കുഞ്ഞിപ്പോക്കര്‍ എത്തിയത് കഴിച്ച മരുന്നുകളുടെ പാക്കറ്റ് കൂമ്പാരവുമായി

Posted on: November 5, 2013 7:58 am | Last updated: November 5, 2013 at 7:58 am

മലപ്പുറം: ശരീരം കാര്‍ന്നു തിന്ന രോഗത്തെ തോല്‍പ്പിക്കാന്‍ സ്വന്തമായുള്ളതെല്ലാം നഷ്ടപ്പെടുത്തേണ്ടിവന്ന കുഞ്ഞിപ്പോക്കര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത് കഴിച്ച് തീര്‍ത്ത മരുന്നുകളുടെ പാക്കറ്റ് ശേഖരവുമായി.
ചീക്കോട് ഓമാനൂരിലെ പനങ്ങോട്ടുമ്മല്‍ കുഞ്ഞിപ്പോക്ക(41)റാണ് ഗുളികകളുടെ പാക്കറ്റുകള്‍ നിറച്ച വലിയ കവറുമായി ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയത്. ഇടതുകാല്‍ മുട്ടിനുതാഴെയും വലതുകാലിലെ മൂന്ന് വിരലുകളും കാന്‍സര്‍ കാരണം മുറിച്ചുമാറ്റേണ്ടിവന്ന കുഞ്ഞിപ്പോക്കര്‍ ഊന്നു വടിയുടെ സഹായത്തോടെയാണ് മുഖ്യമന്ത്രിയെ കണ്ടത്.
അയല്‍വാസിയും ഓട്ടോഡ്രൈവറുമായ നൗഷാദില്‍ നിന്ന് ഗുളിക കവര്‍ വാങ്ങി മുഖ്യമന്ത്രിയെ കാട്ടി കുഞ്ഞിപ്പോക്കര്‍ പറഞ്ഞു. ‘ഇത് കഴിഞ്ഞ ഒരു വര്‍ഷമായി കഴിച്ച മരുന്നുകളുടെ പാക്കറ്റുകളാണ് ഇനിയും രണ്ട് വലിയ കവറുകള്‍ ഉണ്ടായിരുന്നു അതെല്ലാം കത്തിച്ചു കളഞ്ഞു’. രോഗത്തിനെതിരെ ചികിത്സയും മരുന്നും കൊണ്ട് പൊരുതിയ കുഞ്ഞിപ്പോക്കറുടെ ദുരിതം തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ആവശ്യം ചോദിച്ചു.
തനിക്ക് ഒരു മുചക്ര സൈക്കിളും ചികിത്സാ ചെലവിനായി സഹായവും വേണമെന്ന് മറുപടി. പിന്നെ ഒട്ടും താമസിയാതെ മുഖ്യമന്ത്രി മുച്ചക്ര വാഹനം വാങ്ങുന്നതിനായി 40,000 രൂപ അനുവദിച്ചു.
27 ാം വയസില്‍ കുഴിനഖരോഗം ഉണ്ടായതില്‍ നിന്നാണ് ഈ മധ്യവയസ്‌കന്റെ ദുരന്തത്തിന്റെ തുടക്കം. മുറിവില്‍ നിന്നുണ്ടായ പഴുപ്പ് കൂടികൂടി ഒടുവില്‍ ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റേണ്ടി വന്നു ചികിത്സക്കായി ഇതിനകം 12 ലക്ഷത്തിലധികം രൂപ ചെലവായി.
‘നേരത്തെ കല്ലുവെട്ടു തൊഴിലാളിയായിരുന്ന ഇദ്ദേഹം രോഗബാധിതനായതിനുശേഷം മത്സ്യക്കച്ചവടം നടത്തിയാണ് ഉപജീവനം കഴിച്ചിരുന്നത്.
തീര്‍ത്തും അവശനായ അവസ്ഥയില്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ലഭിച്ച സഹായം ഇദ്ദേഹത്തിന് വലിയ അനുഗ്രഹമായി. വികലാംഗക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന കുഞ്ഞിപ്പോക്കറിന് നേരത്തെ 5000 രൂപയുടെ സര്‍ക്കാര്‍ സഹായവും ലഭിച്ചിട്ടുണ്ട്. ഭാര്യ മറിയക്കുട്ടിയും മക്കളായ ഉസ്‌ന, ഫസലുദ്ദീന്‍, റിയാസ് എന്നിവരടങ്ങുന്നതാണ് പോക്കറിന്റെ കുടുംബം.