Connect with us

Articles

വിവര ചോരണത്തിന്റെ ഭൂപടം

Published

|

Last Updated

സാമ്രാജ്യത്വം എന്നത് ഒറ്റ രാഷ്ട്രത്തിന്റെ പേരല്ല. സഖ്യമാണ് അതിന്റെ ശക്തി. നേതൃരാഷ്ട്രത്തിന്റെ ആജ്ഞകളെയും ഇഷ്ടങ്ങളെയും അപ്പടി പിന്‍പറ്റുന്ന സഖ്യശക്തികള്‍. ഈ ശക്തികളാണ് സാമ്രാജ്യത്വത്തിന്റെ നടത്തിപ്പ് ലോകത്താകെ സാധ്യമാക്കുന്നത്. കൊളോണിയല്‍ കാലത്ത് അത് പ്രത്യക്ഷത്തില്‍ തന്നെ ദൃശ്യമായിരുന്നു. കോളനി രാജ്യങ്ങള്‍ക്കുമേലുള്ള നിയന്ത്രണത്തിന്റെ കാര്യത്തില്‍ വന്‍ ശക്തികള്‍ ഏറ്റുമുട്ടുമ്പോഴും അവര്‍ക്കിടയില്‍ ചേരികള്‍ രൂപപ്പെട്ടിരുന്നു. പരസ്പരമുള്ള ഏറ്റുമുട്ടലുകള്‍ക്ക് പകരം സഹകരണത്തിന്റെ വാതിലുകള്‍ തുറന്നിട്ടതോടെ തമ്മില്‍ തല്ലി അവസാനിക്കുകയെന്ന സ്വാഭാവിക പരിണതി ഒഴിവാക്കാന്‍ സാമ്രാജ്യത്വത്തിന് സാധിച്ചു. ഒരു അത്യുഗ്ര ശക്തി, അതിന്റെ കിങ്കര രാജ്യങ്ങള്‍ എന്നിങ്ങനെ ചേരി തിരിയുന്നതിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. അത് സഖ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. ഇരകളായ രാഷ്ട്രങ്ങള്‍ക്ക് ഈ സഖ്യപ്പെടലുകള്‍ കൊണ്ട് ഒരു ഗുണവും ഉണ്ടായില്ലെന്ന് മാത്രമല്ല. അവരുടെ ചെറുത്തുനില്‍പ്പ് ദുഷ്‌കരമാകുകയാണ് ചെയ്തത്. ഒരു സഖ്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ മറ്റൊരു സഖ്യത്തിന്റെ ബന്ധുത്വം അനിവാര്യമാക്കി മാറ്റി. ഈ അനിവാര്യതയാണ് ലോക മഹായുദ്ധങ്ങള്‍ക്ക് വഴി വെച്ചത്. ഇന്ത്യടക്കമുള്ള രാജ്യങ്ങള്‍ക്ക് സോവിയറ്റ് യൂനിയന്‍ നല്‍കിയ സഹായങ്ങളെ ഈ പശ്ചാത്തലത്തില്‍ വായിക്കേണ്ടതുണ്ട്. പൗരസ്ത്യ ദേശത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങളുടെ ശക്തി കുറക്കാന്‍ അപ്പുറത്ത് ഒരു സോവിയറ്റ് യൂനിയന്‍ ഉണ്ടായതുകൊണ്ട് സാധിച്ചുവെന്ന് പറയുന്നത് നേരായിരിക്കാം. പക്ഷേ, സോവിയറ്റ് യൂനിയനെ സംബന്ധിച്ചിടത്തോളം ആ സഹായങ്ങള്‍ തങ്ങളുടെ മേധാശക്തിയുടെ പ്രഖ്യാപനം തന്നെയായിരുന്നു. ആ നിലക്ക് ശീതസമരം സാമ്രാജ്യത്വത്തിന്റെ ആന്തരിക സംഘര്‍ഷം തന്നെയായിരുന്നു. സോവിയറ്റ് യൂനിയന്റെ പതനത്തോടെ അത്തരം സംഘര്‍ഷം അസ്തമിച്ചുവെന്നും അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വം ഏകശിലാത്മകത കൈവരിച്ചുവെന്നും ഇനി ചെറുത്തുനില്‍പ്പ് അസാധ്യമാണെന്നും നിരാശ പൂണ്ടവരോട് സാമ്രാജ്യത്വവിരുദ്ധ ചിന്തകര്‍ നിരന്തരം പറഞ്ഞു കൊണ്ടിരുന്ന ഒരു യാഥാര്‍ഥ്യമുണ്ട്: സാമ്രാജ്യത്വം