ഹിന്ദു നേതാക്കളുടെ ഈഗോ മാറ്റിയില്ലെങ്കില്‍ മതം മാറേണ്ടിവരും: വെള്ളാപ്പള്ളി

Posted on: November 13, 2013 8:18 am | Last updated: November 13, 2013 at 8:18 am

vellappalliകോട്ടയം: ഹിന്ദു സമുദായ നേതാക്കളുടെ ഈഗോ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ കഴുത്തില്‍ കുരിശണിഞ്ഞ് ക്രിസ്ത്യാനിയാകാനോ പൊന്നാനിയില്‍ പോയി മുസ്്‌ലിം ആകാനോ തയ്യാറാകേണ്ടി വരുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോട്ടയത്ത് രണ്ടാമത് ഹിന്ദു പാര്‍ലിമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. ഹിന്ദു ഐക്യമെന്ന ആശയം വിജയിക്കാന്‍ ഈഗോ മാറിയേ തീരൂ. വിശാല ഹിന്ദുഐക്യത്തിന് തടസ്സം മുസ്്‌ലിംകളും ക്രിസ്ത്യാനികളുമാണ്. ഇതു തുറന്നു പറയാന്‍ പല ഹിന്ദുനേതാക്കള്‍ക്കും മടിയാണ്. ജീവഹാനി സംഭവിക്കുമോ എന്ന ഭയമാണ്.
ഹിന്ദുക്കള്‍ ഒന്നാകണമെന്ന വികാരമുണ്ടെങ്കിലും അതിനായി മുന്നോട്ടിറങ്ങാന്‍ ആരും തയ്യാറല്ല. പറയാനും പ്രവര്‍ത്തിക്കാനുമുള്ള ഭയം ഹിന്ദുക്കള്‍ക്കുണ്ട്. അതിനാലാണ് 108 ഹിന്ദു സമുദായ സംഘടനകള്‍ അംഗങ്ങളായ ഹിന്ദു പാര്‍ലിമെന്റിന്റെ പരിപാടിയില്‍ അനുയായികളായി എത്തിയവരുടെ എണ്ണം വളരെ കുറഞ്ഞു പോയതെന്ന് ഹിന്ദുപാര്‍ലിമെന്റ് ചെയര്‍മാന്‍ കൂടിയായ വെള്ളാപ്പള്ളി പറഞ്ഞു.
ഹിന്ദു ജനസംഖ്യ നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്. ‘നമ്മള്‍ രണ്ട് നമുക്ക് രണ്ട് ‘എന്നതും കടന്ന് ‘നമ്മളൊന്ന് നമുക്ക് വേണ്ട’ എന്ന ചിന്തയാണ്. ഇതു മാറണം. ഹിന്ദുക്കള്‍ സന്താനോത്പാദനം വര്‍ധിപ്പിക്കണം. അല്ലെങ്കില്‍ 15 വര്‍ഷം കഴിയുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാകും. ഇപ്പോള്‍ മുസ്‌ലിം സന്താനോത്പാദനം 36 ശതമാനവും ക്രിസ്ത്യാനികളുടേത് 17.5 ശതമാനവുമാണ്. ഇതുവരെ പറ്റിയ അബദ്ധങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ സന്താനോത്പാദനം വര്‍ധിപ്പിച്ചേ തീരൂ. മുസ്‌ലിം ലീഗ് മുസ്‌ലിംകളുടെ കൂട്ടായ്മയാണ്. കേരളത്തിന്റെ വടക്ക്് അവര്‍ രാഷ്ട്രീയ ശക്തിയായി 20 സീറ്റ് നേടി ഭരണസിരാകേന്ദ്രത്തെ പോലും പച്ചപുതപ്പിച്ചു.
ആര്‍ ശങ്കറിനെ താഴെയിറക്കാന്‍ രൂപവത്കരിച്ചതാണ് കേരളാ കോണ്‍ഗ്രസ്. അവരുടെ ലക്ഷ്യം ക്രിസ്തീയ സമൂഹത്തിന്റെ വളര്‍ച്ചയാണ്. മലഞ്ചരക്കും മലയോരമേഖലകളും അവരുടെ കൈയിലാണ്. ഈ രാജ്യത്തെ തീവ്രവാദികളെല്ലാം മുസ്്‌ലിംകളാണെന്നു പറയാനാകില്ലെങ്കിലും തീവ്രവാദികളായി പിടിക്കപ്പെടുന്നവരെല്ലാം മുസ്്‌ലിംകളാണ്. സാമൂഹിക നീതിക്ക് രാഷ്ട്രീയ ശക്തി അനിവാര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.