Connect with us

National

ഇശ്‌റത്ത് ജഹാന്‍ കേസ്: അമിത് ഷായെ ചോദ്യം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ സി ബി ഐ ചോദ്യം ചെയ്തു. അക്കാലയളവില്‍ എല്ലാ പോലീസ് നടപടികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിച്ചിരുന്നുവെന്ന കേസില്‍ കുറ്റാരോപിതനായ ഐ പി എസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഷായെ ചോദ്യം ചെയ്തത്.
എല്ലാ പോലീസ് നടപടികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹനവും മാര്‍ഗനിര്‍ദേശവും നല്‍കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തുവെന്ന് ഐ പി എസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാര തന്റെ രാജിക്കത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇശ്‌റത് കേസില്‍ വന്‍സാര ജയിലിലാണ്. അന്ന് ആഭ്യന്തര സഹമന്ത്രിയായിരുന്നു അമിത് ഷാ. ചോദ്യം ചെയ്യലിനെ സംബന്ധിച്ച് സി ബി ഐ വൃത്തങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
രാജിക്കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി സബര്‍മതി ജയിലില്‍ വെച്ച് സി ബി ഐ നടത്തിയ ചോദ്യം ചെയ്യലില്‍ വന്‍സാര പറഞ്ഞിട്ടുണ്ട്. തീവ്രവാദം സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ നയം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും ഉപകരണങ്ങള്‍ എന്ന നിലക്കാണ് ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടല്‍ കൊലക്കേസുകളില്‍ കുടുങ്ങിയതെന്നും വന്‍സാര തുറന്നടിച്ചിരുന്നു. സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചന സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സി ബി ഐ അറിയിച്ചു. ഇശ്‌റത് കേസിന് പുറമെ സുഹ്‌റാബുദ്ദീന്‍ ശൈഖ്, തുള്‍സിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലും അമിത് ഷാ കുറ്റാരോപിതനാണ്. ഷായെ 2010 ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു.

Latest