തീര്‍ച്ചയായും ആന്തരിക ദൗര്‍ബല്യം പ്രകടമാക്കും. അവിശ്വാസത്തിന്റെ വിത്തുകള്‍ മുളക്കുക തന്നെ ചെയ്യും. വന്‍ ശക്തികള്‍ എന്ന് ഊറ്റം കൊള്ളുന്നവര്‍ക്കിടയില്‍ രൂപപ്പെടുന്ന നേതൃത്വം/ അനുയായി അച്ചടക്കം ചരിത്രത്തിന്റെ ഏതെങ്കിലും സന്ധിയില്‍ അസ്തമിക്കും. പരസ്പരം ചോദ്യം ചെയ്യുന്നതിലേക്ക് അത് വളരും. ആ ഘട്ടത്തില്‍ സാമ്രാജ്യത്വവിരുദ്ധ ചേരി ശക്തമായി ആഞ്ഞടിക്കുകയെന്ന ധര്‍മം നിര്‍വഹിച്ചാല്‍ അത് ലോകക്രമത്തെ അപ്പടി മാറ്റിമറിക്കുമെന്ന പ്രതീക്ഷയാണ് ചിന്തകര്‍ പങ്ക് വെച്ചത്. ഈ വെളിച്ചത്തില്‍ ഇരുന്നു കൊണ്ട് ഇപ്പോള്‍ നടക്കുന്ന “ചോര്‍ത്തല്‍” വിവാദത്തെ വിശകലനം ചെയ്യേണ്ടതുണ്ട്.
അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) സ്വന്തം പൗരന്‍മാരുടെ ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ വ്യാപകമായി ചോര്‍ത്തുന്നുവെന്നായിരുന്നു എഡ്വേര്‍ഡ് സ്‌നോഡന്‍ എന്ന എന്‍ എസ് എ ഉദ്യോഗസ്ഥന്‍ ആദ്യം വെളിപ്പെടുത്തിയത്. ചോര്‍ത്തലിന്റെ വ്യാപ്തി വളരെ വലുതാണെന്ന് പിന്നീട് വെളിപ്പെട്ടു. ജര്‍മനി തൊട്ട് ഇന്ത്യവരെയുള്ള മിക്ക രാഷ്ട്രങ്ങളും ചോര്‍ത്തലിന് വിധേയമായിട്ടുണ്ടെന്ന് വ്യക്തമായി. സ്‌നോഡന് ജീവഭയം കൊണ്ട് അമേരിക്ക വിടേണ്ടി വന്നു. പല രാജ്യങ്ങളില്‍ കറങ്ങിയ സ്‌നോഡന് ഒടുവില്‍ റഷ്യയാണ് അഭയം നല്‍കിയത്. രാഷ്ട്രീയമായും സാമ്പത്തികമായും റഷ്യ ഒരു കാരണവശാലും ഇന്ന് അമേരിക്കക്ക് ബദലല്ല. അത് അമേരിക്കയുടെ തുടര്‍ച്ചയാണ്. പലപ്പോഴും യു എന്‍ പോലുള്ള വേദികളില്‍ അവര്‍ ഒറ്റക്കെട്ടുമാണ്. നയതന്ത്ര ഭാഷയില്‍ പറഞ്ഞാല്‍ ഊഷ്മളമായ ബന്ധം. ശീതസമരകാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലേക്ക് ഈ ബന്ധം വഷളായി എന്നതാണ് സ്‌നോഡന്‍ വിഷയത്തിന്റെ ചരിത്രപരമായ പ്രധാന്യം. സ്‌നോഡനെ വിചാരണക്ക് വിട്ടുകൊടുക്കാത്തതില്‍ അമേരിക്ക രൂക്ഷമായി പ്രതികരിച്ചു. തുടര്‍ന്നു നടന്ന സിറിയന്‍ രാസായുധ വിഷയത്തിലും റഷ്യ ശക്തമായ നിലപാട് സ്വീകരിച്ചു. അമേരിക്കന്‍ താത്പര്യത്തെ സ്വന്തം താത്പര്യം കൊണ്ട് നേരിടുന്നതില്‍ റഷ്യ വിജയിച്ചു. വിവര ചോരണം സാമ്രാജ്യത്വത്തെ പ്രതിസന്ധിയിലാക്കിയെന്നതിന് റഷ്യയുടെ ഈ നയംമാറ്റം മാത്രം മതി തെളിവ്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പൊതു ജനിതക സവിശേഷതയായ അമേരിക്കന്‍വിരുദ്ധതയില്‍ വെള്ളം ചേര്‍ത്ത രാജ്യമാണ് ബ്രസീല്‍. ഷാവേസിന്റെ അക്രമോത്സുകമായ യു എസ് വിരുദ്ധത