150 വര്‍ഷത്തെ ഹിജ്‌റ-ഗ്രിഗോറിയന്‍ കലണ്ടര്‍ കൗതുകമാകുന്നു

Posted on: November 15, 2013 12:05 pm | Last updated: November 15, 2013 at 12:05 pm

തിരൂരങ്ങാടി: ഒന്നര നൂറ്റാണ്ടുകാലം ഹിജ്‌റ ക്രിസ്തുവര്‍ഷ കലണ്ടര്‍ ഒരുപേജില്‍ ഒതുക്കിക്കൊണ്ട് മുഹമ്മദ്‌കോയ അഹ്‌സനി തന്റെ ഗവേഷണ ശ്രമങ്ങള്‍ തുടരുകയാണ്. വെന്നിയൂര്‍ പാറമ്മല്‍ ജുമാമസ്ജിദ് മുദരിസ് വി മുഹമ്മദ്‌കോയ അഹ്‌സനി (വികെപടി)യാണ് ഇത്തരമൊരു കലണ്ടറിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
നീണ്ട 150വര്‍ഷത്തിനിടക്കുള്ള ഏത് ഇംഗ്ലീഷ് തിയതിക്കും അതിന്റെ ഹിജ്‌റ തീയതി ഏതാണെന്നും തിരിച്ചും അറിയാന്‍ ഉപകരിക്കുന്നതാണ് ഈകലണ്ടര്‍. ഇരുവര്‍ഷങ്ങള്‍ക്കും മൂന്നു വീതം കള്ളികളാണുള്ളത്. അതിന്റെ ഒന്നുംരണ്ടും മൂന്നും ഗൈറ്റുകളാക്കി തിരിച്ചാണ് വിരല്‍ചൂണ്ടുന്നത്.
ഒന്നും രണ്ടും ഗൈറ്റുകള്‍ വ്യത്യസ്ഥമാണെങ്കിലും മൂന്നാംഗൈറ്റ് രണ്ട് വര്‍ഷത്തിന്നും ഒന്നാണ്. ഒന്നാം ഗൈറ്റില്‍ വര്‍ഷത്തെ സൂചിപ്പിക്കുന്ന കോഡ്കൂടെ ചേര്‍ത്തിട്ടുണ്ട്.രണ്ടാം ഗൈറ്റില്‍ ആകോഡിന് നേരെ 12മാസങ്ങളെ സൂചിപ്പിക്കുന്ന ഒന്ന്, രണ്ട് ക്രമത്തില്‍ അക്കങ്ങള്‍ കൊടുത്തിട്ടുണ്ട്. മൂന്നാം ഗൈറ്റില്‍ ആ അക്കങ്ങള്‍ക്ക് നേരെ 31 തീയതികളും അതിന്റെ ദിവസങ്ങളുമുണ്ട്.ഗ്രീഗോറിയന്‍ ഗൈറ്റ് ഇടത്തുഭാഗത്തുംഹിജ്‌റ ഗൈറ്റ് വലതു ഭാഗത്തുമാണ്. വഴി എന്ന കുറിപ്പില്‍ 150വര്‍ഷത്തെ ഏതുതിയതിയിലും ഉള്ള ദിവസവും കണ്ടുപിടിക്കാനുള്ള ഉപയോഗക്രമവും കൊടുത്തിട്ടുണ്ട്. ചുമരില്‍ തൂക്കാന്‍പറ്റുന്ന ഈകലണ്ടറിന്റെ അടിയിലായി ഈവര്‍ഷത്തെ കലണ്ടറുമുണ്ട്.
വരാനിരിക്കുന്നതോ കഴിഞ്ഞുപോയതോ ആയഏതുതിയതികളുടെ ദിവസമറിയാനും പഴയകലണ്ടറുകളോ പുതിയതോ ആശ്രയിക്കേണ്ടതില്ല. ഇരുവര്‍ഷത്തിന്റേയും ഒരുതിയതിയുടെ മറ്റേവര്‍ഷ തിയതി കണ്ടുപിടിക്കാന്‍ പറ്റുന്ന സംയോജഫോര്‍മുല അടങ്ങുന്ന കലണ്ടര്‍ കഴിഞ്ഞവര്‍ഷം പുറത്തിറക്കിയിരുന്നു. നിരവധിആളുകള്‍ക്കത് ഉപകരിച്ചിട്ടുണ്ട്. ആകാശഭൂമി സൃഷ്ടിച്ച അന്നുമുതല്‍ വര്‍ഷം 12ആണ്. നാലുമാസം ഹറാമാണ് (സൂറത്തു തൗബ 36)ല്‍പറഞ്ഞ ആശയത്തിലേക്ക് മുസ്‌ലിംകളെ മടങ്ങാന്‍ പ്രേരിപ്പിക്കുന്നതാണ് ഈക്രമം.
വിശുദ്ധ ഖുര്‍ആന്‍ സൂറത്ത് യൂനുസ് 109ല്‍ പറഞ്ഞ സൂര്യനും ചന്ദ്രനും സഞ്ചാരപഥങ്ങള്‍ നിര്‍ണയിച്ചത് വര്‍ഷങ്ങളുടെ എണ്ണങ്ങളും കണക്കുകളും അറിയാന്‍വേണ്ടിയാണ്. പലപണ്ഡിതന്‍മാരും പറയുന്നത് സൂര്യനെകൊണ്ട് ദിവസങ്ങളും ചന്ദ്രന്റെ ചലനങ്ങള്‍ കൊണ്ട്മാസങ്ങളും വര്‍ഷങ്ങളും അറിയപ്പെടുന്നു എന്നാണ്. പുരാതനമായി ഇസ്‌ലാമിക ചരിത്രത്തിലെ എല്ലാ വിശേഷദിവസങ്ങളുടേയും ഹിജ്‌റ ക്രിസ്തുവര്‍ഷ തിയതികള്‍ അറിയാന്‍ അഹ്‌സനിയുടെ ഈ ദൗത്യംവഴികാട്ടിയാകുന്നു. കലണ്ടറിന്റെ പ്രകാശനം സമസ്ത കേന്ദ്രമുശാവറ ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.