Connect with us

Articles

ജമാഅത്തെ ഇസ്‌ലാമി: 'കോട്ടക്കല്‍ കഷായ'ത്തില്‍ നിന്ന് 'കോഴിക്കോടന്‍ ബിരിയാണി'യില്‍ എത്തുമ്പോള്‍

Published

|

Last Updated

dddddddddddddddജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി, അതിന്റെ ആദ്യ രൂപമായ വികസന മുന്നണി എന്ന പേരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംസ്ഥാനവ്യാപകമായി മത്സരിച്ചപ്പോള്‍ പല വാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ട് മാത്രം ലഭിച്ച അനുഭവം പോലും ഉണ്ടായി. അതായത് സ്വന്തം ഭാര്യ/രക്ഷിതാക്കള്‍/ മക്കള്‍/സഹോദരീസഹോദരന്മാര്‍ എന്നിവരുടെ വോട്ട് പോലും ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍കൈയില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയില്ലെന്ന് സാരം. ജനസാമാന്യത്തിനിടയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനുള്ള ഈ സ്വാധീനത്തെ സി പി എമ്മും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മനസ്സിലാക്കുന്നില്ലെന്നാണ് ജമാഅത്ത് നേതാവ് ഒ അബ്ദുര്‍റഹ്മാന്റെയും പാര്‍ട്ടിയുടെയും പരാതി. ആ പരാതി പരിഹരിച്ചു കൊടുക്കാന്‍ മാത്രം വിശാലമായ രാഷ്ട്രീയ ബോധവും ജനാധിപത്യ ബോധവും “സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍”ക്ക് ഉടയതമ്പുരാന്‍ കനിഞ്ഞരുളി നല്‍കുമാറാകട്ടെ എന്നു നമുക്ക് 
പ്രാര്‍ഥിക്കാം.

“പൊതു തിരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുതിയ തന്ത്രങ്ങളും അടവുനയങ്ങളുമായി വരുന്നതില്‍ പുതുമയോ അത്ഭുതമോ ഇല്ല. എങ്ങനെയും നാല് വോട്ട് കൂടുതല്‍ നേടുക, ഇല്ലെങ്കില്‍ കിട്ടിയ വോട്ടുകള്‍ നഷ്ടപ്പെടാതെ നോക്കുക എന്ന ഏക ഇന അജന്‍ഡയേ ഇത്തരം അടവുകള്‍ക്കും തന്ത്രങ്ങള്‍ക്കും പിന്നിലുള്ളൂ” എന്ന് പറഞ്ഞുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ഒ അബ്ദുര്‍റഹ്മാന്‍ “എ ആര്‍” എന്ന പേരില്‍ “ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കാന്‍ പിണറായി വിജയന്‍” എന്ന തലക്കെട്ടിട്ട ലേഖനം (മാധ്യമം 2013 ഒക്‌ടോബര്‍ 10) എഴുതിത്തുടങ്ങുന്നതു തന്നെ. അബ്ദുര്‍റഹ്മാന്റെ ലേഖനത്തിനും ഏറ്റവും നന്നായി ചേരുന്ന വിശേഷണവും ഇതു തന്നെ. അതായത് പൊതുതിരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ ഒരു വാര്‍ഡില്‍ പോലും വിജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ശക്തിയില്ലാത്ത ഒരു മുസ്‌ലിം സംഘടനയുടെ അടവും തന്ത്രവുമായേ അബ്ദുര്‍റഹ്മാന്റെ ലേഖനത്തെയും കാണേണ്ടതുള്ളൂ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നേയും തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും അബ്ദുര്‍റഹ്മാന്‍ എഴുതിയ ലേഖനങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചുനോക്കിയാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഈ അടവും തന്ത്രവും എളുപ്പത്തില്‍ മനസ്സിലാകും. രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം നാല് വോട്ട് അധികം കിട്ടാനോ അല്ലെങ്കില്‍ കിട്ടിയ വോട്ട് നഷ്ടപ്പെടാതിരിക്കാനോ ആണെങ്കില്‍, ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമം ഇല്ലാത്ത വോട്ടും സ്വാധീനവും ഉണ്ടെന്ന് കാണിക്കാനാണെന്ന വ്യത്യാസം മാത്രമേയുള്ളൂ.