പങ്ക് വെക്കാന്‍ ബ്രസീല്‍ തയ്യാറായിട്ടില്ല. സാമ്പത്തിക രംഗത്തെ ഉദാരവത്കരണമടക്കമുള്ളവയില്‍ അമേരിക്കന്‍ ചേരിയിലായിരുന്നു ബ്രസീലിന്റെ സ്ഥാനം. പക്ഷേ, ചോര്‍ത്തല്‍ ബ്രസീലിന്റെ മുന്‍ഗണനയും തകിടം മറിച്ചിരിക്കുന്നു. യു എന്നില്‍ ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റൂസഫ് നടത്തിയ പ്രസംഗത്തില്‍ അമേരിക്കക്കെതിരെ ആഞ്ഞടിച്ചു. ” മറ്റുള്ളവരുടെ കാര്യങ്ങളിലേക്കുള്ള ഈ ഒളിഞ്ഞു നോട്ടം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍, പ്രത്യേകിച്ച് സുഹൃദ് രാജ്യങ്ങള്‍ക്കിടയിലെ, ചില മൂല്യങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ട്. തങ്ങളുടെ പൗരന്‍മാരുടെ സുരക്ഷിതത്വത്തിനായി മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നത് ഒരിക്കലും നീതീകരിക്കാനാകില്ല”. സ്വന്തം ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയതാണ് ദില്‍മയെ പ്രകോപിപ്പിച്ചത്. അതിനോടുള്ള പ്രതികരണത്തില്‍ സുഹൃദ് രാഷ്ട്രം എന്നൊരു പ്രയോഗം അവര്‍ നടത്തിയത് ബോധപൂര്‍വമാണ്.
ജര്‍മന്‍ പൗരന്‍മാരുടെയും സ്ഥാപനങ്ങളുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയപ്പോള്‍ മൃദുവായി മാത്രം പ്രതികരിച്ചിരുന്ന ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കല്‍ സ്വയം ചാരവൃത്തിക്ക് ഇരയായതോടെ അമേരിക്കയെ അവര്‍ ശക്തിയായി തള്ളിപ്പറഞ്ഞു. മെര്‍ക്കല്‍ ഉയര്‍ത്തിയ പ്രതിഷേധം അമേരിക്കന്‍ ഭരണകൂട ഇടനാഴിയില്‍ പ്രകമ്പനം കൊണ്ടു. ലോകത്താകെ അമേരിക്ക നടത്തുന്ന ഇടപെടലുകള്‍ക്കും സാമ്പത്തിക അധിനിവേശങ്ങള്‍ക്കും കൂട്ട് നിന്ന ജര്‍മനി കണ്ണുരുട്ടിയപ്പോള്‍ യു എസ് ശരിക്കും വിരണ്ടു. “ഇപ്പോള്‍ മെര്‍ക്കലിന്റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നില്ല. ഇനി ചോര്‍ത്തുകയുമില്ല” എന്നായിരുന്നു രംഗം തണുപ്പിക്കാന്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. എന്നുവെച്ചാല്‍ നേരത്തേ ചോര്‍ത്തിയിരുന്നു എന്നു തന്നെ. അതിനിടക്കാണ് 2002 മുതല്‍ മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന വാര്‍ത്ത പുറത്തു വന്നത്. അവര്‍ ചാന്‍സലാറുകുന്നതിന് മുമ്പേയാണ് ഇത്. അമേരിക്കയുടെ വലിയ സഖ്യശക്തിയെന്ന് മേനി നടിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളെ മുഴുവന്‍ ചാരവൃത്തിക്ക് ഇരയാക്കിയെന്ന് തെളിഞ്ഞിട്ടും ഒരക്ഷരം ഇവിടെ നിന്ന് പ്രതിഷേധ സ്വരമുയര്‍ന്നിരുന്നില്ല. ഇനി