Connect with us

Gulf

ഇളവ് കാലാവധി ഇന്ന് അവസാനിക്കും; ആയിരങ്ങള്‍ കൂട്ടത്തോടെ മടങ്ങുന്നു

Published

|

Last Updated

ജിദ്ദ: നിതാഖാത് പ്രകാരമുള്ള പദവി ശരിയാക്കല്‍ നടപടിക്രമങ്ങള്‍ ഇന്ന് അവസാനിക്കും. ജിദ്ദയിലും റിയാദിലുമുള്ള നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവരുടെ വിരലടയാളം രേഖപ്പെടുത്തുന്ന പ്രക്രിയയും പാസ്‌പോര്‍ട്ട് ഓഫീസുകളും ലേബര്‍ ഓഫീസുകളും വഴിയുള്ള പദവി ശരിയാക്കല്‍ ജോലികളും ഇന്നത്തോടെ അവസാനിക്കും. ഇന്ന് വിരലടയാളം നല്‍കുന്ന വിദേശികള്‍ക്ക് ഇളവ് കാലാവധി തീര്‍ന്നാലും എക്‌സിറ്റ് അടിച്ചു കിട്ടും. എന്നാല്‍, ഇന്നത്തെ പ്രവൃത്തി ദിവസത്തിനു ശേഷം വരുന്നവര്‍ക്ക് യാതൊരു ആനുകൂല്യവുമുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളത്.
രാജ്യത്തെ മേഖലാ ഗവര്‍ണറേറ്റുകളുമായി സഹകരിച്ച് പാസ്‌പോര്‍ട്ട് വിഭാഗവും തൊഴില്‍ മന്ത്രാലയവും ഒരേസമയം നാളെ തന്നെ പരിശോധന തുടങ്ങും. ദുല്‍ഹജ്ജ് 30 പൂര്‍ത്തിയാക്കുന്നുവെങ്കില്‍ ചിലപ്പോള്‍ ഒരു ദിവസത്തെ ആനുകൂല്യം കൂടി ലഭിച്ചേക്കാം. പൊതുനിരത്തുകളിലും വാഹനങ്ങളിലും പ്രത്യേക പോലീസ് പരിശോധന നടത്തും.
അതിനിടെ, ആയിരക്കണക്കിന് അനധികൃത താമസക്കാര്‍ സഊദിയില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങുന്നവരിലേറെയും. ഒമ്പത് ലക്ഷം അനധികൃത തൊഴിലാളികളാണ് ഫൈനല്‍ എക്‌സിറ്റ് വരുന്നതോടെ രാജ്യം വിടേണ്ടി വരുന്നതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 80 ലക്ഷത്തോളം വിദേശ തൊഴിലാളികളാണ് ഇപ്പോഴുള്ളത്.

Latest