ജെ പി സിയുടെത് ‘പകുതി വെന്ത’ റിപ്പോര്‍ട്ട്: രാജ

Posted on: November 7, 2013 1:32 am | Last updated: November 7, 2013 at 1:32 am

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ തയ്യാറാക്കിയ ജെ പി സി റിപ്പോര്‍ട്ടിന് ‘പകുതി വേവ്’ മാത്രമേയുള്ളുവെന്ന് കുറ്റാരോപിതനും മുന്‍ ടെലികോം മന്ത്രിയുമായ എ രാജ. അപൂര്‍ണമായ റിപ്പോര്‍ട്ട് ചെയര്‍മാന് തിരിച്ചയക്കണമെന്നും ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിനോട് രാജ ആവശ്യപ്പെട്ടു.
തന്റെ വാദങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തതിനു പിന്നില്‍ സത്യം പുറത്തുവരാതിരിക്കാനുള്ള ഭീരുക്കളുടെ നീക്കമാണെന്നും സ്പീക്കര്‍ക്ക് അയച്ച കത്തില്‍ എ രാജ ആരോപിച്ചു. പി സി ചാക്കോയെ ജെ പി സി യുടെ ചെയര്‍മാനായി നിശ്ചയിച്ചത് പ്രധാനമന്ത്രിയുടെ പക്ഷപാതപരമായ സമീപനമായിരുന്നുവെന്നും രാജ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഒക്‌ടോബര്‍ 29 നാണ് ജെ പി സി റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. എ രാജ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നായിരുന്നു ഇതു സംബന്ധിച്ച് ധനമന്ത്രി പി ചിദംബരം പ്രതികരിച്ചത്.
ബി ജെ പി, ബി ജെ ഡി, സി പി ഐ, സി പി എം, തൃണമൂല്‍ കോണ്‍ഗ്രസ്, എ ഐ എ ഡി എം കെ, ഡി എം കെ എന്നീ പാര്‍ട്ടികള്‍ റിപ്പോര്‍ട്ടിനോടുള്ള വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാല്‍ രാജയുടെ വാദം കൂടി കേട്ട ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ജെ പി സി ചെയര്‍മാന്‍ പി സി ചാക്കോ നേരത്തേ വ്യക്തമാക്കിയിരുന്നു.