ജമാഅത്തെ ഇസ്‌ലാമിയുടെ ആ തന്ത്രം സി പി എം പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും പിണറായി വിജയനും തിരിച്ചറിഞ്ഞതിലുള്ള ജാള്യമാണ് അബ്ദുര്‍റഹ്മാന്റെ ലേഖനത്തില്‍ മുഴുവന്‍ പരന്നൊഴുകുന്നത്. ആ വേദന ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. അതേസമയം, ജമാഅത്തെ ഇസ്‌ലാമിയെ പിണറായി വിജയന്‍ വിമര്‍ശിച്ചത്, “സെക്കുലര്‍ സുന്നികളെ” അത് സുഖിപ്പിക്കും എന്ന കണക്കുകൂട്ടലില്‍ മാത്രമല്ല, മറിച്ച് വെല്‍ഫയര്‍ പാര്‍ട്ടി നിലവില്‍ വന്നതോടെ ജമാഅത്തിന്റെ വോട്ടും പിന്തുണയും ഇനി ഇടതുപക്ഷത്തിന് ലഭിക്കുകയില്ല എന്ന തിരിച്ചറിവാണ് പിണറായി വിജയനെ കൊണ്ട് ജമാഅത്തിനെതിരെ പറയിപ്പിക്കുന്നത് എന്ന് പറയാന്‍ ഒ അബ്ദുര്‍റഹ്മാനോളം തന്നെ തൊലിക്കട്ടിയും ജമാഅത്തെ ഇസ്‌ലാമിയോളം രാഷ്ട്രീയ ബോധവും വേണം. കാരണം, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി, അതിന്റെ ആദ്യ രൂപമായ വികസന മുന്നണി എന്ന പേരില്‍ സംസ്ഥാനവ്യാപകമായി മത്സരിക്കുയുണ്ടായി. പല വാര്‍ഡുകളിലും മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ട് മാത്രം ലഭിച്ച അനുഭവം പോലും അന്ന് ജമാഅത്തെ ഇസ്‌ലാമിക്കുണ്ടായി. അതായത് സ്വന്തം ഭാര്യ/രക്ഷിതാക്കള്‍/ മക്കള്‍/സഹോദരീസഹോദരന്മാര്‍ എന്നിവരുടെ വോട്ട് പോലും ജമാത്തെ ഇസ്‌ലാമിയുടെ മുന്‍കൈയില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയില്ലെന്ന് സാരം. ജനസാമാന്യത്തിനിടയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനുള്ള ഈ സ്വാധീനത്തെ സി പി എമ്മും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മനസ്സിലാക്കുന്നില്ലെന്നാണ് അബ്ദുര്‍റഹ്മാന്റെയും പാര്‍ട്ടിയുടെയും പരാതി. ആ പരാതി പരിഹരിച്ചു കൊടുക്കാന്‍ മാത്രം വിശാലമായ രാഷ്ട്രീയ ബോധവും ജനാധിപത്യ ബോധ്യവും വോട്ടില്‍ കണ്ണും നട്ടിരിക്കുന്ന എ ആറിന്റെ ഭാഷയിലുള്ള സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉടയതമ്പുരാന്‍ കനിഞ്ഞരുളി നല്‍കുമാറാകട്ടെ എന്നു നമുക്ക് പ്രാര്‍ഥിച്ചു കൊടുക്കാം.
