സച്ചിനും സി എന്‍ ആര്‍ റാവുവിനും ഭാരതരത്‌ന

Posted on: November 17, 2013 6:00 am | Last updated: November 17, 2013 at 11:23 am

SACHIN AND RAOന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനും ശാസ്ത്ര ഉപദേശക കൗണ്‍സില്‍ തലവനും രസതന്ത്ര ശാസ്ത്രഞ്ജനുമായ ഡോ. സി എന്‍ ആര്‍ റാവുവിനും ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന. വാംഖഡെ സ്റ്റേഡിയത്തില്‍ അവസാന ടെസ്റ്റ് മത്സരം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മാസ്റ്റര്‍ ബ്ലാസ്റ്ററെ തേടി ബഹുമതി എത്തിയത്. ഇതോടെ കായികരംഗത്ത് നിന്നും ഈ ബഹുമതി സ്വന്തമാക്കുന്ന ആദ്യ താരവും പ്രായം കുറഞ്ഞ വ്യക്തിയുമായി സച്ചിന്‍. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇരുവര്‍ക്കും ഭാരത രത്‌ന പ്രഖ്യാപിച്ചത്. ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. 24 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് വെസ്റ്റിന്‍ഡീസിനെതിരെ 200-ാം ടെസ്റ്റ് പൂര്‍ത്തിയാക്കിയ സച്ചി്‌ന്റെ വിടവാങ്ങല്‍ വികാരനിര്‍ഭരമായിരുന്നു. ക്രിക്കറ്റ് വിടുന്നതായി പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹം കണ്ണീരണിഞ്ഞു. പിച്ച് തൊട്ട് വന്ദിച്ചതിന് ശേഷമാണ് സച്ചിന്‍ വാംഖഡെ വിട്ടത്.
തനിക്ക് ലഭിച്ച ബഹുമതി അമ്മക്ക് സമര്‍പ്പിക്കുന്നുവെന്ന് സച്ചിന്‍ പ്രതികരിച്ചു.
സച്ചിന് ഒപ്പം മെറ്റീരിയല്‍ കെമിസ്ട്രി ശാസ്ത്രജ്ഞനും പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗണ്‍സില്‍ തലവനുമായ ഡോ. സി എന്‍ ആര്‍ റാവുവിനെയും ബഹുമതിക്കായി പരിഗണിച്ചു. അന്താരാഷ്ട്ര തലത്തില്‍ മെറ്റീരിയല്‍ കെമിസ്ട്രിയില്‍ ഖ്യാതി നേടിയ ചിന്താമണി നാഗേഷ രാമചന്ദ്രറാവു 1400 ഗവേഷണ പ്രബന്ധങ്ങളും 45 പുസ്തകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എ പി ജെ അബ്ദുല്‍ കലാമിനും സി വി രാമനും ശേഷം ഭാരത രത്‌ന ലഭിക്കുന്ന മൂന്നാമത്തെ ശാസ്ത്രജ്ഞനാണ് സി എന്‍ ആര്‍ റാവു. അന്താരാഷ്ട്ര തലത്തിലെ സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തെ തേടി നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ശാസ്‌ത്രോപദേശക കൗണ്‍സില്‍ അധ്യക്ഷസ്ഥാനത്തിന് പുറമെ റാവു ഇപ്പോള്‍ അമേരിക്കയില്‍ രസതന്ത്രത്തില്‍ ലിനസ് പോളിംഗ് റിസര്‍ച്ച് പ്രൊഫസറും ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് പ്രസിഡന്റുമാണ്. ദോണ്ഡോ കാര്‍വെ, പാണ്ഡുരംഗ് കാനെ, വിനോബ ഭാവെ, ബി ആര്‍ അംബേദ്കര്‍, ലതാ മങ്കേഷ്‌കര്‍, ഭീംസെന്‍ ജോഷി എന്നിവര്‍ക്ക് ശേഷം ഭാരതരത്‌ന നേടുന്ന ഏഴാമത്തെ മഹാരാഷ്ട്രക്കാരനാണ് സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍. സച്ചിന് ബഹുമതി നല്‍കുന്ന കാര്യത്തില്‍ ദീര്‍ഘനാളായി പല തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു.
നേരത്തെ സച്ചിന് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും പൊതുസമൂഹത്തിന് സംഭാവനകള്‍ നല്‍കുന്നവരെ മാത്രമേ ബഹുമതിക്ക് പരിഗണിക്കാനാകൂ എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ അജയ് മാക്കന്‍ കേന്ദ്ര മന്ത്രിയായിരിക്കെ 2010ല്‍ ഈ വ്യവസ്ഥയില്‍ ഭേദഗതി വരുത്തി. തുടര്‍ന്ന് രണ്ട് വര്‍ഷം ആരെയും അവാര്‍ഡിനായി പരിഗണിച്ചില്ല. മുന്‍ പ്രസിഡന്റ് എ പി ജെ അബ്ദുല്‍ കലാം (1997),സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാസെന്‍ (1999) എന്നിവരടക്കം ഇതുവരെ 41 പേര്‍ക്കാണ് ഭാരതരത്‌ന ലഭിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്ന വര്‍ണവിവേചന പോരാളി നെല്‍സന്‍ മണ്ടേലയാണ് ഭാരതരത്‌ന നേടിയ ഏക വിദേശി.