ഗ്രൂപ്പ് വഴക്ക് മുറുകി: മാനന്തവാടി പഞ്ചായത്തില്‍ ഭരണസ്തംഭനം

Posted on: November 2, 2013 12:17 am | Last updated: November 2, 2013 at 12:17 am

മാനന്തവാടി: മാനന്തവാടി പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങള്‍ക്കിടയിലെ ഗ്രൂപ്പ് വഴക്ക് കാരണം പഞ്ചായത്തിന്റെ ഭരണം സ്തംഭിച്ചു.
പഞ്ചായത്തില്‍ യാതൊരു തരത്തിലുള്ള വികസന പ്രവര്‍ന്നങ്ങളും നടക്കുന്നില്ല. തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ഇഎംഎസ് ഭവനപദ്ധതിയിലുള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട തുകകള്‍ യഥാ സമയം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. സമാധാന പരമായി ഭരണസമതി യോഗം പോലും നടക്കുന്നില്ല. പഞ്ചായത്തിലെ മാലിന്യ പ്രശ്‌നത്തിന് ശ്വാശതമായ ഒരു പരിഹരവും ഇതുവരെ കണ്ടിട്ടില്ല. മുന്‍ എല്‍ഡിഎഫ് ഭരണസമതി നടപ്പിലാക്കിയ എല്ലാ വികസന പ്രവര്‍ത്തനങ്ങളും നിലവിലെ ഭരണസമതി തകര്‍ക്കുകയാണ്. കൃഷി ക്ഷിരവികസന മേഖലയില്‍ മുന്‍ ഭരണ സമിതി നടപ്പിലാക്കിയ എല്ലാ പദ്ധതികളും ഇല്ലാതാക്കി. വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്തിലെത്തുന്നവര്‍ നിരാശരായി മടങ്ങേണ്ടി വരുന്ന അവസ്ഥയാണ്.
കഴിഞ്ഞ ദിവസം നടന്ന വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പിലാണ് ഗ്രൂപ്പ് വഴക്ക് മറ നീക്കി പുറത്ത് വന്നത്. നിലവില്‍ ലേഖ രാജിവന്‍ രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മുന്നില്‍ കണ്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയംഗത്വം സക്കീന ഹംസ രാജിവെച്ചിരുന്നു. ഇതിനു പിന്നാലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായിരുന്ന ഗ്ലാഡിസ് ചെറിയാന്‍, വിപിന്‍ വേണു ഗോപാല്‍ എന്നിവരും രാജിവെച്ചു. സക്കീന ഹംസ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍് സ്ഥാനത്തേക്ക് മത്സരിച്ചാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഗ്ലാഡിസ് ചെറിയാനും മത്സരത്തിന് തയ്യാറായിരുന്നു. ഇത് തെരഞ്ഞെടുപ്പ് വന്‍ ഗ്രുപ്പ് വഴക്കില്‍ കലാശിക്കും എന്ന് മനസിലാക്കിയ കോണ്‍ഗ്രസ് നേതൃത്വം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്ററി കമ്മിറ്റിയോഗം ചേര്‍ന്നു. സമവായത്തിന്റെ ഭാഗമായി രാജിവെച്ച ലേഖാ രാജിവനെ തന്നെ വീണ്ടും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നില നിര്‍ത്താന്‍ നേതൃത്വം നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.