വടുവഞ്ചാലില്‍ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍

Posted on: November 8, 2013 8:00 am | Last updated: November 8, 2013 at 8:32 am

മേപ്പാടി: 3.1 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ വടുവഞ്ചാലില്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. പന്തല്ലൂര്‍ താലൂക്കിലെ ദേവാല വില്ലേജിലെ കീഴെ നാടുകാണി സ്വദേശികളായ ചന്ദ്രകുമാര്‍ ( 30),സുരേഷ് (19) എന്നിവരെയാണ് പിടികൂടിയത്.
ഇന്നലെ രാവിലെ തമിഴ്‌നാട്ടില്‍ നിന്ന് ബസില്‍ ബസില്‍ വടുവഞ്ചാലില്‍ എത്തിയ ഇവരെ രാവിലെ എട്ടരയോടെയാണ് പിടികൂടിയത്. കാരിബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ കാത്ത് എക്‌സൈസ് സംഘം ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു. കര്‍ണാടകയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടു വന്നതെന്നും മേപ്പാടി, വടുവഞ്ചാല്‍ ഭാഗങ്ങളില്‍ വില്‍പന നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നും പ്രതികള്‍ വെളിപ്പെടുത്തി.
ഇവരെ ഇന്നലെ വൈകീട്ട് വടകരയിലെ നാര്‍കോട്ടിക് സെല്‍ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് നാര്‍ക്കോട്ടിസ് സെല്‍ ഇന്‍സ്‌പെക്ടര്‍ കെ പ്രദീപ്, ഇന്റലിജന്റ്‌സ് ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ എം എം കൃഷ്ണന്‍കുട്ടി, വി. രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി അനില്‍കുമാര്‍, കെ കെ അനില്‍കുമാര്‍, കെ എസ് സതീഷ്, പി കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.