ലേഖനം തുടങ്ങുന്നത്, കണ്ണൂരില്‍ സി പി എം സംഘടിപ്പിച്ച മുസ്‌ലിംകളും ഇടതുപക്ഷവും സെമിനാറൊക്കെ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രങ്ങളാണ് എന്ന മട്ടിലാണെങ്കിലും അവസാനിക്കുമ്പോഴേക്കും അബ്ദുര്‍റഹ്മാന്റെ പരാതി ആ തന്ത്രത്തില്‍ പങ്കാളികളാകാന്‍ തങ്ങളെ ക്ഷണിച്ചില്ലല്ലോ എന്നതാണ്. അതിനേക്കാള്‍ അബ്ദുര്‍റഹ്മാനെയും സംഘത്തെയും അസ്വസ്ഥമാക്കുന്നത് അതിലേക്ക് മുസ്‌ലിം സമുദായത്തിലെ “സംഘടിത മതപുരോഹിത കൂട്ടായ്മയെ പ്രതിനിധാനം ചെയ്യുന്ന ചരിത്ര പണ്ഡിതനെ” ക്ഷണിച്ചതാണ്. ആ ചരിത്ര പണ്ഡിതന്‍ വളര്‍ന്നുവന്ന യാഥാസ്ഥിതിക വിഭാഗവുമായെങ്ങാനും പിണറായി വിജയന്‍ കരാറില്‍ ഏര്‍പ്പെട്ടുകളയുമോ എന്നാണ് ടിയാന്റെ പേടി. “ഏത് അടുപ്പില്‍ വേവേണ്ട അയക്കൂറയാണ്, കണ്ടില്ലേ ഒരു പോര്‍ട്ടര്‍ വാങ്ങിക്കൊണ്ടുപോകുന്നത്?” എന്ന് വൈകുന്നേരം പണി കഴിഞ്ഞ് അയക്കൂറയും വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ചുമട്ടുതൊഴിലാളിയെ നോക്കി നാട്ടിലെ ചില പ്രമാണിമാര്‍ കളിയാക്കി പറഞ്ഞതായി ഒരു കഥ കേട്ടിട്ടുണ്ട്. ഗ്രൂപ്പ് എഡിറ്റര്‍മാരും എക്‌സിക്യൂട്ടീവ് എഡിറ്റര്‍മാരും ഉള്ളപ്പോള്‍ വഅളും പറഞ്ഞ് നടക്കുന്ന മുസ്‌ലിയാക്കന്മാരെയാണോ സെമിനാറിന് പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിക്കേണ്ടത്? സാംസ്‌കാരിക കേരളത്തിനെന്ത് സംഭവിച്ചു?
അങ്ങനെ മുസ്‌ലിയാക്കന്മാര്‍ അയക്കൂറയും വാങ്ങി പോകാന്‍ തുടങ്ങിയത് കൊണ്ടാണ് ഒ അബ്ദുര്‍റഹ്മാന്‍ സി ബി ഐ കുഴിച്ചുമടുത്ത ചുവന്ന കുന്നിലേക്ക് വീണ്ടും ജെ സി ബിയും ഓടിച്ചുകയറി നോക്കിയതും പ്രവാചകരുടെ തിരുകേശം കാണാന്‍ വീണ്ടും വരി നിന്നുനോക്കിയതും. പക്ഷേ, എന്തു ചെയ്യാന്‍? “കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ കാണുമ്പോഴേക്കും സി പി എമ്മിന്റെ പുരോഗമന വീക്ഷണവും സെക്കുലര്‍ പരിഗണനയുമെല്ലാം അലിഞ്ഞില്ലാതാകുന്ന കാഴ്ചയാണ്” സാഹിബിന് എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും കാണാനാകുന്നത്. “സി പി എമ്മിന്റെ പുരോഗമന വീക്ഷണവും സെക്കുലര്‍ പരിഗണനയും” എന്നൊക്കെ പറയുന്നത് തൊട്ടടുത്ത റൂമിലിരിക്കുന്ന വേളത്തുകാര്‍ കേള്‍ക്കണ്ട. പിന്നെ, സി പി എമ്മിന്റെ സെമിനാറിന് പിണറായി വിജയനല്ല, യുവാക്കളുടെ “പാട്ടും കൂത്താട്ടത്തിനും” കൂട്ടില്‍ മുഹമ്മദലി പോലും ക്ഷണിക്കാത്ത സ്ഥിതിയിലാകും.
