Connect with us

National

സിവില്‍ സര്‍വീസസ് ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് കേന്ദ്ര-സംസ്ഥാന തലത്തില്‍ സിവില്‍ സര്‍വീസസ് ബോര്‍ഡ് വേണമെന്ന് സുപ്രീംകോടതി. മൂന്ന മാസത്തിനകം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ബോര്‍ഡിന്റെ പ്രവര്‍ത്തനം സ്വതന്ത്രമാക്കാന്‍ നിയമ രൂപീകരണം നടത്തണമെന്നും നിര്‍ദേശമുണ്ട്.

ജസ്റ്റിസ് രാധാകൃഷ്ണന്‍ അടങ്ങിയ ബെഞ്ചാണ് ചരിത്രപരമായ വിധിപ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലം മാറ്റവും, സ്ഥാനക്കയറ്റവും നിയന്ത്രിക്കുന്നത് ബോര്‍ഡായിരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള നിയമനങ്ങള്‍ക്ക് പ്രത്യകം ബോര്‍ഡുകള്‍ സ്ഥാപിക്കണം. കേന്ദ്രത്തില്‍ ക്യാബിനറ്റ് സെക്രട്ടറിയുടേയും സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിയുടേയും കീഴിലാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുക. ഇവര്‍ അധ്യക്ഷരായി സമിതികള്‍ രൂപവല്‍ക്കരിക്കണം. ഉദ്യോഗസ്ഥരുടെ ഓരോപദവിയിലുമുള്ള കാലാവധി നേരത്തെതന്നെ നിശ്ചയിക്കണം. ഓരോ പദവിയിലും മൂന്ന വര്‍ഷം എന്നത് പരിഗണിക്കാവുന്നതാണ്. അഴിമതി തടയാന്‍ ഇത് സഹായകരമാകുമെന്നും കോടതി വിലയിരുത്തി. വിവരാവകാശ നിയമമടക്കമുള്ള സ്ഥിതിക്ക് അധികാരികളുടെ വാക്കാലുള്ള നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതില്ലെന്നും രേഖാമൂലമുള്ള ആവശ്യങ്ങള്‍ മാത്രം നടപ്പാക്കിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.
സിവില്‍ സര്‍വീസ് നിയമനം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടിആര്‍എസ് സുബ്രഹ്മണ്യം ഉള്‍പ്പടെ 82 വിരമിച്ച ഉദ്യോഗസ്ഥരാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഭരണമാറ്റം ഉണ്ടാകുമ്പോള്‍ കൂട്ടത്തോടെയുള്ള സ്ഥലംമാറ്റങ്ങള്‍ക്കെതിരെ ഇത്തരമൊരു നടപടി ആവശ്യമാണെന്ന്്് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ഇടപെടലില്‍ നിന്ന് ബ്യൂറോക്രാറ്റിനെ സ്വതന്ത്രമാക്കാന്‍ വിവിധ സമിതികള്‍ ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Latest