വെള്ളയൂര്‍ വില്ലേജിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

Posted on: November 20, 2013 8:37 am | Last updated: November 20, 2013 at 8:37 am

കാളികാവ്: വില്ലേജ് ഓഫീസറുടെ കസേര ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ രണ്ടാഴ്ചക്കിടെ അധിക ചുമതലയില്‍ എത്തിയത് നാല് വില്ലേജ് ഓഫീസര്‍മാര്‍. കാളികാവ്, വണ്ടൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളയൂര്‍ വില്ലേജിനാണ് ഈ ദുരവസ്ഥയുള്ളത്.
ആറ് മാസത്തിലധികമായി സ്ഥിരമായി വില്ലേജ് ഓഫീസറുടെ കസേര ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ വില്ലേജ് പരിധിയിലെ ജനങ്ങള്‍ ദുരിതത്തിലാണ്. സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറുടെ തസ്തികയും വെള്ളയൂര്‍ വില്ലേജ് ഓഫീസില്‍ ഒഴിഞ്ഞ് കിടക്കുകയാണ്.
പദ്ധതി നിര്‍വ്വഹണ സമയമായതിനാല്‍ സര്‍ക്കാറില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കേറ്റ് ആവശ്യമാണ്. വില്ലേജ് ഓഫീസില്‍ നിന്ന് സര്‍ട്ടിഫിക്കേറ്റുകള്‍ കിട്ടാന്‍ കഴിയാത്തത് ജനങ്ങളെ ദുരിതത്തിലാക്കി.
കാളികാവ് വില്ലേജ് ഓഫീസിന്റെ തൊട്ടടുത്ത കാളികാവ് അങ്ങാടി മുതല്‍ തച്ചങ്കോട് വരേയും. വരമ്പന്‍കല്ല്, കൂരാട്, തെക്കുംപുറം, പരിയങ്ങാട്, മാളിയേക്കല്‍, വെള്ളപൊയില്‍ ഉള്‍പ്പെട്ട പ്രദേശവും. പൂങ്ങോട് തൊടിയപ്പുലം വരേയുള്ള വലിയൊരു പ്രദേശമാണ് വെള്ളയൂര്‍ വില്ലേജ് ഓഫീസിന്റെ പരിധി.
മിക്ക സ്ഥലങ്ങളില്‍ നിന്നും ഓഫീസിലെത്താന്‍ തന്നെ വളരേയധികം പാട് പെടണം. മറ്റ് ഓഫീസുകളോ, പ്രധാനപ്പെട്ട അങ്ങാടികളോ ഇല്ലാത്തിനാല്‍ വില്ലേജ് ഓഫീസിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഇവിടെ വരെ വരണം.
വില്ലേജ് ഓഫീസറുടെ ഒപ്പോടു കൂടിയ ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പല തവണ കറുത്തേനിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളയൂര്‍ വില്ലേജ് ഓഫീസില്‍ എത്തേണ്ടഗതികേടിലാണ് ജനങ്ങള്‍. വില്ലേജ് ഓഫീസര്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാനും സാധ്യമല്ല. കാളികാവ് വില്ലേജ് ഓഫീസറായതിനാല്‍ ഇവിടെ തന്നെ ജോലിഭാരം കൂടുതലാണ്.
കോണ്‍ഫറന്‍സുകളും മറ്റുമായി ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി പോകേണ്ടതിനാല്‍ വല്ലപ്പോഴും മാത്രമാണ് വെള്ളയൂര്‍ വില്ലേജ് ഓഫീസില്‍ എത്താറുള്ളത്. രണ്ടാഴ്ചക്കിടെ വണ്ടൂര്‍, മമ്പാട്, ചോക്കാട്, കാളികാവ് എന്നീ വില്ലേജ് ഓഫീസുകളിലെ ഓഫീസര്‍മാര്‍ക്ക് അധിക ചുമതല നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം മുതല്‍ കാളികാവ് വില്ലേജ് ഓഫീസര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. വണ്ടൂര്‍ വില്ലേജ് ഓഫീസര്‍ പ്രൊമോഷനായി പോയതിനെ തുടര്‍ന്ന് വെള്ളയൂര്‍ വില്ലേജ് ഓഫീസര്‍ക്ക് വണ്ടൂരിന്റെ കൂടി അധിക ചുമതല നല്‍കുകയായിരുന്നു.
പിന്നീട് വണ്ടൂര്‍ വില്ലേജ് ഓഫീസറായി വെള്ളയൂര്‍ വില്ലേജ് ഓഫീസറെ നിയമിക്കുകയായിരുന്നു. ഇതോടെ നാഥനില്ലാത്ത വില്ലേജ് ഓഫീസായി വെള്ളയൂര്‍ വില്ലേജ് മാറി. സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറുടെ തസ്തികയും ഇവിടെ ഒഴിഞ്ഞ് കിടക്കുകയാണ്.
ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്കുള്ള അക്ഷയകേന്ദ്രങ്ങള്‍ പോലുള്ള സംവിധാനവും ഇവിടെയില്ലാത്തതിനാല്‍ വെള്ളയൂര്‍ ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ക്ക് ആളുകള്‍ നേരിട്ട് എത്തേണ്ട അവസ്ഥയുമാണ്. വെള്ളയൂര്‍ വില്ലേജ് ഓഫീസില്‍ ഓഫീസറെ നിയമിക്കാത്തതിനാല്‍ കാളികാവിലേയും ജനങ്ങള്‍ പ്രയാസത്തിലായിട്ടുണ്ട്.
കാളികാവ് വില്ലേജ് ഓഫീസര്‍ക്ക് അധിക ചുമതല നല്‍കിയത് കൊണ്ടാണിത്. വെള്ളയൂര്‍ വില്ലേജ് ഓഫീസില്‍ അടിയന്തിരമായി ഓഫീസറേയും, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറേയും നിയമികത്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.