ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ മലയാളി മാധ്യമപ്രവര്‍ത്തകരുടെ പുസ്തകങ്ങള്‍

Posted on: November 6, 2013 9:58 pm | Last updated: November 6, 2013 at 9:58 pm

ദുബൈ: ഷാര്‍ജയില്‍ ഇന്ന് മുതല്‍ ഈ മാസം 16 വരെ അല്‍ ഖലീജ് സെന്ററി (പഴയ അല്‍ താവൂന്‍ മാള്‍) ന് സമീപമുള്ള എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന രാജ്യാന്തര പുസ്തകമേളയില്‍ യു എ ഇയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ രചിച്ച പുസ്തകങ്ങള്‍ ലഭ്യമാകും.
ഗള്‍ഫ് സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ശമാല്‍, പി പി ശശീന്ദ്രന്റെ (മാതൃഭൂമി) ലേഖന സമാഹാരം കോലത്തു നാട്ടിലൂടെ, സാദിഖ് കാവിലിന്റെ (മനോരമ ഓണ്‍ലൈന്‍) ലേഖന സമാഹാരം ജീവിതത്തിന്റെ നല്ലൊരുഭാഗം, നോവലെറ്റുകളുടെ സമാഹാരം കന്യപ്പാറയിലെ പെണ്‍കുട്ടി, വി എം സതീഷിന്റെ (എമിറേറ്റ്‌സ് 24/7) ഇംഗ്ലീഷ് ലേഖന സമാഹാരം ഡിസ്ട്രസിംഗ് എന്‍കൗണ്ടേഴ്‌സ്, ബൈജു ഭാസ്‌കര്‍ (ഏഷ്യാനെറ്റ് റേഡിയോ) രചിച്ച ലേഖനങ്ങളുടെ സമാഹാരം മലാല-വെടിയുണ്ടകള്‍ക്കു മുന്നിലൊരു ശലഭം, ഗള്‍ഫ് സിറാജ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനു റഹ്മാന്റെ ലേഖന സമാഹാരം മറക്കാന്‍ വയ്യ എന്നീ പുസ്തകങ്ങളാണ് വില്‍പ്പനക്കെത്തുക. ഇന്ത്യന്‍ പവലിയനിലെ സിറാജ്, ഡി സി ബുക്‌സ്, ഒലീവ് ബുക്‌സ് സ്റ്റാളുകളിലാണ് പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുക. കെ എം അബ്ബാസിന്റെ പുസ്തകത്തെക്കുറിച്ച് 15ന് വൈകുന്നേരം ആറിന് എക്‌സ്‌പോ സെന്ററിലെ ലിറ്റററി ഹാളില്‍ ചര്‍ച്ച നടക്കും. ശനി മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെയും വെള്ളി വൈകുന്നേരം നാല് മുതല്‍ രാത്രി 10 വരെയുമാണ് പുസ്തകമേള.