ഇറാന്‍ എംബസിയില്‍ ഇരട്ട സ്‌ഫോടനം: 22 മരണം

Posted on: November 20, 2013 5:38 am | Last updated: November 20, 2013 at 8:40 am

ബൈറൂത്ത്: ബൈറൂത്തിലെ ഇറാന്‍ എംബസിയെ ലക്ഷ്യം വെച്ച ഇരട്ട ബോംബ് സ്‌ഫോടനങ്ങളില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ കലാകാരന്‍ ഇബ്‌റാഹീം അന്‍സാരിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അല്‍ഖാഇദ നേതൃത്വത്തിലുള്ള തീവ്രവാദ ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്.
ചാവേര്‍ ആക്രമണവും ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് അറിയിച്ചു. 2006 ല്‍ ഇറാന്‍ സൈന്യം ശിയാ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുല്ലയെ പിന്തുണച്ചിരുന്നു. ഇറാന്‍ ഇപ്പോഴും സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ അനുകൂലിക്കുന്നുണ്ടെന്നാണ് ആരോപണം. എന്നാല്‍ ടെഹ്‌റാന്‍ ഇക്കാര്യം നിഷേധിക്കുന്നുണ്ട്.
ഇന്നലെയുണ്ടായ ആക്രമണത്തില്‍ ബൈറൂത്ത് എംബസി ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്. നൂറോളം പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരുക്കേറ്റതെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനത്തില്‍ എംബസി വളപ്പിലെ കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു.
എംബസിയുടെ ഗേറ്റിനു മുന്നില്‍ നിരവധി മൃതദേഹങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുന്നത് കാണാമായിരുന്നുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ എംബസി സ്ഥിതി ചെയ്യുന്ന തെക്കന്‍ ബൈറൂത്തിലെ ഈ പ്രദേശം ശിയാക്കളുടെ ശക്തി കേന്ദ്രമാണ്.
സിറിയയിലെ ആക്രമണത്തിന്റെ പേരില്‍ നേരത്തെയും ബൈറൂത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ ശിയാ കേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 65 പേരാണ് കൊല്ലപ്പെട്ടത്.