കണ്ണൂരില്‍ സി പി എം രക്ഷാകര്‍തൃത്വത്തിലുള്ള സംഘടനകള്‍ ചേര്‍ന്ന് നടത്തിയ സെമിനാറില്‍ പിണറായി വിജയന്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ നവോത്ഥാന നായകരെ എണ്ണിയ കൂട്ടത്തില്‍ “ഞങ്ങള്‍ക്കൊന്നും അറിയാത്ത തങ്ങന്മാരെയാണ് എണ്ണിയതെ”ന്നും എം ഇ എസ്സിനെയും മുജാഹിദുകളെയും മൗദൂദികളെയും എന്തുകൊണ്ടാണ് പരാമര്‍ശിക്കാതിരുന്നതെന്നും എം ഇ ഇസ് പ്രസിഡന്റ് ഫസല്‍ ഗഫൂറും ചാനല്‍ ചര്‍ച്ചകളില്‍ പരിതപിക്കുന്നത് കേട്ടു. ചരിത്രം എന്നത് മാവിലായിയിലെ മാവിന്‍ ചോട്ടിലെ തണലല്ലെന്നും മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹപ്രായമുറപ്പിക്കാന്‍ യോഗം ചേര്‍ന്ന കോഴിക്കോട് ഹൈസണ്‍ ഹോട്ടലും കടന്നു വേണം എ കെ ജി സെന്ററില്‍ നിന്ന് കണ്ണൂരിലേക്കെത്താന്‍ എന്നും പിണറായി വിജയന് അറിയാവുന്നത് ഒരു കുറ്റമായി കരുതാന്‍ മുസ്‌ലിം വ്യക്തിനിയമത്തില്‍ പഴുതുകളൊന്നും ഇല്ലല്ലോ?
ഒ അബ്ദുര്‍റഹ്മാന്റെ ലേഖനം വായിച്ചാല്‍ വായനക്കാര്‍ക്ക് ബോധ്യമാകുന്ന മറ്റൊരു കാര്യം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്ന വന്‍ മുന്നേറ്റത്തെക്കുറിച്ചാണ്. കോണ്‍ഗ്രസിനെയോ ബി ജെ പിയേയോ പോലെ വെല്‍ഫെയര്‍ പാര്‍ട്ടി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല എന്നേ ഉള്ളൂ. പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും ടി ആരിഫലി പ്രധാനമന്ത്രി പദവിയും ഒ അബ്ദുര്‍ഹ്മാന്‍ ആഭ്യന്തര വകുപ്പും ശൈഖ് മുഹമ്മദ് കാരക്കുന്ന് സാംസ്‌കാരിക വകുപ്പും നെയ്യാറ്റിങ്കര ശ്രീജ വനിതാ ക്ഷേമ വകുപ്പും സി ദാവൂദ് യുവജന ക്ഷേമ സ്‌പോര്‍ട്‌സ് കാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിസഭ നിലവില്‍ വരുമെന്നും പി എം എ ഹനീഫ് കേന്ദ്ര സംഗീത നാടക അക്കാദമി ചെയര്‍മാനും പ്രൊഫ. പി കോയ പ്രതിപക്ഷ നേതാവും ആയിരിക്കും എന്ന കാര്യത്തില്‍ ഒ അബ്ദുര്‍റഹ്മാന് യാതൊരു സംശയവുമില്ല. അത്രക്ക് ജനപിന്തുണയുള്ള പ്രസ്ഥാനമായി വെല്‍ഫയര്‍ പാര്‍ട്ടി മാറിക്കഴിഞ്ഞതിലുള്ള അസൂയയാണ് പിണറായി വിജയനെക്കൊണ്ട് ജമാഅത്തെ ഇസ്‌ലാമിയുടെ അടിയാധാരം പരതിപ്പിക്കുന്നത് എന്നാണ് നമ്മുടെ പ്രതിശ്രുത കാബിനറ്റ് മന്ത്രിയുടെ പരാതിയുടെ കാതല്‍. ഒരു പ്രസ്ഥാനം വളരാനും പന്തലിക്കാനും തീരുമാനിച്ചാല്‍ പൊതുജനം എന്തു ചെയ്യാനാണ്? അതില്‍ പിണറായി വിജയന്‍ അസൂയപ്പെട്ടിട്ട് എന്ത് കാര്യം?
