Connect with us

Malappuram

പോസ്റ്റോഫീസിലെ അനാസ്ഥ; യുവാവിന് നഷ്ടമായത് തൊഴിലവസരം

Published

|

Last Updated

തിരൂര്‍: പോസ്‌റ്റോഫീസിലെ ഗുരുതരമായ അനാസ്ഥമൂലം തനിക്ക് ലഭിക്കാതെ പോയ ജോലിയോര്‍ത്ത് നെടുവീര്‍പ്പിടുകയാണ് യുവാവ്. പൊന്‍മുണ്ടം പോസ്റ്റോഫീസിന് കീഴിലെ വൈലത്തൂര്‍ അമ്പലത്തിങ്ങല്‍ സുലൈമാന്റെ മകന്‍ ലുഖ്മാനാണ് അനാസ്ഥക്കിരയായത്.
ആകാശവാണിയുടെ വാര്‍ത്താവായനക്കാരെ കണ്ടെത്തുന്നതിനായുള്ള ഇന്റര്‍വ്യു ലെറ്റര്‍ പോസ്റ്റോഫീസിലെത്തിയിട്ടും ഇത് കൈമാറാന്‍ വൈകിയതിനാല്‍ ഇദ്ദേഹത്തിന് ആറാം തീയ്യതി നടന്ന ഓഡിഷന്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ 31 ന് തിരുവനന്തപുരത്തെ ആര്‍ എന്‍ യു ഹെഡ് ലെമി ജി നായര്‍ അയച്ച ലെറ്റര്‍ തന്നെ പോസ്റ്റ്്മാന്‍ ഏല്‍പ്പിച്ചത് ആറാം തീയതിയാണെന്ന് ഇദ്ദേഹം പറഞ്ഞു. അതേസമയം നാലിന് തന്നെ ഈ ലെറ്റര്‍ പൊന്‍മുണ്ടം പോസ്‌റ്റോഫീസിലെത്തിയതിന്റെ സീല്‍ കവറില്‍ കാണുന്നുമുണ്ട്. ഓഡിഷന്‍ ടെസ്റ്റ് തിരുവനന്തപുരത്ത് നടക്കുന്ന ദിവസമാണ് ലെറ്റര്‍ പോസ്റ്റ്മാന്‍ വീട്ടിലെത്തിച്ചത്. ഇത് ശ്രദ്ധയില്‍ പെടുത്തിയ വീട്ടുകാരോട് പുതിയ ആളായതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഏതായാലും നേരത്തെ എഴുത്തുപരീക്ഷ വിജയിച്ച് ഓഡിഷന്‍ കാത്തിരുന്ന തനിക്ക് ഇത് വലിയ നഷ്ടമാണെന്നും അനാസ്ഥക്കെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറയുന്നു.