ഋഷിരാജ് സിംഗ് ഇടപെട്ടു, താര വാഹനത്തിനും പിഴ

Posted on: November 22, 2013 7:50 am | Last updated: November 22, 2013 at 9:52 am

കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡിസ് ഏകദിന വേദിയിലും ഋഷിരാജ് സിംഗ് ഇഫക്ട്. താരങ്ങളെ വഹിച്ചുകൊണ്ടുവന്ന രണ്ട് വോള്‍വോ ബസുകള്‍ക്ക് സിംഗിന്റെ നിര്‍ദേശ പ്രകാരം മോട്ടോര്‍ വാഹന വകുപ്പ് 70,000 രൂപവീതം പിഴയിട്ടു. മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി ഇല്ലാതെ വാഹനങ്ങളില്‍ പരസ്യം പതിച്ചതിനാലാണ് പിഴയിട്ടത്. എയര്‍ ഏഷ്യയുടേയും എ.വി.റ്റിയുടേയും കൂറ്റന്‍ പരസ്യങ്ങളാണ് ഇരുവാഹനങ്ങളിലും പതിച്ചിരുന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റെ ‘തേര്‍ഡ് ഐ’ എന്ന സംവിധാനത്തിലൂടെ ബസുകളെ കുറിച്ച് പരാതി വന്നതിനെ തുടര്‍ന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ആര്‍.റ്റി.ഒ നടപടി സ്വീകരിച്ചത്. മല്‍സരം കഴിഞ്ഞ് താരങ്ങളെ എയര്‍പോര്‍ട്ടിലാക്കിയതിനുശേഷം ഇന്ന് ഉച്ചയോടെ രണ്ടു വാഹനങ്ങളും ആര്‍.ടി.ഒ യുടെ മുമ്പാകെ ഹാജരാക്കണമെന്ന് നിര്‍ദേശം നല്‍കിയതായി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഏകദിന മല്‍സരത്തിന്റെ ഭാഗമായി ഓടിയ 15 വാഹനങ്ങള്‍ക്കെതിരെയും മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ഫിലിം ഒട്ടിച്ചതിനെ തുടര്‍ന്നാണ് നടപടി.ഇതില്‍ രണ്ടെണ്ണം ബി.സി.സി.ഐ ഒഫീഷ്യലുകള്‍ സഞ്ചരിച്ച വഹനങ്ങളാണ്. ഈ വാഹനങ്ങളില്‍ നിന്നെല്ലാം സണ്‍ഫിലിം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായും അധികൃതര്‍ പറഞ്ഞു. ഇതു കൂടാതെ ജനറേറ്റര്‍ സ്ഥാപിച്ചിരുന്ന രണ്ടു വാഹനങ്ങളും മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.