Connect with us

National

സുപ്രീം കോടതി മുന്‍ ജഡ്ജിക്കെതിരെ വീണ്ടും ലൈംഗിക ആരോപണം

Published

|

Last Updated

ന്യൂഡല്‍ഹി: ഈയടുത്ത് വിരമിച്ച സുപ്രീം കോടതി ജഡ്ജിക്കെതിരെ ലൈംഗികപീഡന ആരോപണവുമായി മറ്റൊരു അഭിഭാഷക കൂടി. ഇന്റേണ്‍ഷിപ്പ് പഠന കാലയളവില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. മറ്റൊരു യുവതിയുടെ സമാന പരാതിയില്‍ സുപ്രീം കോടതി അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് തന്റെ ദുരനുഭവം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ സ്വന്തം പേര് വെച്ച് യുവതി വിവരിച്ചത്. എന്നാല്‍, ഇപ്പോഴത് ഒഴിവാക്കിയതായി സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ലീഗലി ഇന്ത്യ സൈറ്റ് പറയുന്നു. കൊല്‍ക്കത്തയിലെ പ്രധാന ലോ കോളജായ എന്‍ യു ജെ എസിലെ വിദ്യാര്‍ഥിനി ഫേസ്ബുക്കിലാണ് സംഭവം വിവരിച്ചത്. ഒന്നിലേറെ തവണ പീഡിപ്പിച്ചതായി യുവതി എഴുതി. “കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരം മൂന്ന് സംഭവങ്ങള്‍ക്ക് ഇരയായി. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് ഇങ്ങനെ? അവരുടെ മേലുദ്യോഗസ്ഥരും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുമാണ് കാരണക്കാര്‍.” യുവതിയുടെ കമന്റ് സൈറ്റ് ഉദ്ധരിക്കുന്നു. സ്ത്രീകളുമായി മോശമായി പെരുമാറില്ലെന്ന് ആരോപണവിധേയനായ ജഡ്ജി അന്ന് പറഞ്ഞതായും അഭിഭാഷക വെളിപ്പെടുത്തി. കഴിഞ്ഞ ആറാം തീയതിയാണ് ജഡ്ജിക്കെതിരെ ആദ്യം ആരോപണമുണ്ടായത്. തന്റെ ബ്ലോഗിലാണ് ഇക്കാര്യം അഭിഭാഷക വെളിപ്പെടുത്തിയത്. തലസ്ഥാന നഗരിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിനെതിരെ രാഷ്ട്രത്താകമാനം ജനരോഷം കത്തിയാളിയ കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ച് ജഡ്ജി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ഇത് ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ മുമ്പാകെയെത്തുകയും മൂന്ന് ജഡ്ജിമാരടങ്ങിയ സമിതിയെ അന്വേഷണത്തിന് നിയോഗിക്കുകയുമായിരുന്നു.

Latest