Connect with us

Kozhikode

അനധികൃത കെട്ടിട നിര്‍മാണം: നഗരസഭാ കൗണ്‍സിലില്‍ ബഹളം

Published

|

Last Updated

വടകര: അനധികൃത കെട്ടിട നിര്‍മാണത്തെ ചൊല്ലിയുണ്ടായ പരാമര്‍ശം നഗരസഭാ കൗണ്‍സില്‍ യോഗത്തെ ബഹളമയമാക്കി. എടോടിയില്‍ നിര്‍മിച്ച കെട്ടിടവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് അംഗം എം പി അമ്മദും തൊട്ടുപിന്നാലെ കോണ്‍ഗ്രസ് അംഗം അഡ്വ. സദാനന്ദനുമാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
താത്കാലികമായി നിര്‍മിച്ച കെട്ടിടം സ്ഥിരം കെട്ടിടമായി നിലനില്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്നും സദാനന്ദന്‍ പറഞ്ഞു. ഇതിന് മുനിസിപ്പല്‍ അസിസ്റ്റന്റ് എന്‍ജിനീയറോട് വിശദീകരണം നല്‍കാന്‍ ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ പെര്‍മിറ്റ് റഗുലൈസ്ഡ് ചെയ്യാന്‍ അനുമതിക്കായി കെട്ടിട ഉടമ അപേക്ഷ നല്‍കിയിട്ടുണ്ടന്നും ഇക്കാര്യം അടുത്ത കൗണ്‍സിലില്‍ അജന്‍ഡയായി വരുമെന്ന ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടിയെ തുടര്‍ന്നാണ് യോഗം ബഹളത്തില്‍ കലാശിച്ചത്.
കഴിഞ്ഞ കൗണ്‍സിലില്‍ നല്‍കിയ മറുപടിയും ഹിയറിംഗ് വെച്ചിട്ടുണ്ടെന്നും അതേപ്പറ്റിയുള്ള വിവരമാണ് അറിയേണ്ടതെന്നും നിര്‍മാണ യോഗ്യമല്ലാത്ത കെട്ടിടം കൗണ്‍സിലില്‍ അജന്‍ഡയായി വരുന്നതെങ്ങനെയാണെന്നും അംഗങ്ങള്‍ ചോദിച്ചു. അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്ന സി പി എം അംഗം കെ പി ബാലന്‍ മാസ്റ്റര്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന മുസ്‌ലിം ലീഗ് അംഗം പി അബ്ദുല്‍ കരീമിന്റെ പരാമര്‍ശം ബഹളത്തിന് ആക്കം കൂട്ടി.
തുടര്‍ന്ന് ചര്‍ച്ചയില്‍ സംസാരിച്ച സി പി എം അംഗം ഇ അരവിന്ദാക്ഷന്‍ ഹിയറിംഗ് നടത്തുന്നത് സംബന്ധിച്ച് സെക്രട്ടറി വിശദീകരിക്കണമെന്ന് ആവശ്യമുന്നയിച്ചു. നേരത്തെ കെട്ടിട ഉടമക്ക് നല്‍കിയ നോട്ടീസിന് ലഭിച്ച മറുപടിയില്‍ കെട്ടിടം അനധികൃതമാണെന്ന് തെറ്റ് സമ്മതിക്കുന്നതായും, അതുകൊണ്ട് പെര്‍മിറ്റ് റഗുലൈസ്ഡ് ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി മറുപടി നല്‍കിയതോടെയാണ് ബഹളത്തിന് ശമനമായത്.

 

Latest