടുണ്ടെന്നും ദേശീയ ദുരന്ത നിവാരണ ഏജന്‍സിയുടെ വക്താക്കള്‍ അറിയിച്ചു. മരണ സംഖ്യ സംബന്ധിച്ച് നേരത്തെ പുറത്തുവന്ന കണക്കുകള്‍ തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മരണ സംഖ്യ പതിനായിരം കവിഞ്ഞിട്ടുണ്ടെന്ന് യു എന്‍ അടക്കമുള്ള സംഘടനകളും പാശ്ചാത്യ വാര്‍ത്താ ഏജന്‍സികളും പുറത്തുവിട്ടിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മരണ സംഖ്യ സ്ഥിരീകരിച്ച ദുരന്തമായി ഹൈയാന്‍ മാറി. 5,101 പേരുടെ മരണത്തിനിടയാക്കിയ 1991ലെ വെള്ളപ്പൊക്കമായിരുന്നു ഇതുവരെ ഫിലിപ്പൈന്‍സിലെ ഏറ്റവും വലിയ ദുരന്തമായി കണക്കാക്കിയിരുന്നത്.
ഹൈയാന്‍ ദുരന്തത്തില്‍ മധ്യ ഫിലിപ്പൈന്‍സിലെ നിരവധി തീരദേശ പ്രദേശങ്ങള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്നും ഏകദേശം 40 ലക്ഷം ജനങ്ങളുടെ വീടുകള്‍ ഇല്ലാതായിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അഭയാര്‍ഥികളായ പതിനായിരക്കണക്കിനാളുകളുടെ സ്ഥിതി ദയനീയമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമാണെങ്കിലും പലമേഖലകളിലും അഭയാര്‍ഥികള്‍ക്ക് ഭക്ഷണം പോലും നേരാവണ്ണം എത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.
ലെയ്ത് പ്രവിശ്യയിലെ ടൊക്‌ലാബാന്‍ മേഖലയിലാണ് ഏറ്റവും കൂടുതലാളുകള്‍ മരിച്ചത്. ഇവിടെ മാത്രം 1, 725 പേര്‍ മരിച്ചിട്ടുണ്ട്. ടെക്‌ലോബാനടക്കമുള്ള ദുരന്ത മേഖലയിലെ തകര്‍ന്ന വാര്‍ത്താ വിനിമയ, ഗതാഗത, വൈദ്യുതി സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്.