Connect with us

Editorial

നിതാഖാത്ത്: പുനരധിവാസ പദ്ധതി വൈകരുത്

Published

|

Last Updated

സഊദി അറേബ്യയില്‍നിന്നു തിരിച്ചെത്തുന്നവര്‍ക്കായുള്ള പുനരധിവാസ പാക്കേജിന് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് നോര്‍ക്ക വകുപ്പ് മന്ത്രി കെ സി ജോസഫ് ശനിയാഴ്ച കൊച്ചിയില്‍ അറിയിച്ചത്. നിതാഖാത്ത് പ്രശ്‌നത്തെച്ചൊല്ലി കേരളീയരുടെ മടക്കം തുടങ്ങിയ ഉടനെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് പുനരധിവാസ പദ്ധതി. പദ്ധതിക്ക് ഒരു മാസത്തിനകം അന്തിമ രൂപമാകുമെന്ന് ജൂണ്‍ 14ന് നിയമസഭയില്‍ മന്ത്രി ജോസഫ് ഉറപ്പ് നല്‍കിയിരുന്നതുമാണ്. ഇതിനകം പതിനായിരക്കക്കിനാളുകള്‍ സഊദിയില്‍ ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തിക്കഴിഞ്ഞു. നിര്‍ദിഷ്ട പുനരധിവാസ പദ്ധതിക്കായി ഇവരില്‍ 13,112 പേര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. സ്വയംതൊഴില്‍ പദ്ധതികള്‍ക്കുള്‍പ്പെടെ സര്‍ക്കാറില്‍ നിന്നുള്ള ധനസഹായത്തിനായി പ്രതീക്ഷയോടെ ഇവര്‍ കാത്തിരിപ്പ് തുടരവെ പദ്ധതിയെക്കുറിച്ചു സര്‍ക്കാര്‍ ഇപ്പോഴും വ്യക്തമായ ഒരു നിലപാടിലെത്തിയിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രസ്തവാനയില്‍ നിന്ന് വ്യക്തമാകുന്നത്.
സഊദിയിലെ ഇരുപത് ലക്ഷം വരുന്ന ഇന്ത്യക്കാരില്‍ അഞ്ച് ലക്ഷത്തോളം മലയാളികളെന്നാണ് കണക്ക്. ഇവരില്‍ നിന്ന് ഇതിനകം എത്ര പേര്‍ മടങ്ങിയെന്നോ, നവംബര്‍ മൂന്നിന് നിതാഖാത് പരിധി അവസാനിക്കുമ്പോഴേക്ക് എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നോ വ്യക്തമായ കണക്കില്ല. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങള്‍ വഴിയും മംഗലാപുരം വിമാനത്താവളത്തിലൂടെയും കഴിഞ്ഞ ഏപ്രില്‍ മുതല്‍ ദിനംപ്രതി സഊദി മലയാളികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുണ്ട്. നിതാഖാത്ത് വ്യവസ്ഥയില്‍ സഊദി സര്‍ക്കാര്‍ രണ്ട് തവണ ഇളവ് അനുവദിക്കുകയും കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കാലാവധി വീണ്ടും ദീര്‍ഘിപ്പിക്കുമെന്ന പ്രതീക്ഷയില്‍ പലരും പിടിച്ചുനിന്നെങ്കിലും ഇനിയും കാലാവധി ദീര്‍ഘിപ്പിക്കാനാകില്ലെന്നും ഇനി പിടിക്കപ്പെട്ടാല്‍ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്കാകില്ല, ജയിലുകളിലേക്കായിരിക്കും വിദേശികളെ അയക്കുകയെന്നും സഊദി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒപ്പം വന്‍ തുക പിഴയും ഒടുക്കേണ്ടി വരുമെന്നും ഓര്‍മിപ്പിക്കുകയുണ്ടായി. ഇതോടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് മടങ്ങാനുള്ള തയാറെടുപ്പിലാണ് ലക്ഷക്കണക്കിന് വിദേശത്തൊഴിലാളികള്‍. ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ സഊദിയില്‍ നിന്ന് കേരളത്തലേക്കുള്ള ഒഴുക്കും ഗണ്യമായി വര്‍ധിക്കും.
സംസ്ഥാന സര്‍ക്കാറിനും കേരള ജനതക്കും പ്രവാസികളോടുള്ള കടപ്പാട് നിസ്സീമമമാണ്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ പരിപോഷണത്തിലും, വികസനത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം ബഹുദൂരം മുന്നേറിയതിലും പ്രവാസി സമ്പാദ്യത്തിന് അനല്‍പ്പമായ പങ്കുണ്ട്. പ്രതിവര്‍ഷം 50,000 കോടിയിലധികം രൂപ ഗള്‍ഫ് മലയാളികളുടെ സമ്പാദ്യമായി കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് കണക്ക്. പ്രവാസിലോകം പ്രതിസന്ധിയിലകപ്പെടുമ്പോള്‍ സമഗ്രമായ പുനരധിവാസ പദ്ധതി ആവിഷ്‌കരിച്ചു, അവര്‍ക്ക് സമാശ്വാസമേകിയാണ് ഇതിന് പ്രത്യുപകാരം ചെയ്യേണ്ടത്. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഭരണ മുന്നണിയില്‍ നടക്കുന്ന രാഷ്ട്രീയ വിഴുപ്പലക്കിലിനിടയില്‍ പ്രവാസി മലയാളികളെയും കേരളീയ ജനതയെ തന്നെയും സര്‍ക്കാര്‍ വിസ്മരിക്കുകയായിരുന്നു.
തൊഴില്‍ നഷ്ടപ്പെടുന്നവരെ നാട്ടിലെത്തിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തുക, വായ്പകള്‍ പുനഃക്രമീകരിക്കുകയും എഴുതിത്തള്ളുകയും ചെയ്യുക, പ്രായപരിധി പരിഗണിക്കാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തുക, വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്കു പലിശയിളവ് അനുവദിക്കുക, എമിഗ്രേഷന്‍ ഫീസിനത്തില്‍ ഈടാക്കിയ തുക ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നല്‍കുക, പ്രവാസികളെ സഹായിക്കാന്‍ വിദേശരാജ്യങ്ങളില്‍ ലീഗല്‍ സെല്‍ ആരംഭിക്കുക, എംബസികളില്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളടങ്ങുന്ന നിവേദനങ്ങള്‍ പ്രവാസി സഘടനകള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ഈ ആവശ്യങ്ങളിലേറെയും അടിയന്തര പരിഗണന അര്‍ഹിക്കുന്നതാണെന്ന് നിയമസഭാ സമിതി സാക്ഷ്യപ്പെടുത്തിയതുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രാഥമിക നടപടികള്‍ പോലുമായിട്ടില്ല. നിതാഖാത്തിന്റെ സമയ പരിധി അവസാനിക്കാന്‍ ഒരാഴ്ച മാത്രം അവശേഷിച്ചിരിക്കെ സമഗ്രമായ പുനരധിവാസ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിന് ഇനിയും വൈകിക്കൂടാ.

Latest