Connect with us

Malappuram

അരീക്കോട്ട് ക്ഷേത്രത്തില്‍ വീണ്ടും മോഷണം

Published

|

Last Updated

അരീക്കോട്: കിഴുപറമ്പ് തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മോഷണം. ഗണപതി, നാഗം, വേട്ടക്കൊരുമകന്‍ ഉപദേവ ക്ഷേത്രങ്ങളില്‍ നിന്നുള്ള മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് മോഷണം. വന്‍ തുക നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. നാലമ്പലത്തിനുള്ളിലും മോഷ്ടാവ് പ്രവേശിച്ചതായി സംശയിക്കുന്നു. അകത്തുള്ള അലമാരകളിലും തിരച്ചില്‍ നടത്തിയിട്ടുണ്ട്. വമലീസും വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ പുലര്‍ച്ചയ്ക്ക് ശാന്തിക്കാരന്‍ എത്തിയപ്പോഴാണ് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. വ്യാഴാഴ്ച രാത്രി ഏഴരക്കും പുലര്‍ച്ചെ അഞ്ചിനുമിടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. നവമി ആഘോഷങ്ങള്‍ക്കു ശേഷം ഭണ്ഡാരം തുറന്നിട്ടില്ലാത്തതിനാല്‍ കൂടുതല്‍ പണം നഷ്ടപ്പെട്ടിരിക്കാനാണ് സാധ്യത കൂടുതലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു. ചരിത്ര പ്രസിദ്ധമായ ക്ഷേത്രത്തില്‍ ഇപ്പോള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇക്കഴിഞ്ഞ തിരുവോണ നാളില്‍ അരീക്കോട് പൂത്തലം ശ്രീ സാളിഗ്രാമ നരസിംഹ മൂര്‍ത്തീ ക്ഷേത്രത്തില്‍ നടന്ന മോഷണത്തിന് ഇതുമായി സാമ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. നാല് ഭണ്ഡാരങ്ങളും അലമാരകളും കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോയിരുന്നു. ഇതിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് തൃക്കളയൂരില്‍ മോഷണം നടന്നത്.