അഥവാ പ്രതിഷേധമുയര്‍ന്നാലും അമേരിക്ക അത് ഗൗനിക്കില്ല. ഇവിടെയാണ് സാമ്രാജ്യത്വത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമായ സഖ്യമെന്നും കോളനിസമാനമായ ആശ്രിത രാജ്യമെന്നും ബാന്ധവങ്ങള്‍ തരംതിരിക്കപ്പെടുന്നത്. സ്‌പെയിനിലെ ആറ് കോടി ഫോണ്‍ സന്ദേശങ്ങള്‍ ഒരു മാസത്തിനകം ചോര്‍ത്തപ്പെട്ടുവെന്ന വിവരം പുറത്തായതോടെ അവിടുത്തെ യു എസ് സ്ഥാനപതിയെ വിളിച്ചു വരുത്തി വിശദീകരണം തേടിയാണ് അവര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. യൂറോപ്യന്‍ യൂനിയന്‍ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. യു എന്നില്‍ ഈ രാജ്യങ്ങളെല്ലാം ചേര്‍ന്ന് പ്രമേയം കൊണ്ടുവരാന്‍ പോകുന്നുവെന്നതാണ് ഏറ്റവും പുതിയ വിവരം.
പോപ്പിന്റെയും കര്‍ദിനാള്‍മാരുടെയും ഫോണ്‍ സന്ദേശങ്ങളിലേക്ക് നുഴഞ്ഞു കയറിയെന്ന വാര്‍ത്തയും വന്നു കഴിഞ്ഞു. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിന്റെ തൊട്ടുമുമ്പെയായിരുന്നു അത്. അതീവ രഹസ്യമാക്കി വെച്ചും അത്യന്തം സങ്കീര്‍ണമാക്കിയും കത്തോലിക്കാ സഭ പോപ്പ് തിരഞ്ഞെടുപ്പിനെ ഒരു മാധ്യമ ഉത്കണ്ഠയാക്കി മാറ്റുമ്പോഴാണ് ഈ ഇടിച്ചുകയറല്‍ എന്നോര്‍ക്കണം. ലോകത്തെ രക്ഷിക്കാന്‍ അമേരിക്ക തന്നെ വേണമെന്ന് ഉറച്ച് വിശ്വസിക്കുകയും തങ്ങളുടെ ചിന്തകള്‍ അമേരിക്കയിലേക്ക് കൂട്ടിക്കെട്ടുകയും ചെയ്യുന്നവരാണ് ക്രിസ്ത്യന്‍ ഗ്രൂപ്പുകളില്‍ ഭൂരിപക്ഷവും. അവരുടെ പരമോന്നത ആത്മീയ നേതൃത്വം ചാരവൃത്തിക്ക് ഇരയായെന്ന വസ്തുത പുറത്തു വന്നത് യു എസിന് വലിയ നാണക്കേടായിരിക്കുന്നു. അമേരിക്കയുടെ പുതിയ അധിനിവേശ ദൗത്യങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിന് കടുത്ത ഭീഷണിയായിരുക്കുന്നുവെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ഈ നാണക്കേടിന്റെ ആഴമേറും. പ്രതിഷേധം ശക്തവുമായിരിക്കും. സിറിയയില്‍ അമേരിക്ക ഇടപെടുകയും അല്‍ഖാഇദ അടക്കമുള്ളവരെ ഉപയോഗിച്ച് ബശര്‍ അല്‍ അസദിനെ താഴെയിറക്കാന്‍ വിയര്‍ക്കുകയും ചെയ്യുമ്പോള്‍ അവിടെ സാമാന്യം ഭേദപ്പെട്ട രാഷ്ട്രീയ പ്രാതിനിധ്യം സിദ്ധിച്ച സിറിയന്‍ ക്രിസ്ത്യന്‍ ഗ്രൂപ്പുകളാണ് പ്രതിസന്ധിയിലാകുന്നത്. ഇറാഖില്‍ നിന്ന് ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. പാക്കിസ്ഥാനില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ അമേരിക്കയോടുള്ള അമര്‍ഷം തീര്‍ക്കുന്നത് ക്രിസ്ത്യാനികളെ ആക്രമിച്ചു കൊണ്ടാണ്.
