യു എന്‍ സെക്യൂരിറ്റി സ്ഥിരാംഗത്വം: ഇന്ത്യയെ ചൈന പിന്തുണക്കണം

Posted on: November 2, 2013 12:19 am | Last updated: November 2, 2013 at 12:19 am

കാസര്‍കോട്: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് ചൈന പിന്തുണ നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ഭാസ്വതി മുഖര്‍ജി അഭിപ്രായപ്പെട്ടു.
കേരള കേന്ദ്ര സര്‍വകലാശാലയിലെ അന്താരാഷ്ട്ര പഠനവിഭാഗത്തിന്റെ നേതൃത്വത്തില്‍ രണ്ടാമത് നയതന്ത്ര പ്രഭാഷണ പരമ്പരയില്‍ ക്ലാസെടുക്കുകയായിരുന്നു അവര്‍. അറുപതുകളില്‍ സുരക്ഷാ കൗണ്‍സിലില്‍ നിന്ന് പുറത്തായ ചൈനക്ക് പകരം ഇന്ത്യയെ സ്ഥിരാംഗമാക്കാന്‍ അന്നത്തെ യു എസ് പ്രസിഡന്റ് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇന്ത്യ നിരസിക്കുകയാണുണ്ടായത്. 68 വര്‍ഷമായി യു എന്നിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായ ഇന്ത്യക്ക് സ്ഥിരാംഗത്വത്തിന് എല്ലാ അവകാശവും ഉണ്ടെന്നും അവര്‍ പറഞ്ഞു.
യു എന്‍ നിഷ്‌കര്‍ഷിക്കുന്ന മനുഷ്യാവകാശവും ജനാധിപത്യ വ്യവസ്ഥയും നിലനില്‍ക്കുന്ന ഇന്ത്യ ലോകത്തെ രണ്ടായിരത്തോളം അന്താരാഷ്ട്ര സംഘടനകളില്‍ സജീവാംഗമാണ്. ഇന്ത്യയെ കേവലം ഒരു പ്രാദേശിക ശക്തിയായി വിലയിരുത്താതെ ഒരു അന്താരാഷ്ട്ര ശക്തിയായി വേണം നോക്കിക്കാണാന്‍- അവര്‍ അഭിപ്രായപ്പെട്ടു. പ്രഭാഷണ പരമ്പര കേന്ദ്രസര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസ് ഉദ്ഘാടനം ചെയ്തു. ലോകം മുഴുവന്‍ ഒരു ഗ്രാമമായി മാറുന്ന ഈ കാലഘട്ടത്തില്‍ അന്താരാഷ്ട്ര സംഘടനകള്‍ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലും അവരുടെ അവകാശങ്ങളിലും സ്വാധീനം ചെലുത്തുന്ന ശക്തിയായി മാറിയെന്ന് ഡോ. ജാന്‍സി ജയിംസ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഡോ. ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. യുനൈറ്റഡ് നാഷന്‍സിനെ കുറിച്ചുള്ള ചിത്ര പ്രദര്‍ശനത്തില്‍ ഒന്നാം സ്ഥാനം നേടിയ ഹിമേഷ് കുഞ്ഞിരാമന്‍, രണ്ടാം സ്ഥാനം നേടിയ മരിയ എലേന, പ്രബന്ധ രചനയില്‍ ഒന്നാം സ്ഥാനം നേടിയ അയ്ഷത്ത് റിഫാന, രണ്ടാം സ്ഥാനം നേടിയ വി എന്‍ കീര്‍ത്തി എന്നിവര്‍ക്ക് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ഭാസ്വതി മുഖര്‍ജി ഉപഹാരം നല്‍കി.