ഏതാണ്ട് ഇതിന് സമാനമായ ഒരു ലേഖനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ഇതേ അബ്ദുര്‍റഹ്മാന്‍ എഴുതിയിരുന്നു. അതില്‍ മുസ്‌ലിം ലീഗിന്റെ വിജയകാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ ബോധപൂര്‍വം വളച്ചൊടിക്കുകയോ തമസ്‌കരിക്കുകയോ ചെയ്യുന്ന കാര്യങ്ങള്‍ എന്നു പറഞ്ഞുകൊണ്ട് ചില ഘടകങ്ങളെ എ ആര്‍ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ വട്ടപ്പൂജ്യമെന്ന് തെളിഞ്ഞ കടുത്ത യാഥാസ്ഥിതികരായ ജമാഅത്തെ ഇസ്‌ലാമി പിന്തുണ പ്രഖ്യാപിച്ചതു കാരണം കുറച്ചു വോട്ടുകള്‍ കിട്ടിയെങ്കിലും മറ്റിടങ്ങളില്‍ ഒട്ടേറെ വോട്ടുകള്‍ അത് നഷ്ടപ്പെടുത്തി എന്ന സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി എം ഉമ്മര്‍ മാസ്റ്ററുടെയും കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെയും പ്രസ്താവനകളെ ബോധപൂര്‍വം തമസ്‌കരിച്ചാണ് ഒ അബ്ദുര്‍റഹ്മാന്റെ ആ വിശകലനം മുന്നേറുന്നത്. “ബംഗാളില്‍ മുസ്‌ലിംകള്‍ കൈവിട്ടു, കേരളത്തില്‍ പിന്തുണച്ചു” എന്ന് പ്രകാശ് കാരാട്ട് പറഞ്ഞതായി മാധ്യമത്തില്‍(മാത്രം) വന്ന ഒരു വാര്‍ത്തയെ ആധാരമാക്കി കേരളത്തില്‍ സി പി എമ്മിനെ പിന്തുണച്ച ആ മുസ്‌ലിംകള്‍ ജമാഅത്തെ ഇസ്‌ലാമിക്കാരാണെന്ന് പറയുകയാണ് ലേഖനത്തില്‍ എ ആര്‍. പിന്തിരിപ്പന്‍ യാഥാസ്ഥിതിക മത പണ്ഡിത സംഘടനകളെ കൂടെക്കൂട്ടിയും എ പി സുന്നികളെ കൂടെ പിടിച്ചുനിര്‍ത്തിയും ആണ് ലീഗ് നേട്ടം കൊയ്തത് എന്നാണ് അതില്‍ യു ഡി എഫിന്റെ വിജയത്തെ എ ആര്‍ വിശദീകരിക്കുന്നത്. അങ്ങനെ മുസ്‌ലിം സംഘടനകളെ ചേര്‍ത്തി നിര്‍ത്തിയത് കാരണം ലീഗിന്റെ പുരോഗമന പ്രതിച്ഛായയും മതേതര മുഖവും നഷ്ടമായെന്നും പൊതുസമൂഹത്തില്‍ ലീഗ് പരിഹാസ്യമായിത്തീര്‍ന്നെന്നും ആ ലേഖനത്തിന്റെ അവസാന ഭാഗത്ത് ഒ അബ്ദുര്‍റഹ്മാന്‍ എഴുതുന്നു. മുസ്‌ലിം ലീഗിന് ഏറ്റവും ഭൂരിപക്ഷം കുറഞ്ഞത് ജമാഅത്ത് വിമര്‍ശകരായ കെ എം ഷാജിയുടെയും എം കെ മുനീറിന്റെയും മണ്ഡലങ്ങളിലാണെന്നും അദ്ദേഹം തുടരുന്നു.