കൊളോണിയല്‍ സാമ്രാജ്യത്വം അതിര്‍ത്തികളെ അപ്രസക്തമാക്കി മുന്നേറിയതിന്റെ മറ്റൊരു രൂപം തന്നെയാണ് ഈ ചോര്‍ത്തല്‍. സാങ്കേതികമായ കോളനിവത്കരണമാണ് ഇത്. രാജ്യങ്ങളുടെ അന്തസ്സും പരമാധികാരവും സ്വതന്ത്രമായ നിലനില്‍പ്പും അപകടത്തിലാക്കുന്ന അധിനിവേശം. ഈ അധിനിവേശം സാമ്രാജ്യത്വ സഖ്യങ്ങള്‍ക്കകത്ത് താത്കാലികമായെങ്കിലും വിള്ളല്‍ വീഴ്ത്തുന്നുവെന്നത് സാമന്തന്‍മാരായി അധഃപതിച്ചുപോയ രാജ്യങ്ങള്‍ക്ക് അവരുടെ ശബ്ദം ശക്തമായി ഉയര്‍ത്താനുള്ള അവസരമാകേണ്ടതാണ്. ലോകം ഇന്നേവരെ അനുഭവിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ക്രൂരമായ അധിനിവേശമായ ഡ്രോണ്‍ ആക്രമണങ്ങളെ ധീരമായി ചെറുക്കാന്‍ പാക്കിസ്ഥാനും കരാറുകളുടെ അടിമത്തം പൊട്ടിച്ചെറിയാന്‍ ഇന്ത്യക്കും ഉപരോധങ്ങളെ മറികടക്കാന്‍ ഇറാനും സ്വയം നിര്‍ണയത്തിനുതകുന്ന തീരുമാനങ്ങളിലേക്ക് അഫ്ഗാനും ഡോളര്‍ മേധാവിത്വത്തെ തകര്‍ത്ത് പുതിയ സാമ്പത്തിക ശീലങ്ങള്‍ക്ക് മറ്റ് പൗരസ്ത്യ, ആഫ്രിക്കന്‍ രാജ്യങ്ങളും ഈ അവസരം ഉപയോഗപ്പെടുത്തുമെങ്കില്‍ മാത്രമേ അമേരിക്ക യഥാര്‍ഥ പ്രതിസന്ധി രുചിക്കുകയുള്ളൂ. മുതിര്‍ന്ന താലിബാന്‍ നേതാവ് ഹക്കീമുല്ല മസ്ഊദ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത വന്നയുടനാണ് ഈ കുറിപ്പ് എഴുതിത്തീരുന്നത്. കുറ്റപത്രവും വിചാരണയും ഒന്നുമില്ല. വിധി മാത്രം, സാമ്രാജ്യത്വത്തിന്റെ ഏകപക്ഷീയമായ വിധി. അത് നടപ്പാക്കുമ്പോള്‍ പരമാധികാര രാഷ്ട്രങ്ങളും അവയുടെ നിയമങ്ങളും ചരിത്രവുമെല്ലാം നിശ്ശബ്ദ ബന്ദികളായി നോക്കിനില്‍ക്കുന്നു.

musthafaerrakkal@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest