Connect with us

Kozhikode

ജോര്‍ജിന്റെ ഉച്ചയൂണ് യു ഡി എഫിലും അന്തിയുറക്കം എ കെ ജി സെന്ററിലും

Published

|

Last Updated

കോഴിക്കോട്: ആത്മാഭിമാനം ചോദ്യം ചെയ്യുന്ന തരത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന് കോണ്‍ഗ്രസ് മുഖപത്രത്തിന്റെ രൂക്ഷ പരിഹാസം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രതിപക്ഷത്തുള്ള ഒരാളെ പോലും ഇത്തരം കടുത്ത ഭാഷയില്‍ വീക്ഷണം വിമര്‍ശിച്ചിട്ടില്ല.

പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മതത്തോടെ കോഴിക്കോട് റസിഡന്റ് എഡിറ്റര്‍ പി മുഹമ്മദലി എഴുതിയ ഇന്നലത്തെ വീക്ഷണത്തിലെ ലേഖനത്തിലാണ് പി സി ജോര്‍ജിനെ കടന്നാക്രമിക്കുന്നത്. കാബിനറ്റ് റാങ്കുള്ള ഒരാള്‍ക്ക് സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ പത്രത്തില്‍ നിന്ന് ഇത്തരത്തിലുള്ള വിമര്‍ശം വിവാദങ്ങള്‍ നിറഞ്ഞ യു ഡി എഫ് രാഷ്ട്രീയത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയേക്കും.
സാമൂഹികദ്രോഹി, ഭ്രാന്തന്‍, കുറ്റിച്ചൂല്, സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ കൂടോത്രം നടത്തുന്നവന്‍ എന്നിങ്ങനെയാണ് പി സി ജോര്‍ജിനെ പത്രം വിശേഷിപ്പിക്കുന്നത്.
മുന്നണിമര്യാദകളുടെ എല്ലാ സീമകളും സാമാന്യമര്യാദകളുടെ ലക്ഷ്മണരേഖകളും മറികടന്നു സര്‍വരെയും പുലഭ്യം പറയുന്ന രോഗത്തിന് വൈദ്യശാസ്ത്ര ഭാഷയില്‍ “ഭ്രാന്ത്” എന്നാണ് പേര്. ഇത്തരക്കാരെ കൊണ്ടുപോയി തളക്കേണ്ടത് ചീഫ് വിപ്പ് പദവിയിലല്ല; ഊളന്‍പാറയിലോ കുതിരവട്ടത്തോ ആണെന്നും വീക്ഷണം പരിഹസിക്കുന്നു.
എല്‍ ഡി എഫില്‍ നിന്ന് മറുകണ്ടം ചാടി യു ഡി എഫിലെത്തിയ ജോര്‍ജിനെ മുന്നണി പ്രവേശത്തിന് മുമ്പ് രാഷ്ട്രീയ എച്ച് ഐ വി ടെസ്റ്റ് നടത്തേണ്ടതായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ മന്ത്രിയാകാന്‍ കൊതിച്ചു ചീഫ് വിപ്പാകേണ്ടിവന്ന കൊതിക്കെറുവാണ് മുന്നണി നേതാക്കളെ തെറി പറയാനും ഘടകകക്ഷികളെ അധിക്ഷേപിക്കാനും ജോര്‍ജിനെ പ്രേരിപ്പിക്കുന്നത്. യു ഡി എഫിന്റെ ഉപ്പും ചോറും തിന്ന് പിണറായി വിജയന് മംഗളപത്രം എഴുതുകയും വി എസ് അച്യുതാനന്ദന്റെ കൈ മുത്തുകയും ചെയ്യുന്ന ജോര്‍ജ് പാളയത്തില്‍ പട സൃഷ്ടിക്കുന്ന വിശ്വാസഘാതകനാണ്.
ഒരു സാമൂഹികദ്രോഹി തന്റെ കൈക്കരുത്ത് ആദ്യം പരീക്ഷിക്കുന്നത് സ്വന്തം വീട്ടകത്തെ സാധനങ്ങള്‍ തച്ചുടച്ചും അമ്മയെ തല്ലിക്കൊണ്ടുമാണ്. ജോര്‍ജിന്റെ പോക്ക് അത്തരത്തിലാണെന്ന് ലേഖനം പറയുന്നു. മാണി സാറല്ല; മാര്‍പ്പാപ്പ വന്ന് ഗുണദോഷിച്ചാലും ജോര്‍ജ് നേര്‍വഴിക്ക് വരില്ല. ജോര്‍ജിന്റെ പ്രാതലും ഉച്ചയൂണും യു ഡി എഫിലും അന്തിയുറക്കം എ കെ ജി സെന്ററിലുമാണ്. പി സി ജോര്‍ജാണ് ഇടത് മുന്നണിയുടെ ഐശ്വര്യം എന്ന അവസ്ഥ അവസാനിപ്പിച്ചേ മതിയാകൂ. സിഗററ്റ് പാക്കിന്മേല്‍ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് പോലെ പി സി ജോര്‍ജ് യു ഡി എഫിന് ഹാനികരം എന്നെഴുതി വെക്കേണ്ട ഗതികേടിലാണിപ്പോഴെന്നും വീക്ഷണം പരിഹസിക്കുന്നു.
കെ പി സി സി എക്‌സിക്യൂട്ടീവിനെ അധിക്ഷേപിക്കുന്നത് ഇന്ദിരാ ഭവന്റെ പൂമുഖത്ത് കയറി മലമൂത്ര വിസര്‍ജനം ചെയ്യുന്നതിന് തുല്യമാണ്. ജോര്‍ജ് കാണിച്ച ധിക്കാരം അതാണ്. ഇത്തരക്കാര്‍ക്ക് നല്‍കേണ്ടത് ബോര്‍ഡും ലൈറ്റും ഘടിപ്പിച്ച കാറല്ല; പടിയടച്ചു പിണ്ഡംവെക്കലാണ്. ജോര്‍ജിനെ പുറത്താക്കേണ്ട സമയം അതിക്രമിച്ചെന്ന് പത്രം ഓര്‍മിപ്പിക്കുന്നു. ഒരു വോട്ടിന്റെ പിന്തുണ കാട്ടിയാണ് ജോര്‍ജ് തുമ്മുന്നതെങ്കില്‍ തുമ്മട്ടെ. അങ്ങനെ തെറിക്കുന്ന മൂക്കാണെങ്കില്‍ അതും തെറിക്കട്ടെ എന്ന് യു ഡി എഫ് നേതൃത്വത്തെ ഉണര്‍ത്തിയാണ് ലേഖനം അവസാനിപ്പിക്കുന്നത്.