2013ല്‍ അടുത്തൊരു ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ, എ ആര്‍ പഴയ സിദ്ധാന്തങ്ങള്‍ എല്ലാം ചാടിക്കടന്നു. മുസ്‌ലിം ലീഗ് ജയിച്ചത് സി പി എമ്മിന്റെ ജമാഅത്ത് വിമര്‍ശനം കൊണ്ടാണ് എന്നായി പുതിയ മദ്ഹബ്. ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ഭൂരിപക്ഷം കൂടാനും ലീഗ് ജയിക്കാതിരിക്കാനും ലീഗും സി പി എമ്മും ജമാഅത്ത് വിമര്‍ശം നിര്‍ത്തിക്കൊള്ളണമെന്നാണ് ജമാഅത്ത് നേതാവിന്റെ കട്ടായം. ലീഗ് ജയിക്കാനും സി പി എം തോല്‍ക്കാതിരിക്കാനും ജമാഅത്തെ ഇസ്‌ലാമിക്ക് നല്‍കാനുള്ളത് ഈ ഒരേ മരുന്നാണ്. ഈ പ്രസ്ഥാനത്തിന്റെ ഭാഗ്യം ഒന്ന് ആലോചിച്ച് നോക്കിയേ! കേരള രാഷ്ട്രീയം ഇപ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്നത് തന്നെ ഈ പ്രസ്ഥാനത്തിന്റെ നടുമുറ്റത്താണല്ലോ. അങ്ങനെയൊരു ഭാഗ്യം ലഭിച്ച മറ്റേതൊരു മതസംഘടനയുണ്ട് കേരളത്തില്‍? ഈ സ്ഥിതി തുടരുകയാണെങ്കില്‍ എന്‍ എസ് എസ് ആസ്ഥാനം ചങ്ങനാശ്ശേരിയില്‍ നിന്ന് ഉടനെ ചേന്നമംഗലൂരിലേക്ക് മാറ്റേണ്ടിവരും. അറിയാഞ്ഞിട്ട് ചോദിക്കുകയാണ്, ഈ അവസ്ഥക്കാണോ നമ്മുടെ സൈദ്ധാന്തികര്‍ ഹുകൂമത്തെ ഇലാഹി എന്ന് പറയുന്നത്?
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വിധ പ്രാദേശിക, ദേശീയ പ്രശ്‌നങ്ങളും അവഗണിച്ചുകൊണ്ട് പിണറായി വിജയന്‍ മഅ്ദനിയോട് വേദി പങ്കിട്ടതായിരുന്നല്ലോ കേരളത്തില്‍ തിരഞ്ഞെടുപ്പിന്റെ ഗതി തന്നെ നിശ്ചയിച്ച ഘടകം എന്നും ആ ലേഖനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു നിര്‍ണായക സന്ദര്‍ഭത്തില്‍ എ ആറിന്റെ പാര്‍ട്ടി പൊന്നാനിയില്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നു? ഏത് വേട്ടക്കാരന്റെ ഭാഷയായിരുന്നു പൊന്നാനിയില്‍ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ചത്? എന്നൊന്നും എ ആര്‍ സൗകര്യപൂര്‍വം പറയുന്നില്ല. കാരണം, അതൊക്കെ പറഞ്ഞാല്‍ തങ്ങളുടെ അസ്തിത്വ ദുഃഖത്തിന്റെ ശരിയായ പേര് മാലോകര്‍ക്ക് പിടികിട്ടിപ്പോകും. ഒരു “സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനം” കാന്തപുരംവിരുദ്ധ മുന്നണിയായി വളര്‍ന്നുപന്തലിക്കുന്നത് ഒരു കുറച്ചിലല്ലേ?
