കരിപ്പൂര്‍ വഴി സ്വര്‍ണ്ണക്കടത്ത്: ഡി ആര്‍ ഐ അന്വേഷണം ഊര്‍ജിതമാക്കി

Posted on: November 11, 2013 5:58 am | Last updated: November 10, 2013 at 11:30 pm

karippurകൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തിന് പിന്നിലെ ഉന്നത ബന്ധങ്ങള്‍ തേടി ഡി ആര്‍ ഐ അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ മൂന്ന് പേരെ കൂടി പ്രതി ചേര്‍ത്തു. കൂടുതല്‍ പേര്‍ കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഇവര്‍ക്ക് വേണ്ടി ഡി ആര്‍ ഐ അന്വേഷണം നടത്തുകയാണ്. അതേസമയം കള്ളക്കടത്തിന് കസ്റ്റംസിന്റെ ഒത്താശ ലഭിച്ചതായുള്ള സൂചനയെ തുടര്‍ന്ന് സി ബി യും പ്രാഥമിക അന്വേഷണം തുടങ്ങി.

സ്വര്‍ണവുമായി അറസ്റ്റിലായ എയര്‍ഹോസ്റ്റസ് ഹാറാമോസ, റാഹില എന്നിവര്‍ക്ക് ദുബൈയില്‍ സ്വര്‍ണവും പണവും കൈമാറിയ തലശേരി സ്വദേശി നബീല്‍, കൊടുവള്ളി സ്വദേശികളായ ഷഹബാസ്, അബ്ദുല്‍ നായിസ് എന്നിവരാണ് കേസിലെ പുതിയ പ്രതികള്‍. നബീലിന് നെടുമ്പാശേരി കേസിലെ പ്രതി ഫയാസുമായും സിനിമാ, രാഷ്ട്രീയ രംഗങ്ങളിലെ ഉന്നതരുമായും ബന്ധമുള്ളതായി വിവരം ലഭിച്ചു. നബീല്‍ ഒരു പ്രമുഖ സിനിമാ താരത്തിനും ഒരു മന്ത്രിക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നെടുമ്പാശേരി കേസിലെ മുഖ്യപ്രതി ഫയാസുമായി ഇയാള്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്ന വിവരങ്ങളും ലഭ്യമായിട്ടുണ്ട്.

ഏതെങ്കിലും പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടിയായിരിക്കാം സംഘം സ്വര്‍ണം കടത്തിയതെന്ന് ഡി ആര്‍ ഐ സംശയിക്കുന്നു. നെടുമ്പാശേരിയില്‍ ഫയാസും സംഘവും കടത്തിക്കൊണ്ടുവന്ന 20 കിലോ സ്വര്‍ണവും ജ്വല്ലറി ഗ്രൂപ്പിന് കൈമാറാനുള്ളതായിരുന്നുവെന്ന സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും അന്വേഷണം ഈ വഴിക്ക് മുന്നോട്ടു പോയില്ല. ആര്‍ക്കു വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
രണ്ടു മാസത്തിനകം 40 കിലോ സ്വര്‍ണം ഈ റാക്കറ്റ് കരിപ്പൂര്‍ വഴി കടത്തിയതായാണ് വിവരം. ഹറാമോസയെയും റാഹിലയെയും കൂടാതെ പ്രതികള്‍ മറ്റ് നിരവധി പേരെ ക്യാരിയര്‍മാരായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരം. ഏറെ പേരും സ്ത്രീകളാണ്. നാല് സ്ത്രീകളുടെ പേരുകള്‍ റാഹില വെളിപ്പെടുത്തിയതായാണ് അറിവ്. ഇക്കൂട്ടത്തില്‍ തലശേരി സ്വദേശിനി ജസീലയും രണ്ട് മക്കളുടെയും പേരുകളുണ്ട്. ശാലിനിയാണ് മറ്റൊരു ക്യാരിയര്‍. ഇവര്‍ക്കായി ഡി ആര്‍ ഐ തിരച്ചില്‍ നടത്തുകയാണ്.

കേസിലെ മറ്റൊരു പ്രതി ഷഹബാസ്് കോഴിക്കോട് സ്വന്തമായി ജ്വല്ലറിയുള്ളയാളാണ്. ഷഹബാസിന്റെ മാനേജരായിരുന്നു അറസ്റ്റിലായ റാഹില. കൊടുവള്ളിയിലെ എം പി സി ഐ കണ്ണാശുപത്രി പ്രതികളിലൊരാളായ അബ്ദുല്‍ ലെയ്ഫിന്റേതാണെന്നാണ് ഡി ആര്‍ ഐ പറയുന്നത്. ഇതേ പേരില്‍ തന്നെ ദുബൈയില്‍ ഇയാള്‍ക്ക് ട്രേഡിംഗ് കമ്പനിയുമുണ്ട്. മൂന്ന് പേരും ഇപ്പോള്‍ ദുബായില്‍ ഉണ്ടെന്നാണ് വിവരം. ഇവര്‍ക്കു വേണ്ടി വിമാനത്താവളങ്ങളില്‍ ഉടന്‍ ലുക്കൗട്ട് നോട്ടീസ് നല്‍കും.

സ്വര്‍ണക്കടത്ത് റാക്കറ്റ് കള്ളപ്പണം വെളുപ്പിക്കാനായി സിനിമയില്‍ പണം മുടക്കിയതായും സംശയിക്കുന്നുണ്ട്. സിനിമാരംഗത്തെ ഉന്നതരുമായി പ്രതികള്‍ക്കുള്ള ബന്ധങ്ങളാണ് ഈ സംശയത്തിനടിസ്ഥാനം. അറസ്റ്റിലായ റാഹിലക്കും സനിമാരംഗത്തുള്ളവരുമായി ബന്ധമുണ്ട്. ഇവരെ സിനിമക്കാരുമായി പരിചയപ്പെടുത്തിയത് കേസിലെ മറ്റു പ്രതികളാണ്. ഗള്‍ഫിലുള്ള ഇന്ത്യന്‍ എംബസി വഴി ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനുള്ള സാധ്യതയും ഡി ആര്‍ ഐ ആരായുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്തരത്തില്‍ നിര്‍ബാധം സ്വര്‍ണക്കടത്ത് നടക്കില്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. എന്നാല്‍ ഏതെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥനെക്കുറിച്ച് പ്രതികളില്‍ നിന്ന് മൊഴി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാന്‍ ഡി ആര്‍ ഐ തയ്യാറായില്ല. അതേസമയം ഇതേക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി സി ബി ഐ കൊച്ചി യൂനിറ്റ് എസ് പി കൃഷ്ണകുമാര്‍ അറിയിച്ചു.