Connect with us

Sports

സൗഹൃദ ഫുട്ബാള്‍: അര്‍ജന്റീന, ഇന്ത്യ, റഷ്യ ജയിച്ചു

Published

|

Last Updated

രാജ്യാന്തര സൗഹൃദഫുട്‌ബോളില്‍ അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബോസ്‌നിയ-ഹെര്‍സെഗൊവിനയെ തോല്‍പ്പിച്ചപ്പോള്‍ ഇതേ മാര്‍ജിനില്‍ ഇന്ത്യ നേപ്പാളിനെയും കീഴടക്കി. നൈജീരിയക്ക് മുന്നില്‍ ഇറ്റലി സമനിലയുമായി (2-2) രക്ഷപ്പെട്ടു. ആസ്‌ത്രേലിയ 1-0ന് കോസ്റ്ററിക്കയെയും റഷ്യ 2-1ന് ദക്ഷിണകൊറിയയെയും തോല്‍പ്പിച്ചു. കിര്‍ഗിസ്ഥാന്‍-അസര്‍ബൈജാന്‍ ഗോള്‍രഹിതം.
ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ അഭാവത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യെറോയുടെ ഇരട്ട ഗോളുകളാണ് അര്‍ജന്റീനക്ക് ജയമൊരുക്കിയത്. ക്രോസ് ബോള്‍ വലയിലേക്ക് തട്ടിയിട്ട് അഗ്യെറോ ആദ്യ പകുതിക്ക് തൊട്ട് മുമ്പ് ലീഡ് നല്‍കി. അറുപത്താറാം മിനുട്ടില്‍ ഇടങ്കാലനടിയിലൂടെ സ്റ്റോക് സിറ്റി ക്ലബ്ബിന്റെ ഗോളി അസ്മിര്‍ ബെഗോവിചിനെ കീഴടക്കി അഗ്യെറോ രണ്ടാം ഗോളടിച്ചു.
മാഞ്ചസ്റ്റര്‍ സിറ്റിക്കായി സീസണില്‍ പതിമൂന്ന് ഗോളുകള്‍ നേടിക്കഴിഞ്ഞ അഗ്യെറോയുടെ തകര്‍പ്പന്‍ ഫോം അര്‍ജന്റീനക്കും ആശ്വാസമാകുന്നു. അവസാനം കളിച്ച പന്ത്രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അര്‍ജന്റീന തോറ്റത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇക്വഡോറുമായി ഗോള്‍രഹിതസമനിലയായിരുന്നു ഫലം. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വെയോടാണ് അര്‍ജന്റീനയുടെ ഏക തോല്‍വി.
നേപ്പാളിനെതിരെ സുനില്‍ ഛേത്രി, ക്ലിഫോര്‍ഡ് മിറാന്‍ഡ ഇരുപകുതികളിലായി സ്‌കോര്‍ ചെയ്തു. ഇരുപത്തൊന്നാം മിനുട്ടില്‍ ഗോള്‍ നേടിയ ഛേത്രി ഇന്ത്യന്‍ ഫുട്‌ബോളിലെ ചരിത്രപുരുഷനായി മാറി. ബൈച്ചുംഗ് ബൂട്ടിയയുടെ പേരിലുള്ള 42 ഗോളുകളുടെ റെക്കോര്‍ഡ് മറികടന്ന്, രാജ്യത്തിനായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമായി ഛേത്രി മാറി. സാഫ് കപ്പില്‍ നേപ്പാളിനോട് 2-1ന് തോറ്റ ഇന്ത്യക്ക് ഈ വിജയം മധുരതരമായി. വിം കോവര്‍മാന്‍സ് ഹെഡ് കോച്ചായതിന് ശേഷം ഇന്ത്യ നേടുന്ന ആദ്യ രാജ്യാന്തര സൗഹൃദ മത്സരജയാണ്. ഫലസ്തീനോട് 4-2നും താജിക്കിസ്ഥാനോട് 3-0ന് ഇന്ത്യ തോറ്റിരുന്നു. ഈ മാസം പതിനാറിന് ഫിലിപ്പൈന്‍സിനോട് 1-1 സമനില. ഛേത്രി തന്റെ റെക്കോര്‍ഡ് മറികടക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ ബൈച്ചുംഗ് ബൂട്ടിയ സ്റ്റേഡിയത്തിലുണ്ടായിരുന്നു. മത്സരശേഷം ഛേത്രിയെ അഭിനന്ദിക്കാന്‍ ബൂട്ടിയ ഓടിയെത്തി.
ആവേശകരമായ മത്സരത്തില്‍ പന്ത്രണ്ടാം മിനുട്ടില്‍ ഗ്യൂസെപ്പെ റോസിയിലൂടെ ഇറ്റലിയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ ആദ്യപകുതിയില്‍ നാല് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ (35, 39) നേടി ആഫ്രിക്കന്‍ ടീം ഞെട്ടിച്ചു. ബ്രൈറ്റ് ഡികെയും അമിയോബിയുമാണ് സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയിലെ ആദ്യ മിനുട്ടില്‍ ജിയാന്‍ചെരിയിലൂടെ ഇറ്റലി ആവേശകരമായ സമനില പിടിച്ചു. ഒഴുക്കുള്ള ഗെയിമാണ് നൈജീരിയ പുറത്തെടുത്തത്. വിക്ടര്‍ മോസസ് ഇറ്റാലിയന്‍ പ്രതിരോധനിരയിലേക്ക് നിരവധി തവണ വിംഗ് ആക്രമണം നടത്തി. അവസാനം കളിച്ച പന്ത്രണ്ട് സൗഹൃദ മത്സരങ്ങളില്‍ ഇറ്റലിക്ക് ഒരും ജയം മാത്രം. നാലെണ്ണം സമനില.
കോസ്റ്ററിക്കക്കെതിരെ ആസ്‌ത്രേലിയയുടെ ഗോള്‍ ടിം കാഹില്‍ നേടി. പുതിയ കോച്ച് അഗെ പോസ്റ്റകോഗ്ലോവിന് വിജയത്തുടക്കം ലഭിച്ചു. ന്യൂയോര്‍ക്ക് റെഡ് ബുള്‍സിന്റെ സ്‌ട്രൈക്കകര്‍ അറുപത്തൊമ്പതാം മിനുട്ടില്‍ ഹെഡറിലൂടെയാണ് ഗോള്‍ നേടിയത്.
ഇതോടെ, ആസ്‌ത്രേലിയയുടെ എക്കാലത്തേയും സ്‌കോറിംഗ് റെക്കോര്‍ഡായ ഡാമിയന്‍ മോറിസിന്റെ ഇരുപത്തൊമ്പത് ഗോളുകള്‍ക്കൊപ്പമെത്തി. അതുപോലെ ലുകാസ് നീല്‍ അറുപത്തൊന്ന് മത്സരങ്ങളില്‍ ആസ്‌ത്രേലിയയുടെ ക്യാപ്റ്റനായി പുതിയ റെക്കോര്‍ഡിട്ടു. കാഹിലിനിത് അറുപത്തഞ്ചാം മത്സരമായിരുന്നു.