ഒ അബ്ദുര്‍റഹ്മാന്റെ 2011ലെയും 13ലെയും ലേഖനങ്ങള്‍ക്കിടയില്‍ ഉണ്ടായ പ്രധാനപ്പെട്ട ഒരു മാറ്റം ലീഗിന്റെ “കോട്ടക്കല്‍ കഷായ”ത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയ ജമാഅത്തെ ഇസ്‌ലാമിയെ കോഴിക്കോട്ടെ “വ്യക്തിനിയമ ബിരിയാണി”യില്‍ കൂട്ടുകൂട്ടി എന്നതാണ്. ജമാഅത്തെ ഇസ്‌ലാമി നേതൃത്വം ഈ കാര്യങ്ങള്‍ ഇപ്പോള്‍ അത്ര കണ്ട് ഇഷ്ടപ്പെടില്ല എന്നറിയാം. അതുകൊണ്ടാണ് മുസ്‌ലിം സമുദായത്തിനകത്തെ തീവ്രവാദ പ്രവണതകള്‍ക്കെതിരെ രൂപം കൊണ്ട കൂട്ടായ്മയെ “കോട്ടക്കല്‍ കഷായം” എന്ന് പരിഹസിച്ചയാള്‍ മുസ്‌ലിംകളെ അപഹാസ്യരാക്കിയ കോഴിക്കോട്ടെ കൂട്ടായ്മയെക്കുറിച്ച് “കോഴിക്കോടന്‍ ബിരിയാണി”യെന്ന് ലേഖനം എഴുതാത്തത്. “ഞങ്ങളുടെ ശക്തിയും സ്വാധീനവും പരിഗണിച്ച് ഞങ്ങളെ കൂടെ കൂട്ടിയാല്‍ തീരുന്നതാണ് ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും” എന്ന് സാരം.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരു സത്യം സി പി എം സെക്രട്ടറിയെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ലേഖനം അവസാനിപ്പിക്കുന്നത്. ആ സത്യത്തെ അബ്ദുര്‍ഹ്മാന്‍ ഏതാണ്ട് ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്: “കഴിഞ്ഞ പഞ്ചായത്ത്, നഗരസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അനവസരത്തിലും അകാരണമായും സി പി എം സെക്രട്ടറിയും പാര്‍ട്ടി വക്താക്കളും ജിഹ്വകളും ജമാഅത്തെ ഇസ്‌ലാമിക്കെതിരെ അഴിച്ചുവിട്ട ദുഷ്പ്രചാരണ കോലാഹലം വലുതായി ഗുണം ചെയ്തത് “ധനികരുടെ പാര്‍ട്ടിയെന്നും തീവ്രവര്‍ഗീയ ശക്തികളോട് സന്ധി ചെയ്തവരെന്നും” പിണറായി കുറ്റപ്പെടുത്തുന്ന മുസ്‌ലിം ലീഗിനാണ്.” ലേഖനത്തിന്റെ മര്‍മോദ്ദേശ്യം എന്താണെന്ന് ഈ മഹാ സത്യത്തില്‍ നിന്ന് വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ. ഇസ്‌ലാമിലെ ഇടതുപക്ഷം തങ്ങളാണെന്നും സി പി എം സമുദായവുമായി അടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് മുസ്‌ലിം സമുദായത്തിലെ സംഘടിത മതപുരോഹിത കൂട്ടായ്മയെ പരമാവധി സുഖിപ്പിച്ചുകൊണ്ടോ അത്തരം ഒരു കൂട്ടായ്മയെ പ്രതിനിധാനം ചെയ്യുന്ന ചരിത്ര പണ്ഡിതന്റെ പുസ്തകം ചര്‍ച്ചക്കെടുത്തുകൊണ്ടോ ആകരുതെന്നും ഇസ്‌ലാമുമായും മുസ്‌ലിംകളുമായും സംവദിക്കാന്‍ പിണറായി വിജയന്‍ ചേന്നമംഗല്ലൂര്‍ വഴി തന്നെ കോഴിക്കോട്ടെത്തണം എന്നും ഐ പി എച്ച് സാഹിത്യങ്ങള്‍ തന്നെ വായിക്കണം എന്നുമാണ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ മദ്ഹബ്.
