ഇത്തിഹാദും എമിറേറ്റ്‌സും വിമാനങ്ങളും ഓഹരികളും വാരിക്കൂട്ടുന്നു

Posted on: November 19, 2013 6:30 pm | Last updated: November 19, 2013 at 6:30 pm

ദുബൈ: ഇത്തിഹാദ്, എമിറേറ്റ്‌സ് എയര്‍ലൈനറുകള്‍ സംയോജിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാകുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. ദുബൈ വ്യോമ പ്രദര്‍ശനത്തിലെ കരാറുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്.
ദുബൈ വ്യോമ പ്രദര്‍ശനത്തില്‍ യു എ ഇ എയര്‍ലൈനറുകളായ എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈദുബൈയും വിമാനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലും നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും മത്സരിക്കുകയാണ്.
ലോകത്തെ ഏറ്റവും ആധുനിക വിമാനങ്ങള്‍ക്കാണ് ഇവര്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 9,900 കോടി ഡോളര്‍ വിലവരുന്ന 200 ലധികം വിമാനങ്ങള്‍ക്ക് കരാറൊപ്പിട്ടു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു വലിയ കരാറുകള്‍. 200 വിമാനങ്ങളില്‍ 150 ഉം ബോയിംഗ് 777 എക്‌സ് ആയിരിക്കും. 7,600 കോടി ഡോളറാണ് വില. ഇത് കൂടാതെ എയര്‍ ബസുകളുമായും കരാറൊപ്പിട്ടു. എ 380 വിഭാഗത്തില്‍പ്പെട്ട 50 എയര്‍ക്രാഫ്റ്റുകളാണ് എമിറേറ്റ് കരസ്ഥമാക്കുന്നത്. 2,300 കോടിയാണ് വില. 2020നും 2025നും ഇടയില്‍ എല്ലാ വിമാനങ്ങളും ദുബൈയില്‍ എത്തുമെന്ന് എമിറേറ്റ്‌സ് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് പറഞ്ഞു. ഇത്തിഹാദ് എയര്‍വേസ്, മിക്ക വിമാനക്കമ്പനികളില്‍ നിന്നും ഓഹരി വാങ്ങുന്നുണ്ട്. ഇന്ത്യയുടെ ജെറ്റ് എയര്‍വേസിനു പിന്നാലെ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഡാര്‍വിന്‍ എയര്‍ലൈനറുമായും കരാറൊപ്പിട്ടു. 33.3 ശതമാനം ഓഹരി ഇത്തിഹാദിനു സ്വന്തമാകും.
ഡാര്‍വിന്‍ എയര്‍ക്രാഫ്റ്റില്‍ ഇത്തിഹാദിന്റെ ലോഗോ കൂടി സ്ഥാനം പിടിക്കുമെന്ന് ഇത്തിഹാദ് പ്രസിഡന്റ് ജെയിംസ് ഹോഗന്‍ പറഞ്ഞു.