വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കി വിജ്ഞാപനം

Posted on: November 13, 2013 12:28 am | Last updated: November 13, 2013 at 12:28 am

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. സ്വകാര്യ നിക്ഷേപമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വയം തീരുമാനിക്കാന്‍ പുതിയ കമ്പനിക്ക് സമ്പൂര്‍ണ അധികാരം നല്‍കിക്കൊണ്ടാണ് വിജ്ഞാപനം. ജീവനക്കാരുമായി ഏര്‍പ്പെടേണ്ട ത്രികക്ഷി കരാര്‍ സംബന്ധിച്ച നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയാണ് 52 പേജുള്ള വിജ്ഞാപനം അഡീ. ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍ ഇന്നലെ പുറത്തിറക്കിയത്. ബോര്‍ഡിനെ കെ എസ് ഇ ബി ലിമിറ്റഡ് എന്ന കമ്പനിയാക്കാന്‍ ശിപാര്‍ശ ചെയ്ത് നേരത്തെ കരട് വിജ്ഞാപനം തയ്യാറാക്കിയിരുന്നു. കമ്പനി നിലവില്‍ വരുമ്പോള്‍ കമ്പനിക്ക് കീഴിലെ ഉത്പാദനം, വിതരണം, പ്രസരണം എന്നീ യൂനിറ്റുകളും ലാഭത്തിലായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്. ഇതിനായി കമ്പനിക്ക് സ്വകാര്യവത്കരണത്തിന്റെ സാധ്യതകള്‍ ആരായാനും അനുമതി നല്‍കുന്നുണ്ട്. ഇലക്ട്രിസിറ്റി നിയമം പറയുന്നതല്ലാതെ മറ്റൊരു സാമ്പത്തിക സഹായവും കമ്പനി സര്‍ക്കാറിനോട് ആവശ്യപ്പെടരുതെന്നാണ് കരാര്‍. അതേസമയം, സേവനവേതന വ്യവസ്ഥകള്‍ക്കായി പുതിയ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാന്‍ കമ്പനിക്ക് അധികാരം നല്‍കുന്നുണ്ട്. കമ്പനിവത്കരണം പൂര്‍ത്തിയാകുന്നതോടെ ജീവനക്കാരുടെ സ്ഥാനക്കയറ്റമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുക. എന്നാല്‍ നിലവില്‍ ബോര്‍ഡ് പിന്തുടര്‍ന്നുവരുന്ന സര്‍വീസ് റൂള്‍സിനെക്കുറിച്ച് വിജ്ഞാപനത്തില്‍ ഒരു പരാമര്‍ശവുമില്ലെന്നത് ജീവനക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നിലവില്‍ കേരളാ സര്‍വീസ് റൂള്‍സും കേരളാ സ്റ്റേറ്റ് സബോര്‍ഡിനേറ്റ് റൂള്‍സുമനുസരിച്ചാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. പുതിയ കമ്പനിയില്‍ ഇത് തുടരുമെന്ന് പറഞ്ഞിട്ടില്ല. നിലവിലുള്ള സേവന വ്യവസ്ഥകള്‍ തുടരുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും കമ്പനി ഡയറക്ടര്‍ ബോര്‍ഡിന് ഈ വ്യവസ്ഥകള്‍ എപ്പോള്‍ വേണമെങ്കിലും മാറ്റാമെന്നും വിജ്ഞാപനത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. പ്രവര്‍ത്തനം അടിസ്ഥാനമാക്കിയായിരിക്കും ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുക എന്ന വ്യവസ്ഥ പുതുതായി ഉള്‍പ്പെടുത്തിയതാണ്.

കമ്പനിക്കുമേലുള്ള സര്‍ക്കാറിന്റെ നിയന്ത്രണം സംബന്ധിച്ച സംശയങ്ങള്‍ ഉയര്‍ന്നതിനാല്‍ കരട് വിജ്ഞാപനത്തില്‍ നിന്ന് ഒട്ടേറെ മാറ്റങ്ങളും തിരുത്തലുകളും അന്തിമ വിജ്ഞാപനത്തില്‍ വരുത്തിയിട്ടുണ്ട്. കമ്പനിയുടെ സ്വയംഭരണം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നിടത്താണ് സ്വകാര്യവത്കരണം സംബന്ധിച്ച വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയതായി നിലവില്‍ വരുന്ന കമ്പനിക്ക് സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അംഗീകാരത്തോടെ തീരുമാനമെടുക്കാന്‍ പൂര്‍ണ അവകാശമുണ്ടാകുമെന്നും വിജ്ഞാപനം പറയുന്നു. തസ്തിക സൃഷ്ടിക്കല്‍, ജീവനക്കാരുടെ നിയമനം, അവരുടെ പ്രവര്‍ത്തനം വിലയിരുത്തല്‍, പ്രവര്‍ത്തന മികവ് ആധാരമാക്കിയുള്ള സ്ഥാനക്കയറ്റം എന്നിവയെല്ലാം പഴയതുപോലെ പി എസ് സി മുഖേന തന്നെ ആയിരിക്കും. ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കം ഉടലെടുക്കുകയാണെങ്കില്‍ ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അന്തിമമായിരിക്കും എന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡിനെ വ്യത്യസ്ത അക്കൗണ്ടുകളുള്ള മൂന്ന് ലാഭ കേന്ദ്രങ്ങളാക്കി വിഭജിച്ച് പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. ഉത്പാദനം, പ്രസരണം, വിതരണം എന്നീ ലാഭ കേന്ദ്രങ്ങള്‍ കമ്പനിക്ക് കീഴില്‍ തന്നെ പ്രവര്‍ത്തിക്കും.