ഏതാണ്ട് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് കഴിഞ്ഞ ദിവസം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പേരില്‍ ജമാഅത്ത് പ്രസിദ്ധീകരണമായ മാധ്യമം പത്രത്തിലും മീഡിയ വണ്‍ ചാനലിലും വന്ന തെറ്റായ വാര്‍ത്തയും. കേരള ശബ്ദത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞതായി അച്ചടിച്ചുവന്ന അഭിമുഖത്തെ തെറ്റായി ഉദ്ധരിച്ചുകൊണ്ട് ജമാഅത്ത് മാധ്യമങ്ങള്‍ പറഞ്ഞത് “കാന്തപുരം നരേന്ദ്ര മോഡിയെ പിന്തുണക്കുന്നു” എന്നാണ്. ഇന്ത്യയിലെ വലതുപക്ഷ ഹൈന്ദവ തീവ്രവാദത്തെക്കുറിച്ച് കാന്തപുരത്തിന്റെയോ അദ്ദേഹം നയിക്കുന്ന സംഘടനകളുടെയോ പ്രസിദ്ധീകരണങ്ങളുടെയോ നയനിലപാടുകള്‍ എന്താണെന്ന് സാമാന്യ ധാരണയുള്ള ഒരു എസ് ഐ ഒക്കാരന്‍ പോലും പറയാത്ത ആരോപണങ്ങളാണ്, മോഡിയുടെ മുഴു പേജ് പരസ്യം കൊടുക്കാന്‍ പേജ് സെറ്റ് ചെയ്തുവെക്കുകയും ഒടുവില്‍ അര്‍ധരാത്രി വെള്ളിമാട് കുന്നിലെ മാധ്യമം ഓഫീസിലെ രണ്ട് സബ് എഡിറ്റര്‍മാരുടെ കുത്തിയിരിപ്പ് സമരം കാരണം പിന്‍വലിക്കുകയും ചെയ്യേണ്ടിവന്ന, മോഡിയുടെ രാഷ്ട്രീയ ഗുരു ബാല്‍ താക്കറെ മരിച്ചപ്പോള്‍ ബാല്‍ താക്കറെ “സൗഹൃദപ്രിയന്‍” എന്ന് ലേഖനം എഴുതിയ മാധ്യമം പത്രവും സഹോദര സ്ഥാപനവും കാന്തപുരത്തിന് നേരെ ഉന്നയിച്ചിരിക്കുന്നത്. തെറ്റായ വാര്‍ത്ത കൊടുത്തതിന് പിന്നില്‍ ജമാഅത്തിനെ അസ്വസ്ഥമാക്കുന്ന വസ്തുത എന്താണെന്ന് “സമുദായവുമായി അടുക്കാന്‍ സി പി എം കേരളത്തിലെ മുസ്‌ലിം കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ത്ത പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ നിലപാട് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്” എന്ന് ജമാഅത്ത് പ്രവര്‍ത്തകന്‍ കൂടിയായ നജാതുല്ല എന്ന റിപ്പോര്‍ട്ടര്‍ നേരെ ചൊവ്വേ പറഞ്ഞതില്‍ നിന്നും മനസ്സിലാക്കിയെടുക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതി.
അസ്ഥാനത്തും അകാരണമായും ജമാഅത്തിനെ വിമര്‍ശിച്ചുകൊണ്ട് ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കാനാണ് പിണറായി വിജയന്റെ പുറപ്പാടെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നേരില്‍ കാണാം എന്ന ഭീഷണിയോടെയാണ് അബ്ദുര്‍റഹ്മാന്റെ ലേഖനം അവസാനിക്കുന്നത്. ഇത് വായിച്ചപ്പോള്‍ തോന്നിയത്, പണ്ട് തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന എക്‌സ്പ്രസ് പത്രത്തിലെ ഒരു എഡിറ്റോറിയലാണ്. അമേരിക്കയുടെ തെറ്റായ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ടെഴുതിയ ആ എഡിറ്റോറിയല്‍ അവസാനിക്കുന്നതിങ്ങനെയാണ്: ഇനിയും തെറ്റായ നയനിലപാടുകള്‍ തുടരാനാണ് അമേരിക്കയുടെ ഭാവമെങ്കില്‍ ഞങ്ങള്‍ക്ക് അമേരിക്കയെ ശക്തമായി അപലപിക്കേണ്ടിവരും.!! ഏതാണ്ട് ആ അപലപിക്കലിനോളം വരും ഗ്രൂപ്പ് എഡിറ്ററുടെ ഭീഷണി.