ജില്ലാ സ്‌കൂള്‍ കായികമേളയില്‍ പറളി സബ്ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി

Posted on: November 19, 2013 8:19 am | Last updated: November 19, 2013 at 8:19 am

പാലക്കാട്: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഒന്നരപതിറ്റാണ്ടു കാലം മണ്ണാര്‍ക്കാട് സ്വന്തമാക്കിവെച്ച കുത്തക തകര്‍ത്ത് പറളി സബ്ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 359 പോയിന്റ് നേടിയാണ് പറളി കിരീടം ചൂടിയത്. സ്‌കൂള്‍ അടിസ്ഥാനത്തില്‍ കല്ലടി കുമരംപുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് ഒന്നാംസ്ഥാനം. കല്ലടി സ്‌കൂളിന് 251 പോയിന്റുണ്ട്.
37 സ്വര്‍ണവും 39 വെള്ളിയും 31 വെങ്കലവുമായാണ് പറളിയുടെ താരങ്ങള്‍ കീരീടം വെട്ടിപ്പിടിച്ചത്. പറളിയുടെ കുതിപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മണ്ണാര്‍ക്കാട് സബ്ജില്ലയ്ക്ക് 329 പോയിന്റുണ്ട്. 36 സ്വര്‍ണവും 33 വെള്ളിയും 19 വെങ്കലവുമാണ് മണ്ണാര്‍ക്കാടിന്റെ താരങ്ങള്‍ നേടിയത്. നാല് സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവുമായി 45 പോയന്റ് നേടി കുഴല്‍മന്ദം സബ്ജില്ലയാണ് മൂന്നാംസ്ഥാനം സ്വന്തമാക്കിയത്.
തുടര്‍ച്ചയായി 16ാം വര്‍ഷമാണ് സ്‌കൂള്‍ അടിസ്ഥാനത്തില്‍ കല്ലടി കുമരംപുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുതിപ്പ് തുടരുന്നത്.
30 സ്വര്‍ണവും 29 വെള്ളിയും 14 വെങ്കലവുമായി 251 പോയന്റ് നേടിയാണ് അവര്‍ ഒന്നാമതെത്തിയത്. രണ്ടാംസ്ഥാനക്കാരായ പറളി ഹൈസ്‌കൂളിന് 198 പോയിന്റുണ്ട്. 23 സ്വര്‍ണവും 26 വെള്ളിയും 16 വെങ്കലവുമാണ് പറളി സ്‌കൂളിലെ താരങ്ങള്‍ സ്വന്തമാക്കിയത്.
14 സ്വര്‍ണവും പത്ത് വെള്ളിയും 14 വെങ്കലവുമായി 109 പോയന്റ് നേടിയ മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് മൂന്നാം സ്ഥാനം.
വ്യക്തികത ചാമ്പ്യന്‍മാര്‍ ഇവരാണ്: സീനിയര്‍ പെണ്‍കുട്ടികള്‍: വി.വി. ജിഷ, കെ.എം. അമൃത, സീനിയര്‍ ആണ്‍കുട്ടികള്‍: ജെ. സതീഷ്, ജൂനിയര്‍ പെണ്‍കുട്ടികള്‍: രുഗ്മ ഉദയന്‍, ജൂനിയര്‍ ആണ്‍കുട്ടികള്‍: എ.ജി. രാഖില്‍, സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍: കെ.ആര്‍. രാഖീ, പി.സി. പ്രീജിത, എസ്. രൂപികാശ്രീ. സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍: ടി. പ്രണവ്.